ഭയവും ആശങ്കയും

തിരകളെ നാം ഭയക്കുന്നതെന്തിനായ് ?
ഇടികളെ നാം ഭയക്കുന്നതെന്തിനായ് ?

ഗിരിനിരകളിടിഞ്ഞു മഞ്ഞിന്‍ നദി
ഉരുകിയാര്‍ത്തലച്ചലറി വന്നീടവേ
തിരുമലകള്‍ ലാവാഗ്നിയില്‍ ഉരുകുന്ന
അയിരുപോല്‍ ഒലിച്ചാര്‍ത്തു വന്നീടവേ
ഭയമെഴാതെ കഴിയാന്‍ കഴിയേണ്ട -
യോ? അതു കഴിയാ മനുഷ്യന്‍ പ്രകൃതി
തന്നധിപനാകുന്നതെങ്ങനെ ചൊല്ലുക!

'പ്രകൃതി ഒക്കെയും കീഴടക്കി ഇനി
ഇതരലോകങ്ങളില്‍ കടന്നീടണം'
ഇതുവിധം വീമ്പുപറയും മനുജനോ
ഇടിയും മിന്നലും കാണ്‍കേ വിരളുന്നു!
ഒരുകണിക ജലം വീണു മുറ്റമൊ-
ന്നൊഴുകിയാലവന്‍ വേപഥു ഗാത്രനാം
പരിഭവങ്ങളായ് 'വെള്ളം നിറഞ്ഞെന്‍റെ
ഭവനമെല്ലാം തകരുന്നു ദൈവമേ!'

കഠിന ഉഷ്ണം കടന്നുവന്നാലവന്‍
പിറുപിറുക്കുന്നു 'ഹോ എന്തു ചൂടിത്!'
പണിയെടുക്കാന്‍ വിധിച്ചവന്‍ ജീവിതം
സുഖദ ശീതളമാക്കാന്‍ കിതയ്ക്കുന്നു!

പ്രകൃതിയല്ലോ അനന്തം പ്രകൃതിയെ
മെരുകി ജീവിതം ധന്യമാക്കേണ്ടയോ?
അരുതു വെല്ലുവിളിയ്ക്കായ്ക ഭൂവിനെ
തകരുമേ നിന്‍റെ സങ്കല്പ ശാസ്ത്രങ്ങള്‍ !

കഠിനമല്ലടോ ശാസ്ത്രം പ്രകൃതിതന്‍
സരളസത്യങ്ങള്‍ ശാസ്ത്രം പഠിക്കെടോ !
സരളസത്യങ്ങള്‍ ഒന്നും പഠിക്കാതെ
കിതകിതച്ചിതാ ഓടുന്ന മാനുഷന്‍ !
കുഴിയില്‍ വീഴുന്നു, നേടിയതും വൃഥാ
പുതുതായൊന്നുമേ നേടിയുമില്ലഹോ

പരമസത്യമാം ശാസ്ത്രത്തെ ബലിക -
ഴിച്ചറിവില്ലാത്തവര്‍ പണമരം കായ്ക്കുവാന്‍
അറിവു വില്‍ക്കുന്നു ! ടെക്നോളജിയത് !
അറിവിനെസമം പണമായി കാണുന്നു !
അറിവ് വില്‍ക്കുവാന്‍ കെട്ടിടം കെട്ടുന്നു !

പരമശാസ്ത്രത്തെ വെല്ലുന്ന തന്ത്രങ്ങള്‍
പെരുമയാര്‍ന്ന പരസ്യങ്ങളായ് നവ
അറിവ് നല്‍കുന്ന ടെക്നോളജികളായ്
അവതരിക്കുന്നു; പുത്തന്‍ തലമുറ
അറിവില്ലാതതില്‍ അഭിരമിച്ചീടുന്നു !

ഇടിയെ കാണുമ്പോള്‍ മിന്നല്‍വിടരുമ്പോള്‍
കടലിരമ്പുമ്പോള്‍ കോട്ടകള്‍ വീഴുമ്പോള്‍
മരണത്തീമഴ ചൊരിയും ബോംബുകള്‍
നരവംശത്തെ മുടിച്ചു മുന്നേറുമ്പോള്‍

എവിടെ നിങ്ങള്‍തന്‍ ടെക്നോളജികളും
എവിടെ ജോലികള്‍ ! ആര്‍ഭാടജീവിതം !
എവിടെ ബാങ്കുകള്‍ ! ഭോജനശാലകള്‍ !
സകലതും കത്തിയമരുന്നിതഗ്നിയില്‍ !

ഇത് നിരാസമാണമ്മ ശാസ്ത്രത്തിന്‍റെ ;
പുതിയ ടെക്നോളജിതന്‍ വിജയവും !
കരുതിവയ്ക്കു അറിവിനെ മാനവ -
കുലമതിന്‍ ദീര്‍ഘദീര്‍ഘമാം യാത്രയില്‍

ഒരു സഹായിയായ് അമ്മയായ് രക്ഷക -
കവചമായി മഹാജീവപര്‍വങ്ങ -
ളമരും തീവ്രസമസ്യകടക്കുവാന്‍ .

[മനോരമ ആഴ്ചപ്പതിപ്പ് 2013 ഫെബ്രുവരി ആദ്യവാരം പ്രസിദ്ധീകരിച്ചത്]

അനാഥപ്രേതം









അര്‍ഥമില്ലാത്ത കാര്യ-
ങ്ങള്‍ക്കര്‍ഥം കല്‍പ്പിപ്പിച്ചു നല്‍കിയോര്‍
അര്‍ത്ഥിയായ് വന്നവര്‍ക്കെല്ലാം
ആട്ടും തുപ്പും കൊടുത്തവര്‍
ആളും അര്‍ത്ഥവും കൂട്ടി
നാട്ടുകൂട്ടം ഭരിച്ചവര്‍
നാല്‍ക്കവലയില്‍പ്പോലും
നാട്ടുകാരെ ശപിച്ചവര്‍
        പൊന്നും പണവും പെണ്ണും
        മധുവും നാട്ടുഭൂമിയും
        സ്വന്തമെന്നു കരുതിയോര്‍
        കയ്യാങ്കളിക്കു മുതിര്‍ന്നവര്‍
        ചെയ്ത് കൂട്ടിയ പാപങ്ങള്‍
        പുണ്യമായി ഗണിച്ചവര്‍
പുണ്ണ് കായ്ച്ച ശരീരത്തില്‍
എണ്ണയിട്ടൊരു പെണ്ണിനെ
വെണ്ണപോല്‍ നക്കിത്തോര്‍ത്തി
ഭൗതികം തിന്നു തീര്‍ത്തവര്‍
അവര്‍ തന്‍ വേഷം കണ്ടാല്‍
അറിയാന്‍ കഴിഞ്ഞതും
അവര്‍ തന്‍ ശബ്ദം കേട്ടാല്‍
തിരിയാന്‍ കഴിഞ്ഞതും
പഴമക്കഥയായ് പോയോ
അവര്‍ ഇന്നെവിടെയാണാവോ?
        തിരക്കിതിരക്കി നാം
        കാടും മേടും കയറവേ
        അവരെ കാണാനില്ല ,
        പകരം കണി കാണുന്നു
        പാന്‍റുണ്ട് കോട്ടുമുണ്ടല്ലോ ;
        വിദേശ കൗപീനവും
        കഴുത്തിന്‍ താഴെ പരദേശി
        ശിരസ്സയ്യോ നാടനാണല്ലോ !

നാറികള്‍

[കലാകൗമുദി 2013 ജനുവരി അവസാന വാരം പ്രസിദ്ധീകരിച്ച കവിത]
------------------------------------------------------------------------------------------------------------
ശ്ലീലമല്ലാത്തതശ്ലീലമല്ലോ
കേവലമതു ലിംഗമല്ലല്ലോ !
ലിംഗബന്ധം ഭാര്യഭര്‍തൃബന്ധം
അതു ശ്ലീലമല്ലെന്നു ചൊല്ലുവാനാവോ?
മര്‍ത്ത്യകുലത്തിന്‍ തുടര്‍ച്ച
ലിംഗബന്ധം തന്നെയല്ലോ !

എന്തിനായ് നിങ്ങള്‍ ശിവലിംഗപൂജയില്‍
കണ്ണിമയ്ക്കാതെ ശിവരാത്രി നോക്കണം !
സ്ത്രീകളല്ലോ ശിവരാത്രി നോക്കുന്നു
സ്ത്രീകളല്ലോ ലിംഗപൂജ നടത്തുന്നതും
തന്‍റെ ലിംഗം തൂക്കി രാത്രിയില്‍
മുണ്ടിച്ചു തന്‍ തലമുടി, പ്രമാണി

വേലിക്കെട്ടു തള്ളിത്തുറന്നു
ചെറുമിയെ പ്രാപിച്ചു തന്‍ബലം
ക്രുദ്ധനായ് പാവം ചെറുമിതന്‍
കന്നിനെഞ്ചില്‍ കേറ്റി വച്ചങ്ങു കാമിച്ചു
തന്തയില്ലാത്ത പിള്ളരെ സമര്‍പ്പിച്ച
തന്തമാര്‍ കാട്ടിയതശ്ലീലമല്ലയോ?

തന്തയെ നല്‍കും പ്രമാണിമാര്‍
സൃഷ്ടിച്ച ലിംഗകഥകള്‍
അശ്ലീലമായ് വാഴവേ
ഇന്നും പ്രമാണിമാര്‍ അശ്ലീല-
മെന്തെന്നു നമ്മോടു കല്‍പിച്ചു
നില്‍ക്കുന്ന വേളയില്‍

പോയി പണി നോക്കു ലിംഗവിദഗ്ദ്ധരേ !
നാറുന്ന നിങ്ങള്‍ തന്‍ ലിംഗത്തെ മൂടുക !
നാറുന്ന നിന്‍റെ ചരിത്രത്തെ മൂടുക  !
നാറികള്‍ നിങ്ങള്‍ പ്രപഞ്ചസത്യങ്ങളെ
പാടേ മറന്നവര്‍ കോമാളി നായകര്‍  

ഉണ്ണീ മകനേ മനോഹരാ !

[കവിതാ സമാഹാരം: ജി.സുധാകരന്‍ എഴുതിയ കവിതകളില്‍ നിന്നും തെരഞ്ഞെടുത്ത 15 കവിതകളാണ് ഈ സമാഹാരത്തിലുള്ളത് . പ്രഭാത് ബുക്ക്‌ ഹൗസ് ഡിസംബര്‍ 2010-ല്‍ പ്രസിദ്ധീകരിച്ചത്]
------------------------------------------------------------------------------------------------------------
"....... ജി.സുധാകരന്‍ രാഷ്ട്രീയരംഗത്തെ മണിവിളക്കാണ്.  തെറ്റായ പ്രവണതകള്‍ എവിടെ കണ്ടാലും അദ്ദേഹം രൂക്ഷമായി പ്രതികരിക്കും. ഇരുട്ടിന്‍റെ ശക്തികള്‍ക്കെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്നതിനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധതയാണ് കേരളത്തിലെ സാധാരണക്കാരുടെ പ്രിയങ്കരനായി അദ്ദേഹത്തെ മാറ്റിയത്. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത തുറന്ന സമീപനം സ്വീകരിക്കുന്ന സുധാകരന്‍ സാര്‍, എനിക്ക് വളരെ പ്രിയപ്പെട്ട നേതാവാണ്‌ . അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ പ്രത്യേകതയാണ് സ്വതസിദ്ധമായ പരുക്കന്‍ ഭാവത്തോട് കൂടിയ, പുറംതോടിനുള്ളിലെ  തുമ്പപ്പൂവിന്‍റെ വിശുദ്ധിയും മഞ്ഞുതുള്ളിയുടെ നൈര്‍മല്യവുമുള്ള മനസ്സ്. ആ മനസ്സാണ് ഈ കവിതാസമാഹാരത്തിന്‍റെ പിന്നിലുള്ള സര്‍ഗ്ഗശക്തിയുടെ ഉറവിടം."
- പത്മശ്രീ ജയറാം 
------------------------------------------------------------------------------------------------------------
ഉണ്ണീ മകനേ മനോഹരാ
നീ എങ്ങുപോയെങ്ങുപോയുണ്ണീ ?
നിന്നെ തിരയുന്നു താതന്‍
ഭൂമിയിലെല്ലാ സുഗമ്യ സുഷിര
അഗമ്യ തലത്തിലും
കണ്ടു കിട്ടാതലയുന്നു താതന്‍ !
നിന്നെ വിളിക്കുന്നു മാതാവു 
കേള്‍ക്കുവാനാകാതെയുണ്ണീ  
മകനേ എവിടെയാണെങ്ങു നീ ?
അമ്മതന്നുമ്മ പറക്കുന്നു
നിന്‍ കവിള്‍ ലക്ഷ്യമായ് !
ആകാശഗംഗയിലില്ലാ
ആഴത്തടങ്ങളിലില്ല
അത്യുത്തരസ്യാം ദിശി
ദേവതാത്മാ
വര്‍ത്തിച്ചിടും
ഹിമനാമാങ്കിതാദ്രിയിലില്ലാ 
സ്വര്‍ഗത്തിലാണോ മകനേ ?
നിന്നമ്മ തന്നുമ്മ തിരയുന്നു നിന്നെ 
നിന്‍ കവിളില്‍ വന്നു ചേരാന്‍ 
ചക്കരയുമ്മ പകരാന്‍ 
അമ്മതന്‍ ദുഃഖം
ചരിത്രത്തിലെന്നും
സ്വര്‍ണാക്ഷരങ്ങളില്‍ മിന്നുന്ന
കത്തും കദനമതല്ലോ !
പെണ്ണായ് പിറന്നവള്‍ സൃഷ്ടിതന്‍
ജന്മാവകാശം പതിച്ചു ലഭിച്ചവള്‍
വേദന ആനന്ദ മൂര്‍ച്ഛയായ്
ആസ്വദിച്ചാനന്ദ ഭൈരവി
ശബ്ദരഹിതയായാലപിക്കുന്നവള്‍ 
അമ്മ !
വേദന എന്നും സഹിക്കണോ ?
സ്നേഹധാരക്കവള്‍ക്കര്‍ഹതയില്ലയോ ?
അമ്മതന്നുമ്മ പറക്കുന്നു
ആകാശവീഥികള്‍ താണ്ടിയും
സാഗരവീഥികള്‍ മീതയും
കാനനവ്യൂഹങ്ങള്‍ പിന്നിട്ടു
തീമഴപെയ്യും മരുഭൂമികള്‍ തോറും
വേദനയോടു തിരയുന്നു നിന്നെ
എന്നുണ്ണീ ! നിന്നമ്മ തന്നുമ്മയും പൊള്ളുന്നു  
നീവരൂ നീ വരു നിന്നൊളി 
സങ്കേത വേദിയില്‍ നിന്നും 
സ്വീകരിച്ചാലുമീയുമ്മ ,
നിന്നമ്മതന്നുമ്മ !
സ്നേഹ വിശ്വാസ സമാശ്ലേഷ 
ലോകത്തിലേക്ക്‌ നീ എത്തുക ,
എത്തുക കണ്മണീ !

വര്‍ത്തമാനത്തോടും ഭാവിയോടും

നീ തുറക്കു നിന്‍റെ രാമായണം
മഹാഭാരതം ശ്രീകൃഷ്ണ ലീലകള്‍  !
നീ കുടിക്കൂ ജ്ഞാനപ്പാനകള്‍
നിത്യ നിഷത്തിനറിവുകള്‍!!  !
ക്രിസ്തുവിന്‍ കുന്നിലെ നിത്യപ്രഭാഷണം
കര്‍ത്താവു കൂര്‍ത്ത കുരിശില്‍ കിടന്നെങ്കിലും !
ബുദ്ധഗയയിലെ ശാന്തി സന്ദേശങ്ങള്‍
തൊട്ടുകൂടാത്തോര്‍ക്കമൃത നിഷന്ദികള്‍ !
പുസ്തകം ദൈവമെന്നോതും ഗുരുവിനെ
രക്തവാളാല്‍ ത്ധണ    ത്ധഞ്ചണം
സേവിക്കും നിത്യ ധൈര്യത്തിന്‍
പ്രതീകങ്ങള്‍ നാട്ടിലെ
മറ്റുമതങ്ങളില്‍ അന്യരായ് തീര്‍ന്നുവോ!
അക്ഷരം നോക്കൂ തലകുനിക്കു
വിശ്വവിജ്ഞാന ശക്തിയെ !
എന്നുരച്ചും സ്വത്തിന്‍ മുകളിലിരുന്നു
മദിക്കുന്ന വര്‍ത്തക കൂട്ടരേ താഴെ വരൂ!
കാല്‍ ചവിട്ടൂ പുണ്യഭൂമിയില്‍
നിങ്ങള്‍ തന്‍ ധാന്യങ്ങള്‍
സ്വര്‍ണ്ണങ്ങള്‍ വസ്ത്രവിഭൂഷകള്‍
വാരി വിതറൂ മനുഷ്യവംശത്തിലെ
തീരാ ദുരിതര്‍ക്കു നിസ്വര്‍ക്കു മോദമായ്!
എന്നരുളും മഹാ പുണ്യപ്രവാചകന്‍

മണ്ണില്‍ മണലിന്‍റെ കാട്ടില്‍
തിളങ്ങുന്ന പൊള്ളുന്ന
പ്രാപഞ്ചികത്തിന്‍ വിധികൊണ്ടു
തുള്ളുന്ന മാനവര്‍ക്കായി
കുളിര്‍ മഴ പെയ്തുവേന്‍
സന്തോഷ സന്താപ സാഗരം നീന്തിക്കടക്കുവാന്‍
ചൊല്ലിയേന്‍ തീരാമൊഴികളനവധി!
വെട്ടുകൊണ്ടും വെടികൊണ്ടും!
തകരാത്ത നിത്യവിശ്വാസ മഹാ ലോക സൃഷ്ടികള്‍ !
വാരി വിതറി മഹാലോക വേദിയില്‍
നാളുകള്‍ പോകിലും മിന്നിനില്‍ക്കുന്നവ!
എല്ലാ മഹത്വവും ഒന്നിലാവാഹിച്ചു
മന്നില്‍ വിയര്‍പ്പാണു സൃഷ്ടിയെന്നോതിയോന്‍
താടിവച്ചാ നവ ധീര പ്രവാചകന്‍
മാനിഫെസ്റ്റോയില്‍= കരളാലെഴുതിയേന്‍ !
ആ സൃഷ്ടികര്‍ത്താവു പാവം പണിക്കാരന്‍
ആയുള്ളവന്‍റെ യുഗങ്ങള്‍ വരുന്നിതാ...
കാലമതിനായി കാത്തുസൂക്ഷിച്ചൊരാ
ജ്ഞാന കര്‍മ്മങ്ങള്‍ വിളയുന്ന നാളുകള്‍ !
നീളെ വരട്ടെ നവനന്മ പുണ്യങ്ങള്‍
നീളത്തില്‍ മൊട്ടിട്ടു നില്‍ക്കട്ടെ പാരിതില്‍ !
നാറും വിയര്‍പ്പെന്നു ചൊല്ലി ശപിച്ചൊരാ
നീരിനു നല്ല സുഗന്ധം! ആലപിച്ചീടട്ടെ ഗായകര്‍
മാനവര്‍ നൃത്തമാടട്ടെ തീരട്ടെ യുദ്ധങ്ങള്‍
കൊള്ളകള്‍ ഈ കൊലപാതക മേളകള്‍
ഓം! ശാന്തി ശാന്തി എന്നോതട്ടെ
പാവം ഹൃദയം നരഹൃദയം സഖേ!

ഇന്ത്യയെ കണ്ടെത്തല്‍

നെഹ്‌റു കണ്ടെത്തി ഇന്ത്യയെ
വൈവിധ്യമൊടുവില്‍ ഏകമായ് ഒന്നായ്
ലയിച്ചൊരു മഹിതസംസ്കൃതി
രാഷ്ട്രമീമാംസ തന്‍
കവിതയായിട്ടൊഴുകുന്നൊരിന്ത്യയായ്!

സമതലങ്ങളില്‍ വിളയുന്ന കാര്‍ഷിക
ഹരിതസംസ്കാര ഫലമൂലസംസ്കൃതി

കടലിനുള്ളില്‍ വിളയുന്ന പൊന്‍പവന്‍
വിലമതിക്കുന്ന മത്സ്യസമ്പത്തുകള്‍!

കടല്‍ കരകള്‍തന്‍ വീഥിയില്‍വിളയുന്ന
കരിമണല്‍ സമം ലോകോര്‍ജശേഖരം.

മലനിരകളില്‍ തിങ്ങിവിങ്ങുന്നൊരാ
കറുകറാ കറും കമനീയ കനകവും

ഇലകള്‍ തന്‍ തണല്‍ വിളയുന്ന ഏലവും
കറുകയും ഹരമേകുന്നൊരിഞ്ചിയും

വയനാടന്‍ മഞ്ഞള്‍ കശ്മീരിയാപ്പിളും
വനരാജ്യങ്ങളില്‍ വിളയും തേക്കും
അങ്ങതുപോലായിരം തടിയും പാറയും

ഹരിസുഗന്ധ മനോഹരചന്ദനം
ഹിമതടങ്ങളില്‍ ദേവതാരുക്കളും
കൊലിയസുന്ദരി ചീനാര്‍മരങ്ങളും
പലവിധം ഫലവര്‍ഗ്ഗ സസ്യങ്ങളും

ശബ്ദം ഉണ്ടായത്

(ആദിയില്‍ വചനമുണ്ടായിരുന്നു) 
[ശ്രീ.കെ.എ.ഫ്രാന്‍സിസ് എഴുതി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസാധനം ചെയ്ത 'ഓം' എന്ന പുസ്തകത്തിനെഴുതിയ ആമുഖം]

ശബ്ദത്തിന്‍റെ ഉല്‍പ്പത്തി, അതിന്‍റെ രൂപാന്തരീകരണം എന്നീ വിഷയങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന കൃതിയാണ് ശ്രീ.കെ.എ.ഫ്രാന്‍സിസിന്‍റെ 'ഓം' എന്ന ഗ്രന്ഥം. ഓം എന്ന ശബ്ദത്തിന്‍റെ  വ്യത്യസ്ത രീതിയിലുള്ള പഠനമാണ് ഇതില്‍ അദ്ദേഹം നിര്‍വ്വഹിച്ചിരിക്കുന്നത്. "എല്ലാ ശബ്ദങ്ങളുടെയും പ്രതിധ്വനികളുടെയും ആദ്യ സ്വരം ഓം ആണ്" എന്ന് സ്ഥാപിക്കാന്‍ അനവധി

ദൃഷ്ടാന്തങ്ങള്‍, രേഖാ ചിത്രങ്ങള്‍, അനുമാനങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ അദ്ദേഹം ഫലപ്രദമായി ഉപയോഗിക്കുന്നു. ശബ്ദത്തിന്‍റെ ശക്തിയെ 'സ്ഫോടന സിദ്ധാന്തത്തിലൂടെ ഇതില്‍ വ്യക്തമാക്കുന്നു. മദ്ധ്യസ്ഥായിയിലുള്ളത്, കീഴ്സ്ഥായിയിലുള്ളത് എന്നിങ്ങനെ രണ്ടു സ്വരങ്ങള്‍ മാത്രമായിരുന്നു ആദ്യകാലത്ത്‌ സംഗീതത്തിനുണ്ടായിരുന്നത്. ഒരു സെക്കന്‍ഡില്‍ മുപ്പതു പ്രകമ്പനങ്ങളെങ്കിലും ഉണ്ടായാലെ ശബ്ദം കേള്‍ക്കാനാവൂ. അത് ഇരുപതിനായിരത്തില്‍ കൂടുതല്‍ ആയാല്‍ ശബ്ദം കേള്‍ക്കുകയേയില്ല. കേള്‍ക്കാവുന്ന ശബ്ദത്തിന് 'ആഹത'യെന്നും കേള്‍ക്കാന്‍  പാടില്ലാത്ത ശബ്ദത്തിന് 'അനാഹത'യെന്നും പറയുന്നു. ആഹതയെത്തന്നെ സ്ഫോടം, നാദം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. നാദത്തില്‍ 'ന' പ്രാണവായുവും 'ദം' അഗ്നിയുമാണ്. നാദത്തിന് അഞ്ചു ഘട്ടമുണ്ട്. നാഭിയില്‍ നിന്നും പുറപ്പെടുന്നത് 'അതിസൂക്ഷ്മം'. ഉരപഞ്ജരത്തില്‍നിന്നും വരുന്നത് 'സൂക്ഷ്മം', കണ്oത്തില്‍ നിന്നും പുറപ്പെടുന്നത് 'പൂര്‍ണനാദം'. ശിരസ്സില്‍ നിന്നും നിര്‍ഗ്ഗളിക്കുന്നത് 'അപൂര്‍ണനാദം', വികൃതമാക്കപ്പെട്ട ശബ്ദത്തിന് 'കൃത്രിമം' എന്നിങ്ങനെ വിഭജിക്കാം. ഇതിനെ മന്ത്ര, മധ്യാതാരനാദങ്ങള്‍ എന്നും വിശേഷിപ്പിക്കാം. പാശ്ചാത്യര്‍ക്കും ശബ്ദം സ്ഫോടം തന്നെയാണ്. ഫൊണെറ്റിക്സ് എന്ന ആശയത്തിന് ശാസ്ത്രീയ പിന്‍ബലം നല്‍കിയാണ്‌ അവര്‍ അവതരിപ്പിക്കുന്നത്.

ആധ്യാത്മികജ്ഞാനം എന്നത് ആശയമണ്ഡലത്തില്‍നിന്നു വികസിച്ചുവന്ന അറിവിന്‍റെകേന്ദ്രമാണ്. വസ്തുജ്ഞാനത്തിലൂടെ ലഭിക്കുന്ന അറിവിനപ്പുറം അതീന്ദ്രിയതയുടെ വിശാലഭൂമികയില്‍നിന്നുമാണ് അത് ജനിക്കുന്നത്. ആശയത്തിന് സ്വതന്ത്രമായ നിലനില്‍പ്പില്ലെന്നും അതിന് പ്രപഞ്ചവുമായി ചില കാര്യകാരണബന്ധങ്ങള്‍  ഉണ്ടെന്നുമുള്ള പ്രത്യയശാസ്ത്ര നിര്‍മ്മിതിയില്‍നിന്നു തികച്ചും ഭിന്നമാണ്‌ 'ഓം' എന്ന കൃതിയില്‍ പ്രതിപാദിക്കുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തുന്ന പ്രത്യയ ശാസ്ത്രം. കാല്പനികതയുടെ നനവുകളില്‍ കിളിര്‍ത്തു വന്ന ആശയങ്ങള്‍ക്ക് പ്രത്യക്ഷ രൂപം നല്‍കി ശാസ്ത്രീയതയുടെ ബലത്തില്‍ പരിശോധിക്കുകയാണ് മിക്ക ആത്മീയ നവീകരണ പ്രസ്ഥാനങ്ങളും ചെയ്യുന്നത്.സര്‍വ്വ പ്രപഞ്ചത്തിത്തിനും മൂലാധാരം ഈശ്വരനാണ് എന്ന ആത്മവാദികളുനിഗമനം ഇതിനു തെളിവാണ്. "പ്രപഞ്ചത്തിനു കാരണനായും അശരീരനായും കഴിവില്ലാത്തവനായും
വേദാന്ത വേദ്യനാകയാല്‍ സത്തെന്നും ബാഹ്യേന്ദ്രിയങ്ങളാല്‍ അവേദ്യനാകകൊണ്ട് അസത്തെന്നും പറയുന്ന സ്വഭാവത്തോട് കൂടിയിരിക്കുന്ന ആ പരമാത്മാവ്‌ ആദ്യം സൃഷ്ടിച്ച ജീവനെ ബ്രഹ്മാവെന്നു പറയുന്നു." മനു സ്മൃതിയില്‍ (ഭൃഗ സംഹിത) പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി വികാസ പരിണാമങ്ങള്‍ ഇങ്ങനെ വിശദമായി വര്‍ണിക്കുന്നു. ഉപനിഷത്തുക്കളില്‍ കണികകള്‍ വരെയുള്ള പദാര്‍ഥങ്ങളെ ആത്മജ്ഞാനപരമായി വിവരിക്കുന്നു.ഇതെല്ലാം ആധാരമാക്കുന്നത് വിശ്വാസം എന്ന ശക്തമായ അടിത്തറയെയാണ്.

വഴിമാറുക വയ്യ

(കലാകൗമുദി 2012 ആഗസ്തില്‍ പ്രസിദ്ധീകരിച്ചത്)
കാലിലെ നീരും തണ്ടും
                മാറ്റുവാന്‍ ആയുര്‍വേദ-
ശാലയില്‍ ചികിത്സയ്ക്കായ്
                ഞാന്‍ കിടന്നൊരാനാള്‍കള്‍
ചാരത്തൂടൊഴുകുന്ന
                രാജവീഥിയില്‍ ഘന-
വാഹന ശതവ്യൂഹം
                ആരവം മുഴക്കവേ
ഹൃദയം നടുങ്ങുമാ-
                റുള്ളോരാരവം   എന്‍റെ
തലതന്‍ പെരുവഴി-
                യ്ക്കുള്ളിലായ് മുഴങ്ങവേ
ഹൃദയം നടുക്കുന്ന
                ശബ്ദമോ അതോ ചാരെ
നഗരത്തിരക്കിലെ
                ഘോഷമോ എനിക്കിന്നു
കഠിനം! ചൊല്ലാനാവാ-
                തുഴറുന്നു ഞാന്‍ രോഗ
ശയ്യയില്‍ കിടന്നോളാം!

തടവും തിരുമ്മലും
                കിഴിയും പിഴിച്ചിലും
ഇടവിട്ടിടവിട്ടു
                വസ്തിയും കഷായവും
പരമവിദ്വാന്‍  വൈദ്യര്‍
                തന്നുടെ ശുശ്രൂഷയും
ഇടയില്‍ കലര്‍ന്നങ്ങു
                നീങ്ങവേ ശരീരത്തിന്‍
തടിയും തണ്ടും തേഞ്ഞു
                തേഞ്ഞു തേഞ്ഞിരിക്കലും
മനസ്സേ വിറയാര്‍ന്നു
                നീ ചലിക്കുവതെന്തേ
ഇരുളും വിഷാദത്തിന്‍
                കാളിമ പരക്കുന്നോ?
ഉടയാ വിശ്വാസങ്ങള്‍
                പൂത്തുകായ്ച്ചൊരു മരം
ഉയരത്തിലായ് നിന്നു
                കാക്കുന്നു എന്നെ അതിന്‍
തണലിന്‍ കുടക്കീഴില്‍

മാര്‍ക്സിസം-മതത്തെ-നിരാകരിക്കുന്നില്ല-
(ഭാഷാപോഷിണി മാര്‍ച്ച്‌ 2010 ല്‍ പ്രസിദ്ധീകരിച്ചത്)
  
മതം ഒരു സാമൂഹ്യ സ്ഥാപനമാണ്‌. ഭൗതിക ജീവിതത്തിലെ പ്രയാസങ്ങളെയും ദുരിതങ്ങളേയും മറക്കുന്നതിനുള്ള സിദ്ധൗഷധമായിട്ടാണ് പ്രായോഗികമായി മതത്തെ കണ്ടിരുന്നത്.മതത്തിന്‍റെ കഴിവിനെ മാര്‍ക്സ് ശ്ലാഘിക്കുകയാണുണ്ടായത്.മനുഷ്യന്‍റെ പ്രയാസങ്ങളെ വിസ്മരിക്കുന്നതിനുള്ള ദിവ്യൗഷധം എന്ന തരത്തില്‍ വേദനിക്കുന്ന ലോകത്തിന്  ഒരു ആശ്വാസം എന്നാ നിലയിലാണ് മതത്തെ കാണുന്നത്. ആത്മാവ് നഷ്ടപ്പെട്ട ജീവിതത്തിന്‍റെ ആത്മാവാണ് മതം. വിശ്വാസത്തിന്‍റെ കാഠിന്യവും ആഴവും ഗഹനതയും സൂചിപ്പിക്കാനാണ് "മനുഷ്യനെ മയക്കുന്ന കറുപ്പ്" എന്ന് മാര്‍ക്സ് മതത്തെ വിശേഷിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയുടെ കരട് തയ്യാറാക്കുമ്പോള്‍ ഏoഗല്‍സ് അതില്‍ ആദിമ ക്രിസ്റ്റ്യാനിറ്റി സോഷ്യലിസത്തിന്‍റെ ആദിരൂപമാണെന്നാണ് പറഞ്ഞിരിക്കുന്നത്. ആദിമ ക്രിസ്ത്യാനി യഥാര്‍ഥത്തില്‍ വര്‍ഗരഹിതവും ചൂഷണരഹിതവുമായ ഒരവസ്ഥയെപ്പറ്റിയാണ്പറയുന്നത്. ശാസ്ത്രീയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിന്‍റെ ആദിമരൂപമാണ് ആദികാല ക്രിസ്റ്റ്യാനിറ്റി. മതം അന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഭരണകൂടത്തെ വെല്ലുവിളിച്ചു എന്നാരോപിച്ചുകൊണ്ടാണ് ക്രിസ്തുവിനെ രക്തസാക്ഷിയാക്കുന്നത്. ഭരണകൂടമാണ്‌ അദ്ദേഹത്തെ കുരിശില്‍ തറച്ചത്. മതത്തെ അന്ധമായി മാര്‍ക്സിസം നിരാകരിക്കുന്നില്ല. മുഹമ്മദ്‌നബിപോലും ആദ്യം പോരാടുന്നത് ഭരണകൂടത്തിന്‍റെ കലാപത്തിനും കൊള്ളയ്ക്കും എതിരായിട്ടാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് നിരന്തരമായി മക്കയില്‍നിന്നും മദീനയിലേക്ക്‌  യാത്ര ചെയ്യേണ്ടി വന്നതും.

രാജസിംഹാസനം ഉപേക്ഷിച്ച് ബുദ്ധന്‍ ഇറങ്ങിവരുന്നു. കാലം കഴിഞ്ഞ് മതങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. അവ ഭരണകൂടങ്ങളുടെ വക്താക്കളായി മാറി. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതം മുതലാളിത്തസാമ്രാജ്യത്വ ഭരണകൂടങ്ങളുടെ വക്താക്കളായി മാറി. അതിനു മുന്‍പ് രാജവാഴ്ചയുടെയും 
ഫ്യൂഡല്‍ പ്രഭുക്കളുടേയും വക്താക്കളായിരുന്നു. ഇതിനെ ഞങ്ങള്‍ താത്ത്വികമായി എതിര്‍ക്കുന്നു. അതിന്‍റെ നിലനില്‍പിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. മതത്തിന്‍റെ നല്ല കാര്യങ്ങളെ ഞങ്ങള്‍ എതിര്‍ക്കാറില്ല. ഭരണകൂടത്തെ അട്ടിമറിച്ച് തൊഴിലാളി കര്‍ഷകവര്‍ഗ്ഗങ്ങളുടെ ഒരു ഭരണകൂടം കൊണ്ടുവരുന്നതിനു ലോകത്തെ ഒരു മതനേതൃത്വവും അനുകൂലിക്കുന്നില്ല.

മതത്തോടുള്ള മാര്‍ക്സിസ്റ്റ്‌ സമീപനം ദ്വന്ദ്വാത്മകമാണ്. മതം ഉണ്ടായത് മനുഷ്യനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ്. ധാര്‍മികതയും നന്മയും സന്നിവേശിപ്പിക്കാന്‍ ഉണ്ടായതാണ്. പിന്നീട് അത് ചൂഷക ഭരണകൂടങ്ങളെ സംരക്ഷിക്കുന്ന തരത്തിലേക്ക് വന്നപ്പോഴാണ് മതവും മാര്‍ക്സിസവും തമ്മില്‍ ആദര്‍ശപരമായ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ നിലനില്‍ക്കുമ്പോഴും മതത്തിന്‍റെ നല്ല ചെയ്തികളെ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇരുപതു വര്‍ഷം മുന്‍പ് ലാറ്റിനമേരിക്കയിലെ നിക്കരഗ്വയിലും എല്‍സാല്‍വദോറിലും സായുധ കലാപം നടക്കുമ്പോള്‍ അവിടുത്തെ പാര്‍ട്ടിയില്‍ പുരോഹിതന്മാര്‍ക്ക് മെംമ്പ ര്ഷിപ്‌ കൊടുക്കുമായിരുന്നു. പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ വരെ പുരോഹിതന്മാരുണ്ടായിരുന്നു. അവിടെ പള്ളിയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഒരേ ആശയത്തിനുവേണ്ടിയാണ് പോരാടിയത്.

ആരാണു നീ ഈ ഒബാമ?

[കവിതാ സമാഹാരം: ജി.സുധാകരന്‍ എഴുതിയ കവിതകളില്‍ നിന്നും തെരഞ്ഞെടുത്ത 12 കവിതകളാണ് ഈ സമാഹാരത്തിലുള്ളത് . ഇവ ദേശാഭിമാനി, ദേശാഭിമാനി വാരിക, ഭാഷാപോഷിണി, മലയാള മനോരമ വാരിക, മാധ്യമം വാരിക, മംഗളം വാരിക, കേരള കൗമുദി, ജനയുഗം ഞായറാഴ്ചപ്പതിപ്പുകള്‍  എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ്]
------------------------------------------------------------------------------------------------------------
"ഇതോരവതാരികയല്ല. കേവലമൊരു അനുവാചകന്‍റെ ആര്‍ദ്രമായ അഭിപ്രായങ്ങള്‍ മാത്രം. വിശ്വമാനവികതയുടെ പക്ഷം ചേരല്‍ മാത്രം. കവി എന്നിലര്‍പ്പിച്ച വിശ്വാസം കാലത്തിന്‍റെ നിയോഗമായി കരുതുന്നു. കവിതയുടെ കനല്‍ക്കണ്ണു തുറന്ന്, ജീ. സുധാകരന്‍ തുടരുന്ന വിപ്ലവയാത്രക്ക് അഭിവാദ്യങ്ങള്‍. ആ സ്നേഹ ഹൃദയത്തിനു മുന്നില്‍ സംഗീതനമസ്കാരം.

ജീ. സുധാകരന്‍ എന്ന കഴിവു തെളിയിച്ച ഭരണാധികാരിക്കും, പൊതുജനഹൃദയങ്ങളുടെ ഇഷ്ടക്കാരനായ പൊതുപ്രവര്‍ത്തകനും അപ്പുറത്താണ് ജീ. സുധാകരന്‍ എന്ന കവിക്ക്‌ കാലം നല്‍കാന്‍ പോകുന്ന മഹനീയസ്ഥാനം. നന്മയുടെ തീരാത്ത സംഗീതം തുടിക്കുന്ന മനുഷ്യസ്നേഹിയായ ഈ ജനകീയകവിയോട് എന്‍റെ സ്നേഹാദരങ്ങളറിയിക്കുന്നു."

എം. ജയചന്ദ്രന്‍ (Film Score Composer, Singer and Musician)
(ശ്രീകൃഷ്ണപ്രിയ, പൂജപ്പുര, തിരുവനന്തപുരം-12)
------------------------------------------------------------------------------------------------------------
ആരാണു നീ ഈ ഒബാമ?

ആരാണു നീ ഈ ഒബാമ?
എന്‍റെ താരാട്ടുപാട്ടിന്‍റെ ഈണമാണോ!

       അമ്മ ചോദിക്കുന്നിറാഖില്‍നിന്നും
       ആരാണു നീ ഈ ഒബാമ?

എന്‍റെ നാടിന്‍റെ സ്വാതന്ത്ര്യഗീതമാണോ?
കുഞ്ഞു ചോദിക്കുന്നു കാബൂളില്‍നിന്നും

       ആരാണു നീ ഈ ഒബാമ?
       എന്‍റെ കാടിന്‍റെ ചൂളംവിളികളാണോ?

ആരാണു ചോദിച്ചതെന്നോ?
ചെഗുവേരതന്‍ നാട്ടിലെ പോരാളിയല്ലോ?

       ആഫ്രിക്കയില്‍ പൂത്ത പൂവു ചോദിക്കുന്നു
       ആരാണു നീ ഈ ഒബാമ?

ഗംഗാനദിയിലെ മത്സ്യങ്ങള്‍ ചോദിപ്പൂ
ആരാണു നീ ഈ ഒബാമ?

       സിന്ധുഗംഗാനദീതീരങ്ങളും
       വിന്ധ്യഹിമാചലഗോകര്‍ണവും
       കന്യാകുമാരിയും കാശ്മീരുമൊന്നിച്ചു
       നിന്നോടു ചോദിപ്പൂ
       ആരാണു നീ ഈ ഒബാമ?

കോടികള്‍! കോടികള്‍! കോടിയ കോടികള്‍!

            ഒന്ന് 

കോടികള്‍! കോടികള്‍!
കോടാനുകോടികള്‍!
കോടിയാല്‍ കോടികള്‍ 
എന്തുചെയ്യും?
കോടാനുകോടികള്‍
എത്രയുണ്ടാം
മര്‍ത്ത്യജീവിതം
കോടിയോ കോടികളേ!
കോടിയ കോടികള്‍
എങ്ങു പോയി?
കാവല്‍ക്കാരു കണ്ടോ
വഴിപോക്കര്‍ കണ്ടോ?
അതോ കാവല്‍ക്കാരു കട്ടോ?
വഴിപോക്കര്‍ കട്ടോ?

വാര്‍ത്ത വായിക്കുന്നത് രാഗിണി

വാര്‍ത്ത വായിക്കുന്നു
ഞാനന്തിനേരത്തു
ശാസ്ത്രലോകം തീര്‍ത്തോ-
രത്ഭുതപ്പെട്ടിയില്‍

ഞാന്‍ നടി അന്യന്‍റെ
വാര്‍ത്തകള്‍ വായിച്ചു
ജീവിതത്തിന്‍റെ രണ്ട-
റ്റവും മുട്ടിച്ചു
നോവുതിന്നും
കരള്‍ക്കാമ്പുമായ്
പുഞ്ചിരിതൂകി
ചിരിച്ചു ചിരിച്ചു ജീവിക്കുന്നു!

ഇല്ല വായിക്കില്ല
ഞാനെന്‍റെ വാര്‍ത്തകള്‍
ഇല്ലതു പ്രേക്ഷകര്‍
കേള്‍ക്കില്ലൊരിക്കലും!

നരനാണു കഥാപാത്രം

കാടുകേറി കാടുകേറി
കാടുകേറി കാടുകേറി
കാടരായി മാറിടല്ലേ
സഹജന്മാരെ!

കാടുകേറി കാടുകണ്ടു
കാടുകണ്ടു മരംവെട്ടി
മാനംമുട്ടെ വളരുന്ന
മരം തീര്‍ന്നില്ല

മരമാണു കാടിനാകെ
മതിമറന്നാഹ്ലാദിക്കാന്‍
മരഭംഗി നല്‍കുന്നതും
മറന്നിടല്ലേ!

മരമെന്ന പ്രശ്നമില്ല
കാടുമാത്രം പ്രശ്നമത്രേ
മരവിച്ച വാദമാകെ
താഴെവെക്കുക

മരമത്രേ വനം
പിന്നെ വനമത്രേ മരം
രണ്ടും ഇതരമാണെന്നാല്‍
രണ്ടും ഏകമാണല്ലോ

മരവാദി-വനവാദി
എന്നതാര്‍ക്കും ഭൂഷയല്ല
നരനാണ് കഥാപാത്രം
അതു സത്യം അറിയുക.