ശബ്ദം ഉണ്ടായത്

(ആദിയില്‍ വചനമുണ്ടായിരുന്നു) 
[ശ്രീ.കെ.എ.ഫ്രാന്‍സിസ് എഴുതി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസാധനം ചെയ്ത 'ഓം' എന്ന പുസ്തകത്തിനെഴുതിയ ആമുഖം]

ബ്ദത്തിന്‍റെ ഉല്‍പ്പത്തി, അതിന്‍റെ രൂപാന്തരീകരണം എന്നീ വിഷയങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന കൃതിയാണ് ശ്രീ.കെ.എ.ഫ്രാന്‍സിസിന്‍റെ 'ഓം' എന്ന ഗ്രന്ഥം. ഓം എന്ന ശബ്ദത്തിന്‍റെ  വ്യത്യസ്ത രീതിയിലുള്ള പഠനമാണ് ഇതില്‍ അദ്ദേഹം നിര്‍വ്വഹിച്ചിരിക്കുന്നത്. "എല്ലാ ശബ്ദങ്ങളുടെയും പ്രതിധ്വനികളുടെയും ആദ്യ സ്വരം ഓം ആണ്" എന്ന് സ്ഥാപിക്കാന്‍ അനവധി

ദൃഷ്ടാന്തങ്ങള്‍, രേഖാ ചിത്രങ്ങള്‍, അനുമാനങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ അദ്ദേഹം ഫലപ്രദമായി ഉപയോഗിക്കുന്നു. ശബ്ദത്തിന്‍റെ ശക്തിയെ 'സ്ഫോടന സിദ്ധാന്തത്തിലൂടെ ഇതില്‍ വ്യക്തമാക്കുന്നു. മദ്ധ്യസ്ഥായിയിലുള്ളത്, കീഴ്സ്ഥായിയിലുള്ളത് എന്നിങ്ങനെ രണ്ടു സ്വരങ്ങള്‍ മാത്രമായിരുന്നു ആദ്യകാലത്ത്‌ സംഗീതത്തിനുണ്ടായിരുന്നത്. ഒരു സെക്കന്‍ഡില്‍ മുപ്പതു പ്രകമ്പനങ്ങളെങ്കിലും ഉണ്ടായാലെ ശബ്ദം കേള്‍ക്കാനാവൂ. അത് ഇരുപതിനായിരത്തില്‍ കൂടുതല്‍ ആയാല്‍ ശബ്ദം കേള്‍ക്കുകയേയില്ല. കേള്‍ക്കാവുന്ന ശബ്ദത്തിന് 'ആഹത'യെന്നും കേള്‍ക്കാന്‍  പാടില്ലാത്ത ശബ്ദത്തിന് 'അനാഹത'യെന്നും പറയുന്നു. ആഹതയെത്തന്നെ സ്ഫോടം, നാദം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. നാദത്തില്‍ 'ന' പ്രാണവായുവും 'ദം' അഗ്നിയുമാണ്. നാദത്തിന് അഞ്ചു ഘട്ടമുണ്ട്. നാഭിയില്‍ നിന്നും പുറപ്പെടുന്നത് 'അതിസൂക്ഷ്മം'. ഉരപഞ്ജരത്തില്‍നിന്നും വരുന്നത് 'സൂക്ഷ്മം', കണ്oത്തില്‍ നിന്നും പുറപ്പെടുന്നത് 'പൂര്‍ണനാദം'. ശിരസ്സില്‍ നിന്നും നിര്‍ഗ്ഗളിക്കുന്നത് 'അപൂര്‍ണനാദം', വികൃതമാക്കപ്പെട്ട ശബ്ദത്തിന് 'കൃത്രിമം' എന്നിങ്ങനെ വിഭജിക്കാം. ഇതിനെ മന്ത്ര, മധ്യാതാരനാദങ്ങള്‍ എന്നും വിശേഷിപ്പിക്കാം. പാശ്ചാത്യര്‍ക്കും ശബ്ദം സ്ഫോടം തന്നെയാണ്. ഫൊണെറ്റിക്സ് എന്ന ആശയത്തിന് ശാസ്ത്രീയ പിന്‍ബലം നല്‍കിയാണ്‌ അവര്‍ അവതരിപ്പിക്കുന്നത്.

ആധ്യാത്മികജ്ഞാനം എന്നത് ആശയമണ്ഡലത്തില്‍നിന്നു വികസിച്ചുവന്ന അറിവിന്‍റെകേന്ദ്രമാണ്. വസ്തുജ്ഞാനത്തിലൂടെ ലഭിക്കുന്ന അറിവിനപ്പുറം അതീന്ദ്രിയതയുടെ വിശാലഭൂമികയില്‍നിന്നുമാണ് അത് ജനിക്കുന്നത്. ആശയത്തിന് സ്വതന്ത്രമായ നിലനില്‍പ്പില്ലെന്നും അതിന് പ്രപഞ്ചവുമായി ചില കാര്യകാരണബന്ധങ്ങള്‍  ഉണ്ടെന്നുമുള്ള പ്രത്യയശാസ്ത്ര നിര്‍മ്മിതിയില്‍നിന്നു തികച്ചും ഭിന്നമാണ്‌ 'ഓം' എന്ന കൃതിയില്‍ പ്രതിപാദിക്കുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തുന്ന പ്രത്യയ ശാസ്ത്രം. കാല്പനികതയുടെ നനവുകളില്‍ കിളിര്‍ത്തു വന്ന ആശയങ്ങള്‍ക്ക് പ്രത്യക്ഷ രൂപം നല്‍കി ശാസ്ത്രീയതയുടെ ബലത്തില്‍ പരിശോധിക്കുകയാണ് മിക്ക ആത്മീയ നവീകരണ പ്രസ്ഥാനങ്ങളും ചെയ്യുന്നത്.സര്‍വ്വ പ്രപഞ്ചത്തിത്തിനും മൂലാധാരം ഈശ്വരനാണ് എന്ന ആത്മവാദികളുനിഗമനം ഇതിനു തെളിവാണ്. "പ്രപഞ്ചത്തിനു കാരണനായും അശരീരനായും കഴിവില്ലാത്തവനായും
വേദാന്ത വേദ്യനാകയാല്‍ സത്തെന്നും ബാഹ്യേന്ദ്രിയങ്ങളാല്‍ അവേദ്യനാകകൊണ്ട് അസത്തെന്നും പറയുന്ന സ്വഭാവത്തോട് കൂടിയിരിക്കുന്ന ആ പരമാത്മാവ്‌ ആദ്യം സൃഷ്ടിച്ച ജീവനെ ബ്രഹ്മാവെന്നു പറയുന്നു." മനു സ്മൃതിയില്‍ (ഭൃഗ സംഹിത) പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി വികാസ പരിണാമങ്ങള്‍ ഇങ്ങനെ വിശദമായി വര്‍ണിക്കുന്നു. ഉപനിഷത്തുക്കളില്‍ കണികകള്‍ വരെയുള്ള പദാര്‍ഥങ്ങളെ ആത്മജ്ഞാനപരമായി വിവരിക്കുന്നു.ഇതെല്ലാം ആധാരമാക്കുന്നത് വിശ്വാസം എന്ന ശക്തമായ അടിത്തറയെയാണ്.

സന്യാസിമാരുടെയും യോഗിമാരുടെയും നാടാണല്ലോ ഭാരതം. ഇന്നു സന്യാസം പലര്‍ക്കും ഉപജീവനത്തിനുള്ള എളുപ്പമാര്‍ഗ്ഗമാണ്. എന്നാല്‍ പണ്ട് അങ്ങനെയായിരുന്നില്ല. ഭൌതികമായ നേട്ടങ്ങള്‍ മറന്ന്, സ്വന്തം ശരീരം പോലും മറന്ന് മനസ്സിനെ ഏകാഗ്രമാക്കി പണ്ടുള്ള മുനിമാര്‍ തപസ്സു ചെയ്തു. ആ തപസ്സിനിടയില്‍ അവര്‍ക്ക് അഭൌമമായ ചില വെളിപാടുകള്‍ ഉണ്ടായത്രേ. ചില ബിംബങ്ങള്‍, മന്ത്രങ്ങള്‍... അവളിരിലേക്ക് വൈദ്യുതി പോലെ പ്രവഹിച്ചു. അവര്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു. മനനം ചെയതു. മനനം ചെയ്യുന്നവനാണല്ലോ  മനുഷ്യന്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്. മനുഷ്യനും മറ്റു ചരാചരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് അവര്‍ അഹോരാത്രം ചിന്തിച്ചു.

തപസ്സ് ഒരര്‍ഥത്തില്‍ സമരം തന്നെയായിരുന്നു. മഹര്‍ഷിമാര്‍ തപസ്സു ചെയ്ത് ദേവന്മാരെ പ്രത്യക്ഷപ്പെടുത്തി അവരോട് സമന്മാരെപ്പോലെ സംസാരിക്കുവാനാണ് ശ്രമിച്ചത്.അവര്‍ കണ്ടെത്തിയ ബിംബങ്ങളും ശബ്ദങ്ങളും അതിലേക്കുള്ള വഴിയായിരുന്നു. അതില്‍ ഏറ്റവും ശക്തമായ ബിംബമാണ്, ശബ്ദമാണ്, മന്ത്രമാണ്... 'ഓം'.

പ്രപഞ്ചത്തിലെ മുഴുവന്‍ ശബ്ദങ്ങളെയും ഒന്നിച്ച് പ്രതിഫലിപ്പിക്കുന്ന ശബ്ദം 'ഓം' കാരമാണെന്നത് ഭാരതീയ വിശ്വാസമാണ്. ഗ്രീക്ക്, അറബിക് ശബ്ദങ്ങള്‍ക്കോ അവയുടെ ലിപികള്‍ക്കോ അവകാശപ്പെടാന്‍  ആവാത്ത പ്രത്യേകതയാണ് 'ഇന്തോ-ആര്യന്‍' ഭാഷാകുടുംബത്തില്‍പ്പെട്ട സംസ്കൃതത്തിലെ 'ഓം' ശബ്ദത്തിനുള്ളത്. ആര്യലിപിയില്‍ 'ഓം' എഴുത്തിനെ കുറിച്ചുള്ള ഗ്രന്ഥകര്‍ത്താവിന്‍റെ പരാമര്‍ശങ്ങളില്‍ അതിശയോക്തി കലര്‍ന്നുവോ എന്ന് സംശയം ഉന്നയിക്കുന്നവര്‍ ഒന്നുകൂടി പരിശോധിക്കണം. "ശബ്ദത്തിന് പൂരകമായാണ് അക്ഷരങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഒരു അക്ഷരരൂപം എടുത്താല്‍ അതില്‍ നിങ്ങള്‍ക്ക് ശിവത്രികോണതിന്‍റെയും ശക്തിത്രികോണത്തിന്‍റെയും ബന്ധം ദര്‍ശിക്കാനാവും. യഥാര്‍ഥത്തില്‍ ഇതില്‍ വിശദീകരിച്ച് ചിത്രസഹിതം ചേര്‍ത്തിരിക്കുന്നത് യുക്തിഭദ്രമാനെന്നു തോന്നുന്നില്ലേ? സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വിഭജനങ്ങള്‍ നടത്തുന്നത്. 'ഉം-ശബ്ദം സംസ്കൃത ലിപിയില്‍ എഴുതുമ്പോള്‍ സ്തന ചിത്രീകരണത്തെ ഓര്‍മ്മിപ്പിക്കുന്നു." എന്ന പ്രസ്താവം എത്രമാത്രം ശരിയാണ് എന്ന് കൂടുതല്‍ പരിശോധിക്കപ്പെടാവുന്നതാണ്. അക്ഷര ചിത്രങ്ങളില്‍ ശിവലിംഗവും ധ്യാനരൂപവും 'ഓം' എന്ന ദേവനാഗര ലിപിയുടെ രൂപാന്തരമല്ല. മറിച്ച് വൃത്തത്തിന്‍റെ രൂപാന്തരീകരണമാണ് എന്നൊരു വാദമുണ്ട്. ഉദാഹരണം മനുഷ്യാകാരം തന്നെ. ശിരസ്സും ഉടലും ചെറിയ വൃത്തവും അതിനു താഴെ വലിയ വൃത്തവുമാണെന്നുള്ള വ്യാഖാനവുമുണ്ട്. ഒട്ടുമിക്ക ജീവികളുടെയും രൂപം വൃത്താകാരമാണ്. ഇതില്‍ വരകള്‍ കൊണ്ടും അനുമാനങ്ങള്‍ കൊണ്ടും വ്യാഖ്യാനിക്കപ്പെടുകയാണ്.

മനുഷ്യ ജീവന് മൂന്ന് അവസ്ഥകളാണ് പുരാണത്തില്‍ സൂചിപ്പിക്കുന്നത്. വൈശ്വാനരന്‍, തൈജസന്‍, പ്രാജന്‍ എന്നിവയാണവ. അവയോരോന്നും യഥാക്രമം സത്, രജസ്സ്, തമോഗുണങ്ങളോട് കൂടിയുള്ളതാണ്. ഇതിനെ സ്ഥൂലം സൂക്ഷ്മം, കാരണം എന്നിങ്ങനെ തരം തിരിക്കാം.  അതോടൊപ്പം ജാഗരാവസ്ഥ, സ്വപ്നാവസ്ഥ, സുഷുപ്താവസ്ഥ എന്നീ അവസ്ഥകളായി കാണാവുന്നതാണ്. സമാധി എന്നത് നിദ്രാവസ്ഥയല്ല. ഋണവും സമ്പത്തും തുല്യമായതോ, വിശപ്പു മാറിയ വൈശ്വാനരനേയോ സമാധിയായി കാണാം. സവിതര്‍ക്ക സമാധിയെന്നു മറ്റൊരവസ്ഥ കൂടിയുണ്ട്. ശരീരത്തിനും മനസ്സിനും സന്തുലിതാവസ്ഥയെ ശുദ്ധീകരിക്കുന്ന വൃത്തിയാണിത്‌

മനുഷ്യന്‍റെ ഉള്ളിലുള്ള സത്യത്തെ അവന്‍ സ്വയം വെളിപ്പെടുത്തുന്നു. പ്രപഞ്ചത്തിന്‍റെ ഉള്ളറകളിലേക്ക് കടക്കാന്‍ അവന്‍ എന്നും തിടുക്കം കൂട്ടിക്കൊണ്ടിരുന്നു. ആദികാലത്ത് അതെല്ലാം ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടു പോയത്. വേദങ്ങളും വേദാന്തങ്ങളും അതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഈ കൃതിയില്‍ അടിസ്ഥാനപരമായി ചര്‍ച്ച ചെയ്യുന്നത് അവയെക്കുറിച്ചാണ്. ഭൂമിയുടെ ഉല്‍പ്പത്തിക്കു ഹേതുവായ ആദ്യ സ്ഫോടനം (big bang theory) മുതല്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ശബ്ദജാലങ്ങളുടെ രൂപഭാവങ്ങളെ ഭാരതീയ ചിന്താരീതിയില്‍ വിശകലനം ചെയ്യുന്ന ഈ കൃതി ഏറെ  ശ്രദ്ധേയമാണ്. മനുഷ്യ ജീവിതത്തിന്‍റെ വ്യത്യസ്ത മുഖങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. താന്ത്രിക് കള്‍ട്ടിന്‍റെ  സംക്ഷിപ്ത വിവരണം ഏറെ പഠനാര്‍ഹമാണ്. ലിപികളുടെ പരിണാമത്തെ കുറിക്കുന്ന ചരിത്ര പരമായ പരാമര്‍ശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നത് നന്നായിരിക്കും. "എല്ലാറ്റിന്‍റെയും തുടക്കം ത്രികോണ രൂപത്തില്‍ നിന്നാണെ"ന്ന സിദ്ധാന്തതോടൊപ്പം പാശ്ചാത്യ സിദ്ധാന്തങ്ങളുടെ അനുബന്ധവും ചേര്‍ക്കുന്നത് ഉചിതമായിരിക്കും. ഉപനിഷത്തുക്കളുടെ അന്തസാരം  ഈ കൃതിയെ പൂര്‍ണമാക്കുന്നു. സാംഖ്യം, ന്യായം, ബൗദ്ധ-ജൈന ദര്‍ശനങ്ങള്‍ പ്രപഞ്ചവീക്ഷണത്തെ പല തലങ്ങളിലായാണ് ബന്ധിപ്പിക്കുന്നത്. പ്രമാണപരം (epistemological), പ്രമേയപരം (ontological), സദാചാരപരം (ethical) എന്നീ നിലകളിലാണ് അവര്‍ സ്വയം വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത്. അവികസിതമായ പദാര്‍ഥസിദ്ധാന്തത്തെയാണ് അവര്‍ അടിസ്ഥാനമാക്കിയത്. "സാംഖ്യം ലോകത്തിലെ മുഴുവന്‍ തത്വ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം ആയിരിക്കകൊണ്ട്,നിങ്ങള്‍ അത് വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. കപിലനോട് കടപ്പാടില്ലാത്ത ഒരു തത്വശാസ്ത്രവും ലോകത്തിലില്ല. ലോകത്തില്‍ ആദ്യമായുണ്ടായ യുക്തിയുക്തമായ തത്വസംഹിത കപിലന്‍റെ സാംഖ്യമാകുന്നു (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം, പുറം 336). ഡോ.രാധാകൃഷ്ണനും (ഭാരതീയ ദര്‍ശനം) പ്രൊഫ:എം.ഹരിയണ്ണയും (Essential of Indian Philosophy) സംഖ്യ ദര്‍ശനങ്ങളിലെ ഭൗതിക, നിരീശ്വര വാദങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.

'ഓം' കേവലമായ ഒരു ശബ്ദമല്ല. അതിന് അനന്തമായ രൂപങ്ങളുണ്ട്. ഭാവങ്ങളുണ്ട്. ഓം ബ്രഹ്മം തന്നെയാണെന്നു വേദങ്ങള്‍ പറയുന്നു. ബ്രഹ്മജ്ഞാനമാണ് പരമമായ ജ്ഞാനമെന്നാണല്ലോ ആത്മീയാധിഷ്ഠിതമായ ഭാരതീയ തത്വചിന്ത ഉദ്ഘോഷിക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹംസര്‍ വിവേകാനന്ദന്‍, രമണ മഹര്‍ഷി തുടങ്ങിയ സന്യാസി വര്യന്മാര്‍ 'ഓം' എന്ന ശബ്ദത്തിനു നിരവധി വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ഒരു ശിഷ്യന്‍ ശ്രീരാമകൃഷ്ണ പരമഹംസരോട് ചോദിച്ചു. "ഓം വെറുമൊരു ശബ്ദമല്ലേ? അതിലൂടെ നാം എന്ത് നേടാനാണ്?" അപ്പോള്‍ ശ്രീരാമകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു. "കടലിന്‍റെ ഇരമ്പം മാത്രം നാം കേള്‍ക്കുന്നു... കടല്‍ കാണുന്നില്ല. എന്നാല്‍ ഇരമ്പം ലക്ഷ്യമാക്കി നടന്നാല്‍ കടലിനടുത്തെത്താന്‍ കഴിയും." ഓം ബ്രാഹ്മജ്ഞാനത്തിലേക്കുള്ള വഴിയാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ശബ്ദ രൂപിയായ ഓമിന് ദൃശ്യ രൂപങ്ങള്‍ നല്‍കാനാണ് ഈ പുസ്തകത്തിലൂടെ പ്രധാനമായും ശ്രമിച്ചിരിക്കുന്നത്.

'ഓം'-ല്‍ പരാമര്‍ശിക്കുന്ന വസ്തുതകളില്‍ പലതും ശാസ്ത്രീയമായ അടിത്തറയില്‍ പരിശോധിക്കപ്പെട്ടിട്ടുള്ളതാണ്. 'പ്രജ്ഞനാം ബ്രഹ്മ' ഋഗ്വേദത്തിലെ ഈ സൂത്രം സത്യത്തോട് ഏറെ അടുത്തു നില്‍ക്കുന്നു. അതുതന്നെ ശ്രീ.കെ.എ.ഫ്രാന്‍സിസ് ഈ കൃതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അറിവ് അനന്തമാണ്‌; പ്രപഞ്ചത്തോളം. അത് ശാസ്ത്രീയതയുമാണ്. നവഗ്രഹങ്ങളുടെ കേന്ദ്രം സൂര്യനാണ് എന്ന കൈവല്യോപനിഷത്തിലെ ആശയം പരമസത്യമായി വലിയൊരു വിഭാഗം കണക്കാക്കുന്നു. ശരിയെന്നു യുക്തിക്കും ബുദ്ധിക്കും നിരക്കുന്നുവെങ്കില്‍ അവയെ സ്വീകരിക്കുക, മറിച്ചാണെങ്കില്‍ നിര്‍ദാക്ഷിണ്യം തള്ളിക്കളയുക.

'ഓം' എന്ന പ്രണവമന്ത്രത്തിന്‍റെ ലളിതമായ വ്യാഖ്യാനമെന്നുതന്നെ പറയാവുന്ന ദൃശ്യ രൂപങ്ങള്‍ നമ്മെ വിസ്മയഭരിതരാക്കുമെന്നു തീര്‍ച്ച.

ഗര്‍ഭത്തിലെ ശിശുവും മുളപൊട്ടുന്ന പയര്‍ വിത്തുമെല്ലാം ഓമിന്‍റെ രൂപാന്തരങ്ങളാവുന്നത് ആരിലും അത്ഭുതം നിറയ്ക്കും. ഒപ്പം ഓം തന്നെയാണ് കൃസ്തു മത വിശ്വാസികളുടെ ആമേനും മുസ്ലീം മത വിശ്വാസികളുടെ  ആമീനും എന്നാ കണ്ടെത്തല്‍. മതങ്ങളുടെ പേരില്‍ രക്തച്ചൊരിച്ചില്‍ നടക്കുന്ന, മതഭ്രാന്തന്മാര്‍ വാളിളക്കി നടക്കുന്ന ഇക്കാലത്ത് മതസാഹോദര്യം വിളിച്ചോതുന്ന ഈ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്. "ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെയായിരുന്നു.  വചനം ദൈവമായിരുന്നു." - യോഹ.(1:1) എന്നാണ് ബൈബിളില്‍ പറയുന്നത്.

ലോകമഹായുദ്ധത്തില്‍ വിണ്ടുകീറിയ അടിത്തറ തകര്‍ന്ന യൂറോപ്പിന്‍റെ (ഇംഗ്ലണ്ടിന്‍റെ) നിരാശ പൌരസ്ത്യ ദേശത്തേക്ക് (ഭാരതത്തിലേക്ക്) ടി.എസ്.ഏലിയട്ടിന്‍റെ ദര്‍ശനത്തെ വഴിതിരിച്ചുവിട്ടു.
London Bridge is falling down,
Falling down, falling down,
London Bridge is falling down 
എന്ന് ടി.എസ്.ഏലിയട്ട് Waste Land -ല്‍ പാടി.
Datta dayadhyam damyata
Shantih shantih shantih
എന്ന ബ്രഹ്ദാരണ്യകോപനിഷത് വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ടി.എസ്.ഏലിയട്ട് തന്‍റെ  Waste Land (തരിശു ഭൂമി) -ന് തിരശ്ശീലയിടുന്നത്. ഈ കവിതക്കാണ് പിന്നീട് നോബല്‍ സമ്മാനം കിട്ടിയത്. ഇന്ന് ടി.എസ്.ഏലിയട്ട് പൊതുവായനക്കാരുടെ ഹൃദയത്തിലില്ല. സാഹിത്യ പഠന വേദികളില്‍ സജീവമാണ് താനും. എന്നാല്‍ പാബ്ലോ നെരൂദയും വാള്‍ട്ട് വിറ്റ്മാനും അടിസ്ഥാന ജനജീവിതത്തില്‍ നിന്നും - തൃണദലങ്ങളില്‍ നിന്നും (Leafs of grass), ഉണരുന്ന റയില്‍വേ വേലക്കാരില്‍ നിന്നും  (Let the Railway Worker Awake) - ഊര്‍ജ്ജം ശേഖരിച്ച് ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

"ലോകപ്രശസ്ത ഇംഗ്ലീഷ് സഞ്ചാരിയായ Geoffrey Moor House (നമ്മുടെ എസ.കെ.പൊറ്റക്കാട്ടിനെ പോലെ) തന്‍റെ വിഖ്യാതമായ Om - An Indian Pilgrimage എന്ന ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ 'ഓം' -നെപ്പറ്റി മാണ്ഡൂക്യോപനിഷത്തില്‍ നിന്നുള്ള വിശ്രുതമായ ഈ വരികള്‍ ഉദ്ധരിക്കുന്നു. 'Om-the eternal; word is all; what was, what is, and what shall be, and what is beyond eternity, ale is Om, all is Om'. It is beyond the senses and it is the end of civilization, it is known duality and love. He goes with self with supreme self who know this."

 Om എന്ന ദിവ്യമന്ത്രം പുറപ്പെട്ട ഭാരതത്തിന്‍റെ ദക്ഷിണ ഭാഗങ്ങളില്‍ (കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക) പര്യടനം നടത്തി ഇ.എം.എസ്., മാധവിക്കുട്ടി റ് തുടങ്ങിയ വിശ്രുതരെയും സാധാരണക്കാരെയും കണ്ടു പഠിച്ച ശേഷമാണ് ഈ ഗ്രന്ഥത്തില്‍ Geoffrey Moor House അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്. അദ്ദേഹം അന്ന് (1992) ആലപ്പുഴ ജില്ലാകൌണ്‍സില്‍ പ്രസിഡന്‍റ് ആയിരുന്ന എന്നെയും ഓഫീസില്‍ സന്ദര്‍ശിച്ചു. അതെപറ്റിയും ഗ്രന്ഥത്തില്‍ നാലു പേജുകളില്‍ വിവരിക്കുന്നുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിക്കുകയും വായനക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ശ്രീ.സുകുമാര്‍ അഴീക്കോടിന്‍റെ അമൂല്യ ഗ്രന്ഥമായ തത്വമസിയില്‍ 'ഓം' നെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

"ആത്മബ്രഹ്മൈക്യം പ്രതിപാദിക്കുവാന്‍ 'തത്വമസി' എന്നാ മഹാവാക്യം രചിച്ചതുപോലെ ഉപനിഷദ്ദ്രഷ്ടാക്കള്‍ കണ്ടെത്തിയ ഒരു മഹാപ്രതീകമുണ്ട്. അതാണ്‌ ഓംകാരം, ഓം എന്ന അക്ഷരം, അഥവാ അക്ഷരമായ ഓം. 'തത്വമസി' വിരിഞ്ഞ ചന്ദോഗ്യത്തിന്‍റെ പൂന്തോട്ടത്തില്‍ തന്നെയാണ് ഈ വടാമലരും വിരിഞ്ഞു നില്‍ക്കുന്നത്. വേദാന്തസാഹിത്യത്തിലെ വിശ്വവിശ്രുതങ്ങളായ പ്രതീകങ്ങളില്‍ ഒന്നാമത്തെതാണ് ഓം. ഇതിനെ പ്രണവമെന്നും ഉദ്ഗീഥമെന്നും വിളിക്കുന്നു.

ചന്ദോഗ്യോപനിഷത്ത്  തുടങ്ങിയത് തന്നെ ഓംകാരത്തിന്‍റെ  മഹത്വം അറിയിക്കാനാണെന്ന് തോന്നിപ്പോകും. അത്രമാത്രം വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും കൊണ്ട് ഈ പ്രതീകത്തിന്‍റെ  പ്രാധാന്യം ഇവിടെ ആവര്‍ത്തിച്ചു പറഞ്ഞത് കാണാം.   അത് 'അനുജ്ഞാകരം' ആണെന്ന്  ചന്ദോഗ്യം പറയുന്നു. മിക്ക ഉപനിഷത്തുകളിലും, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍, ഓംകാരത്തിന്‍റെ മാഹാത്മ്യം വിവരിച്ചിരിക്കുന്നു. ഇത് ഒരു സംഗ്രഹവാക്കാണെന്നു പറഞ്ഞുകൊണ്ട്  കഠോപനിഷത്തില്‍ യമന്‍ അതിന്‍റെ പ്രതിരൂപാത്മാകത നചികേതസ്സിനു വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. 'തത് തേ പദം, സംഗ്രഹേണ ബ്രവിമി, ഓമിതി ഏതത്' (2, 15). എല്ലാ വേദങ്ങളും തപസ്സുകളും ഒങ്കാരതെ ഘോഷിക്കുന്നുപോല്‍ . ഇത് അക്ഷരമായ (വര്‍ണസംഘാതമെന്നും നശിക്കാത്തതെന്നും) ബ്രഹ്മമാണ്, ശ്രേഷ്ഠമായ  ആലംബമാണ് എന്നൊക്കെ പ്രകീര്‍ത്തനം തുടര്‍ന്നും പോകുന്നു. മുണ്ഡകോപനിഷത്തിലെ വിവരണവും ഓംകാരത്തിന്‍റെ പ്രതീകസ്വഭാവത്തെ വെളിവാക്കുന്നു. ആത്മാവാകുന്ന ശരം ബ്രഹ്മമാകുന്ന ലക്ഷ്യം ഭേദിക്കാന്‍ പ്രണവമെന്ന വില്ലുവേണമെന്ന് ആ ഉപനിഷത്ത് പാടുന്നു (2, 2, 4). മൈത്രി ഉപനിഷത്തും ഇതിന്‍റെ പ്രതിരൂപപരതയെ മുന്നോട്ടു വക്കുന്നു. അതില്‍ പറയുന്നത് ഓംകാരം ശബ്ദബ്രഹ്മമാണ് എന്നാണ്. എന്നാല്‍ ബ്രഹ്മം നിശബ്ദമാണ്. ആ അര്‍ഥത്തിന്‍റെ സൂചകമായിട്ടു ശബ്ദം പ്രവര്‍ത്തിക്കുന്നു. ചുരുക്കത്തില്‍ ഓംകാരത്തിന്‍റെ ശക്തി സൂചക ശക്തിയാണ്. എട്ടുകാലി നേരിയ തന്തുവിലൂടെ മേലോട്ടു കയറി  ആകാശത്തില്‍ എത്തുന്നത്‌ പോലെ  ഓംകാരത്തിലൂടെ അക്ഷരമായ ബ്രഹ്മത്തില്‍ എത്താം എന്നാണ് മൈത്രിയുടെ ഹൃദയം (6, 22). എത്ര മഹാത്തരമാകട്ടെ, ബാഹ്യമായ ഒരു ഉപായമോ ഉപകരണമോ എന്നതില്‍ കവിഞ്ഞ് പ്രണവത്തിന് ഉപനിഷത്തുക്കള്‍ സ്ഥാനം കല്പിച്ചിട്ടില്ല. 

പ്രതിരൂപം ആകുമ്പോള്‍ അതിന്‍റെ രൂപപരമായ ഔചിത്യവും ഭാവാത്മകതയും പഠിക്കേണ്ടിയിരിക്കുന്നു. മാണ്ഡൂക്യോപനിഷത്ത്  ഓംകാരത്തിന്‍റെ രചനാരഹസ്യം തുറക്കാനാവശ്യമായ താക്കോല്‍ തന്നിട്ടുണ്ട്. ഓം എന്ന ശബ്ദം ഉണ്ടാകുന്നത് അ, ഉ, മ് എന്ന വര്‍ണ്ണങ്ങള്‍ ചേര്‍ന്നിട്ടാണല്ലോ. അത് കാണേണ്ട താമസം പുരാണ സംസ്കാരം നിറഞ്ഞ ആളുകള്‍ ആ മൂന്നു വര്‍ണ്ണങ്ങളില്‍ ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്ന നമ്മുടെ പഴയ ത്രിമൂര്‍ത്തികളുടെ കൊടി കയറ്റി. പക്ഷെ, ഉപനിഷത്തെന്ന മഹത്തായ ആകാശത്തിന്നെത്രയോ താഴെ പറന്നു കളിക്കുന്ന കൊച്ചുപക്ഷികള്‍ മാത്രമാണ് നമ്മുടെ പുരാണങ്ങള്‍. ഉപനിഷത്തിന്‍റെ ഉയര്‍ച്ചയില്‍ ഉറച്ചു നില്‍ക്കുന്ന ഓംകാരത്തിന്‍റെ മഹത്വം മനസ്സിലാക്കാന്‍ അവയ്ക്ക് പ്രയാസം കണ്ടേക്കും. മനുഷ്യ മനസ്സിനെ അതി സൂക്ഷ്മമായി അപഗ്രഥിച്ചു നോക്കുന്ന ഉപനിഷത്താണ്  മാണ്ഡൂക്യം. മനസ്സിന്‍റെ മൂന്ന് ഭാഗങ്ങളായ ജാഗ്രത്ത്‌, സ്വപ്നം, സുഷുപ്തി എന്നിവയെ ഇണക്കിക്കൊണ്ട് ഓംകാരത്തിന്‍റെ ഘടകങ്ങളായ  അ, ഉ, മ് എന്ന വര്‍ണ്ണങ്ങളെ  ഋഷി വിവരിച്ചിരിക്കുന്നു. ഈ മൂന്നിന്നപ്പുറത്തു മനസ്സിന് നാലാമത്തെതായി (തുരീയം) ഒരവസ്ഥയുണ്ട്‌. അവിടെയാണ് ബ്രഹ്മദീപം നിറഞ്ഞു നില്‍ക്കുന്നത്. അതിനെ കുറിക്കുന്നു ഓംകാരം. എല്ലാ വര്‍ണ്ണങ്ങളും അവയുടെ മാത്രകളും ചേര്‍ന്നുള്ള ഏകീഭാവം ആ ഘടകങ്ങളെ അതിവര്‍ത്തിക്കുകയും ബ്രഹ്മ സൂചകമായി വിളങ്ങുകയും ചെയ്യുന്നു. അ, ഉ, മ് എന്നീ വര്‍ണ്ണങ്ങള്‍ കണ്ഠ്യo മുതല്‍ ഔഷ്ഠ്യo വരെയുള്ള എല്ലാ സ്വരങ്ങള്‍ക്കും പ്രതിനിധീഭവിക്കുമ്പോള്‍ ഔഷ്ഠ്യയാവ്യഞ്ജനമായ മകാരം അതുവരെയള്ള എല്ലാ വര്‍ഗ്ഗാക്ഷരങ്ങളെയും സൂചിപ്പിക്കുന്നു. വായ തുറക്കുമ്പോള്‍ അകാരവും അടയ്ക്കുമ്പോള്‍ മകാരവും ഇവയ്ക്കിടയില്‍ മറ്റു വര്‍ണ്ണങ്ങളും ജനിക്കുന്നു. ഇങ്ങനെ ഓംകാരം സര്‍വ്വാക്ഷരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു മഹാക്ഷരമാകയാല്‍, അതിന് സര്‍വ്വ പ്രപഞ്ച ചൈതന്യമായ ബ്രഹ്മത്തെ പ്രതിനിധാനം ചെയ്യുവാന്‍, അക്ഷരമാലയിലെ മറ്റേത് അക്ഷരത്തെക്കാള്‍ പ്രഗല്‌ഭതയുണ്ടെന്നു സമ്മതിക്കണം. ഇതാണ് ഓംകാരത്തിന്‍റെ രൂപപരമായ ഔചിത്യവും ശബ്ദപരമായ സൗന്ദര്യത്തിന്‍റെ അടിസ്ഥാനവും. ഈ പ്രതീകത്തിന്‍റെ ഏകാന്തമായ സമ്മോഹനത്വം കൊണ്ട്  വശീകൃതമായ മനസ്സുകള്‍ ഇതിന് ബ്രഹ്മത്തിന്‍റെ സദ്ഗുണങ്ങളുമുണ്ടെന്ന് ഘോഷിക്കുന്നു. ഇത് അര്‍ഥവാദ രീതിയിലുള്ള ഒരു പ്രശംസയാണെന്നു കരുതിയാല്‍ മതി. ഓംകാരം ഇത്തരം എല്ലാ പ്രശംസയും അര്‍ഹിക്കുന്ന കലാസുന്ദരമായ ഒരു പ്രതിരൂപമാണെന്നു ആരും സമ്മതിക്കും. ധ്യാനത്തിന്‍റെ മുഹൂര്‍ത്തത്തില്‍ ഏകാന്തമായ ഏകാഗ്രത കൈവരിക്കുന്നതിന് മനസ്സിനെ സന്നദ്ധമാക്കാന്‍ ഓംകാരം ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ശ്വാസബന്ധനത്തിലെ സമ്മര്‍ദ്ദവും അതില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വരദൈര്‍ഘ്യവും അനുസ്വരത്തിന്‍റെ അനന്തമായ അനുരണനവും പോലെ സഹായിക്കുന്ന വെരോരുപായമുണ്ടെന്നു അനുഭവം പറയുകയില്ല. ഓംകാരം മാര്‍ഗ്ഗമാണ്. ലക്ഷ്യമല്ല. മരിച്ചു കേള്‍ക്കുന്ന പ്രശസ്തികള്‍ക്ക് ലക്ഷണയുടെ മൂല്യമേ കൊടുക്കേണ്ടതുള്ളൂ. പക്ഷെ, ഇതിനേക്കാള്‍ മഹാത്മ്യലാവണ്യങ്ങള്‍ ചേര്‍ന്ന ഒരു പ്രതീകം ഉപനിഷദ്സാഹിത്യത്തില്‍ വേറെ കാണുകയില്ല. പലതും ഇവിടെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. 'ഏതു പ്രതിരൂപത്തെക്കാളും മഹത്തരം' എന്ന് സ്വാമി വിവേകാനന്ദന്‍ പ്രസ്താവിച്ചത് അതുകൊണ്ടാണ്.

ബ്രഹ്മത്തെ അല്ലാതെ, മറ്റൊന്നു പകരം വച്ചു ധ്യാനിക്കുന്നത് ഉപനിഷത്തിന്‍റെ ഉപദേശത്തിന് നിരക്കാത്തതാണെന്ന് തെളിയിക്കാനാണ്, ഉപനിഷത്ത് നിര്‍ദ്ദേശിച്ച പ്രതീകങ്ങളില്‍വെച്ച് പ്രവരമായ ഓംകാരത്തിന്‍റെ മഹാത്മ്യത്തെപ്പറ്റി ഇത്രമാത്രം വിവരിച്ചത്." 

ചെറുതെങ്കിലും ഉള്‍ക്കനമുള്ള ഈ കൃതി രചിക്കുവാന്‍ ഗ്രന്ഥകര്‍ത്താവ് ഏറെ ശ്രമം ചെയ്തിരിക്കണം. ഒരു കൃതിയുടെ മഹാത്മ്യം അതിന്‍റെ പേജുകളുടെ എണ്ണം കൊണ്ട് മാത്രമല്ല ഉണ്ടാവുന്നത്. ഭാരതീയ ദര്‍ശനത്തോടൊപ്പം ക്രൈസ്തവ ദര്‍ശനങ്ങളും അദ്ദേഹം ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന ഓരോ ആശയവും നമ്മുടെ സൂക്ഷ്മാബോധത്തെ തട്ടിയുണര്‍ത്താതിരിക്കില്ല. ഗഹനമായ വിഷയം വളരെ ലളിതമായാണ് കെ.എ.ഫ്രാന്‍സിസ് അവതരിപ്പിച്ചിരിക്കുന്നത്. താന്ത്രിക് പെയിന്‍റിങ്ങുകളിലൂടെ ഇതിനകം അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധേയനായി കഴിഞ്ഞ ഈ ഗ്രന്ഥകാരന്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്‍റര്‍ ഫോര്‍ കള്‍ച്ചറിന്‍റെ സ്പോണ്‍സര്‍ഷിപ്പോടെ 24 ചക്രങ്ങളുടെ പ്രദര്‍ശനം ഡല്‍ഹിയില്‍ നടത്തിയിരുന്നു. മിതത്വം പൂണ്ട വാക്കുകളാല്‍ നിര്‍മിക്കപ്പെട്ട ഈ കൃതി എഴുത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നു. പുതിയ വായനയ്ക്കായി അക്ഷര സ്നേഹികള്‍ക്ക് മുന്നില്‍ സവിനയം ഞാന്‍ ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നു.
[തുടരുന്നു...]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ