ലേഖനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്ത്യയെ കണ്ടെത്തിയ പനിനീർപ്പൂ [കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചത്

        "Woods are lovely dark and deep" എന്നു തുടങ്ങുന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വിശ്വപ്രസിദ്ധ വരികൾ ഉദ്ധരിച്ചുകൊണ്ട്  miles to go before i sleep and miles to go before i sleep  എന്ന് ആഹ്വാനം ചെയ്യുന്നിടത്ത് നിറുത്തിയ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ 125-ാം ജന്മദിനം ഭാരതം ആഘോഷിക്കുന്ന ദിവസമാണ് നാളെ. പ്രപഞ്ചത്തിന്റെ,​ പ്രകൃതിഭംഗിയുടെ തമോമയവും അഗാധവുമായ ജ്ഞാനഭംഗികളിൽ ആകൃഷ്ടനാകുമ്പോഴും ഉറങ്ങുന്നതിന്  മുമ്പ് ലക്ഷ്യസ്ഥാനത്തെത്താനുള്ള പ്രയാണ യാഥാർത്ഥ്യത്തെ നെഹ്‌റു ഓർമ്മിപ്പിക്കുന്നു. ഇവിടെ ഉറക്കം പതിവുനിദ്രയല്ല. ഈ ജീവപ്രയാണത്തിലെ അന്തിമമായ നിദ്രയാണ്. ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏറെ മുന്നോട്ടു പോകണമിനിയുമെന്നാണ് നെഹ്രു റോബർട്ട് ഫ്രോസ്റ്റിന്റെ വരികളിലൂടെ ഓർമ്മിപ്പിക്കുന്നത്. ജാഗ്രത-അതാണ് നെഹ്രുവിന്റെ ജീവിതവേദാന്തം.

        ഇന്ത്യയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്താനും ലോകത്തെ ഇന്ത്യൻ യുവതയുടെ ഹൃദയത്തിൽ അടയാളപ്പെടുത്താനും നെഹ്‌റു സ്വാതന്ത്ര്യ സമരത്തേയും രാഷ്ട്രമീമാംസയേയും തത്വചിന്തയേയും സാഹിത്യ- കലാസാങ്കേതിക ശ്രേണികളേയും ഉപയോഗിച്ചു. മാനവികതയുടെ തേരിലേറി അദ്ദേഹം ഇന്ത്യയുടെ ചിന്തിക്കുന്ന തലമുറകളെ ഉത്തേജിപ്പിച്ചു.  പ്രശസ്തനും പ്രഗത്ഭനുമായ അഭിഭാഷകൻ, നിയമ‌ജ്ഞൻ, ജനപ്രതിനിധി, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രവർത്തിച്ചു പേരെടുത്ത മോട്ടിലാൽ നെഹ്‌റുവിന്റെ മകൻ രാഷ്ട്രീയം വീട്ടിൽ നിന്നും നാട്ടിൽ നിന്നും യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചു. തത്വവും പ്രയോഗവും സംബന്ധിച്ച് ധാരണകളിലെത്തിയിരുന്നു. വരേണ്യ സംസ്കാരത്തിന്റെ ഉന്നതപീഠങ്ങളിൽ നിന്ന് ഇറങ്ങിവന്ന് സാധാരണ ഇന്ത്യാക്കാരന്റെ വികാരവിചാരങ്ങളെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരു സാധാരണ സ്വാതന്ത്ര്യസമരഭടനെ പോലെ ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം ഔന്നത്യമുള്ള ഒരു നേതാവായി ബ്രിട്ടീഷ് അധികാരികളുടെ മുന്നിൽ അജയ്യനായി നിൽക്കുകയും ചെയ്തു. നൈനിറ്റാളിലേയും അലഹബാദിലേയും ജയിലുകളിൽ കിടന്ന നീണ്ട നാളുകൾ-മാസങ്ങളും വർഷങ്ങളും, അച്ഛനും ഭാര്യയും സഹോദരിമാരുമടക്കം കുടുംബം ആകെ ജയിലിൽ കഴിയുമ്പോഴും 'സ്വാതന്ത്യം നമ്മുടെ ജൻമാവകാശം" എന്ന മന്ത്രം ഹൃദയത്തോടു ചേർത്തുപിടിച്ചു.

        സുസ്ഥിര ചിന്താഗതിയുടെ രാഷ്ട്രീയ പുരുഷനായിരുന്നു നെഹ്രു. ജയിലിൽ കിടന്നു മകൾ ഇന്ദിരക്കെഴുതിയ( ഇന്ദിരാപ്രിയദർശിനി)​കത്തുകൾ​​ 'ഒരു അച്ഛൻ മകൾക്കെഴുതിയ കത്തുകൾ" എന്ന പേരിൽ ലോക വിഖ്യാതമായി. ഇന്ത്യയിലെമ്പാടുമുള്ള കുട്ടികൾ അത് പഠിച്ചു. ചരിത്രം, ഭൂമിശാസ്ത്രം, മാനവശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, എന്നു തുടങ്ങി മാനവചരിത്രത്തിന്റെ ആദിമദ്ധ്യാന്ത ഏടുകൾ  മറിച്ചുനോക്കിപ്പോയ ചരിത്ര പ്രധാന സാഹിത്യമായി മാറി അത്.  Truth Comes out only through debates and discussions- എന്ന് മകളെ ഓർമ്മിപ്പിച്ച കത്ത് ഇന്ദിരയുടെ ജീവിതത്തിൽ അന്നു സ്വാധീനം ചെലുത്തിയിരുന്നുവെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഉപജാപക സംഘത്തിന്റെ പ്രേരണയെ ആ മഹതിക്ക് മറികടക്കാമായിരുന്നു.   അതിനാൽ തന്നെ കൊച്ചിന്ദിരയെ നെഹ്രു ജയിലിൽ കിടന്നു പഠിപ്പിക്കാൻ ശ്രമിച്ച ജനാധിപത്യമന്ത്രം വലിയ ഇന്ദിര തന്നെ തൽക്കാലം മറന്നു. നെഹ്രൂവിയൻ ജനാധിപത്യത്തിന്റെ അവസാനമായിരുന്നു അത്. ഫലം എത്ര ഭീകരം. പതനം എത്രക്രൂരവും. ഒരു വലിയ മഹതിയുടെ പതനത്തിന്റെ ചരിത്രം ക്രൂരവും പിടികിട്ടാത്തതുമായ പ്രഹേളികയായി  ഇവിടെ തെന്നിമാറുന്നു. പക്ഷെ വിശകലനം നടത്തിയേ തീരൂ.

        രോഗിയായ ഭാര്യ കമലയുടെ കാര്യമോർത്ത് നീറുന്ന കരളുമായി ജയിലഴിക്കുള്ളിൽ കിടന്നിരുന്ന കാലത്തും അവർക്കാവശ്യമായ പരിഗണനയും പരിചരണവും നൽകാൻ കഴിഞ്ഞോ എന്ന ദുഖത്തിലായിരുന്നു നെഹ്രു.

        ഗാന്ധിജി നെഹ്രുവിന്റെ വികാരവും ചിന്തയുമായിരുന്നു. തന്റെ പ്രസംഗ രീതികളും വായനാ രീതികളും ജീവിതരീതികളും ഗാന്ധിയിൽ നിന്നും തികച്ചും ഭിന്നമായിരുന്നെങ്കിലും നെഹ്രുവിൽ ഗാന്ധിജി ഇന്ത്യയുടെ പുത്രനെ കണ്ടെത്തി, നേതാവിനെ കണ്ടെത്തി, ഭാരതരത്നത്തെ കണ്ടെത്തി. ഗാന്ധിജിയുമായി നെഹ്രു, ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. ഗാന്ധിജിയെ എതിർത്ത നേതാജി സുഭാഷ് ചന്ദ്രബോസുമായി സഹകരിച്ചു. ഗാന്ധിജിയുടെ മത-ജാതി സങ്കൽപ്പങ്ങളോടും ഫ്യൂഡൽകാല മമതകളോടും  കടുംപിടുത്തങ്ങളോടും നെഹ്രുവിന് താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ചെറിയ ഗാന്ധിയിലെ വലിയ മനുഷ്യനെ കണ്ടെത്താനും ഗ്രാമങ്ങളിൽ വിങ്ങുന്ന ഇന്ത്യൻ ആത്മാവിനെ-കർഷകനെ​​- കണ്ടെത്തി ആരാധിച്ച ഗാന്ധിയുടെ മൂല്യം കണ്ടെത്താനും നെഹ്രുവിനെ പോലെ മറ്റാർക്കും സാധിച്ചില്ല. എപ്പോഴൊക്കെ ഗാന്ധിജിയുടെ ജീവൻ പ്രതിസന്ധിയിലായോ അപ്പോഴൊക്കെ ആ പ്രതിസന്ധി മറികടക്കാൻ നെഹ്രു ആവുന്നത് ചെയ്തു.  പട്ടേലിനെക്കാൾ, നേതാജിയേക്കാൾ, മൊറാർജിയെക്കാൾ ഗാന്ധിജി നെഹ്രുവിനെ ഹൃദയത്തോടടുപ്പിച്ചു.

        ആധുനിക ഭാരതത്തിൽ കോൺഗ്രസിന് നൽകാവുന്ന ഏറ്റവും വിശിഷ്ടമായ സംഭാവന നെഹ്രുവാണെന്ന് അദ്ദേഹമാണ് കണ്ടെത്തിയത്.  അതാണ് ഭാരതരത്നം എന്ന നാമം ഗാന്ധിജി നെഹ്രുവിന് നൽകിയത്. യൂറോപ്യൻവിദ്യാഭ്യാസത്തിലൂടെ നേടിയതും ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും സ്പെയിനിലെയും  അനുഭവ സമ്പത്തിൽ നിന്നും നേടിയ നെഹ്രുവിന്റെ നവീന അനുഭവങ്ങൾ, നവോത്ഥാന ചിന്തകൾ, മതനിരപേക്ഷ രാഷ്ട്രീയ വീക്ഷണങ്ങൾ, ഫ്യൂഡൽ വിരുദ്ധ സാമ്രാജിത്വ വിരുദ്ധ സങ്കൽപ്പനങ്ങൾ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻ പറ്റിയതാണെന്ന് തെളിയിക്കപ്പെട്ടു. ഗാന്ധിജി, രാജാറാം മോഹൻറോയ്, മുഹമ്മദലി ജിന്ന, ശ്രീരാമകൃഷ്ണ പരമഹംസർ, ആനിബസന്റ്, ലാലാലജ്പത് റായി, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകൻ, ഭഗത്‌സിംഗ്, അംബേദ്കർ, തുടങ്ങി നാനാത്വമാർന്ന ഇന്ത്യൻ നേതൃനിരയിലെ എല്ലാവരിൽ നിന്നും നെഹ്രു പഠിച്ചു. എല്ലാവരെയും ഉൾക്കൊള്ളാനും എന്നാൽ സ്വതന്ത്രമായി വളരാനും നെഹ്രു പഠിച്ചു. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ ചരിത്രമാനവികതയും കണ്ടെത്തി പ്രചരിപ്പിച്ചു. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കെടുക്കാനും, എന്നാൽ അതിന് നിൽക്കാതെ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാനുമാണ് നെഹ്രു താൽപ്പര്യപ്പെട്ടത്.  ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആത്മത്യാഗത്തിലും ധൈര്യത്തിലും വിപ്ലവ വീര്യത്തിലും രക്തസാക്ഷിത്വത്തിലും  നെഹ്രു ആവേശം കൊണ്ടിരുന്നു. മാർക്സിസം എന്തെന്നും  മാർക്സിസ്റ്റ്-ലെനിനിസം എന്തെന്നും റഷ്യൻ വിപ്ലവത്തിന്റെ മഹത്വമെന്തെന്നും  ലെനിൻ എങ്ങനെ തെളിഞ്ഞ ബുദ്ധിയുള്ള അതുല്യനായ നേതാവാണെന്നും നെഹ്രു തന്റെ ലോകചരിത്രാവലോകനത്തിൽ വിശദീകരിക്കുന്നു. സോഷ്യലിസത്തിന്റെ മഹാത്മ്യം ആവേശപൂർവം വിവരിക്കുന്നു.

        എല്ലാ വിപ്ലവങ്ങളെയും അദ്ദേഹം അഭിവാദ്യം ചെയ്യുന്നു. വർഗസമരങ്ങളെ അദ്ദേഹം വിശകലനം ചെയ്യുന്നു. യൂറോപ്പിന്റെ- വിദ്വേഷത്തിന്റെ- മാർക്സിസ്റ്റ് വിരോധത്തിന്റെ കണികയില്ലാതെയാണ് അദ്ദേഹം ലോകചരിത്രം അപഗ്രഥനം ചെയ്യുന്നത്. ഒരു അച്ഛൻ മകൾക്കയച്ച കത്തുകൾ, ഇന്ത്യയെ കണ്ടെത്തൽ തുടങ്ങിയ പ്രശസ്തമായ കൃതികളിലൂടെ നെഹ്രു മഹാനായ ഒരു മാനവിക രാഷ്ട്ര മീമാംസകനായി ഉയരുന്ന അതിശയകരമായ കാഴ്ചയാണ് വായനക്കാരൻ കാണുന്നത്. അലഹബാദിലെ ജയിലിൽ കിടക്കുമ്പോൾ വെളിയിലെ റോഡിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന വിളികേൾക്കുവാൻ ഭിത്തിയോടു ചേർന്ന് ഹൃദയം അമർത്തിനിന്നതും വിപ്ലവം ജയിക്കട്ടെയെന്ന് ഏറ്റുവിളിച്ചതും തന്റെ പുസ്തകത്തിൽ ചേർക്കുന്നു. ആ അദ്ധ്യായത്തിന്റെ പേര് തന്നെ ഇൻക്വിലാബ് സിന്ദാബാദ് എന്നാണ്. ലോകത്തെ മാറ്റിമറിച്ച വിപ്ലവമാണ് റഷ്യൻവിപ്ലവം എന്ന് നെഹ്രു വിലയിരുത്തി. എല്ലാ ഏകാധിപത്യത്തിനും നെഹ്രു എതിരായിരുന്നു.

        അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായിരുന്നു പലപ്പോഴും. പ്രതിരോധമന്ത്രിയായും വിദേശകാര്യമന്ത്രിയായും  മലയാളിയും അമേരിക്കൻ വിരുദ്ധനുമായ  വി.കെ കൃഷ്ണമേനോനെ  മന്ത്രിസഭയിൽ രണ്ടുതവണ ഉൾപ്പെടുത്തുക വഴി ഇന്ത്യയിലെ ആംഗ്ലോ-അമേരിക്കൻ ചേരിയുടെയും  ലോകസാമ്രാജ്യത്വ ശക്തികളുടെയും എതിർപ്പ് നേടിയെടുത്തു.  പക്ഷെ നെഹ്രു കുലുങ്ങിയില്ല.  കൃഷ്ണമേനോൻ വഴിയും നേരിട്ടും നെഹ്രു  ഐക്യരാഷ്ട്രസഭയിൽ ചെയ്തിട്ടുള്ള പ്രസംഗങ്ങൾ ലോകത്ത് അക്കാലത്ത്  സജീവ ചർച്ചാ വിഷയങ്ങളായിരുന്നു.  വിദ്യാലയങ്ങളിലെ ആവേശമായിരുന്ന സോഷ്യലിസ്റ്റ് ചേരിക്കായും പൊതുവിലും  സോവിയറ്റ് യൂണിയനുമായും നെഹ്രു സവിശേഷമായ  ബന്ധങ്ങൾ സ്ഥാപിച്ചു.  റഷ്യ അദ്ദേഹം സന്ദർശിക്കുകയും സ്റ്റാലിൻ യു.എസ്.എസ്.ആറിൽ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതികൾ ഇന്ത്യയിൽ ആവിഷ്കരിക്കുകയും ചെയ്തു. ഹൃദയത്തിൽ എന്നും നെഹ്റു വിപ്ലവകാരിയും സാമ്രാജ്യത്വവിരുദ്ധനും കൊളോണിയൽ വിരുദ്ധനുമായിരുന്നു.

        ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ഈജിപ്ത്, യൂഗോസ്ലാവിയ എന്നീ അഞ്ചു രാജ്യങ്ങളും ചേർന്ന് ചേരി-ചേരാ പ്രസ്ഥാനം രൂപീകരിച്ചു. നെഹ്രു, ടിറ്റോ, നാസർ, സുക്കാർണോ, ചൗ എൻ ലായ് എന്നീ അഞ്ചുപേരാണ് ചേരി- ചേരാ പ്രസ്ഥാനത്തിന് അടിത്തറയിട്ട സ്ഥാപക നേതാക്കൾ. അതിൽ നെഹ്റുവിന്റെ സ്ഥാനം മുൻനിരയിലാണ്. ചേരി- ചേരാ പ്രസ്ഥാനം ലോകത്തെ ഏറ്റവും അധികം രാജ്യങ്ങളുള്ള ലോക പ്രസ്ഥാനമായി. യു.എൻ.ഒയിൽ വോട്ടെടുപ്പിൽ അമേരിക്കയെ പലപ്പോഴും ഒറ്റപ്പെടുത്തുകയും ചെയ്തു. ക്യൂബ, ചൈന, വിയറ്റ്നാം, പാലസ്തീൻ, അംഗോള തുടങ്ങിയ നിരവധി ലോക പ്രശ്നങ്ങളിൽ ഇന്ത്യയും ചേരി-ചേരാ പ്രസ്ഥാനവും സോഷ്യലിസ്റ്റ് ചേരിക്കൊപ്പം അണിനിരന്നു. ഇതിൽ നെഹ്റുവിന്റെ പങ്ക് വളരെ വലുതായിരുന്നു.

        നെഹ്റു ചിലപ്പോഴൊക്കെ ചരിത്രത്തിന്റെ കൈയിലെ കളിപ്പാട്ടമായും പ്രവർത്തിച്ചു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ 1959ൽ പിരിച്ചുവിട്ടു. മഹത്തായ തെലുങ്കാന സമരത്തെ സൈനിക നടപടിയിലൂടെ അടിച്ചമ‌ർത്തുകയും ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകളെ കശാപ്പ് ചെയ്തുകൊണ്ട് പ്രായോഗിക വലതുപക്ഷ രാഷ്ട്രീയത്തിൽ താൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനാകുമെന്നും നെഹ്റു തെളിയിച്ചു.
നെഹ്റുവും പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. രാഷ്ട്രീയത്തിൽ പൊരുതുമ്പോഴും സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നതിൽ നെഹ്റു ബദ്ധശ്രദ്ധനായിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ രക്ഷകനായിരുന്നു അദ്ദേഹം. വർഗീയതയുടെ എതിരാളിയായിരുന്നു, മതേതരത്വത്തിന്റെ ആരാധകനായിരുന്നു. ഹിന്ദു വർഗീയതയെ അദ്ദേഹം തീർത്തും നിരുത്സാഹപ്പെടുത്തി. ഹിന്ദു വർഗീയവാദികൾ ഇന്ത്യയുടെ ശത്രുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന ഹിന്ദുവർഗീയവാദി ഗോഡ്സെ ഇന്ത്യയുടെ ആത്മാവിലാണ് വെടിവച്ചതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

ആദ്യ പ്രസംഗത്തിലൂടെ പുതിയ ലോകത്തേക്ക്

[മലയാള മനോരമയില്‍ വഴിത്തിരിവ്‌ എന്നാ പംക്തിയില്‍ 2008 ഒക്ടോബര്‍ 18 നു പ്രസിദ്ധീകരിച്ചത്] 

     
        സ്വന്തം ഭൂമിയില്‍ കൃഷി ചെയ്താണ് അച്ഛന്‍ ഞങ്ങളുടെ കുടുംബം പോറ്റിയിരുന്നത്. അതുതന്നെ നിത്യവൃത്തിക്ക് തികയുമായിരുന്നില്ല. സ്കൂളില്‍ പോകും മുമ്പും പോയി വന്ന ശേഷവും ഞങ്ങളും അച്ഛനെ സഹായിക്കാനിറങ്ങും. ആ ചുറ്റുപാടില്‍ നിന്നും കോളേജില്‍ പോയി പഠിക്കുക എളുപ്പമായിരുന്നില്ല. ആ വാര്‍ഡില്‍ നിന്നും എം.എ. പാസ്സായ രണ്ടാമത്തെ ആളും എല്‍ എല്‍ ബി പാസ്സായ ആദ്യത്തെയാളും ഞാനാണ്.

        എന്‍റെ ജ്യേഷ്ഠന്‍  അന്ന് പയ്യന്നൂരില്‍ ഒരു പാര്‍ട്ട്‌ ടൈം ഹിന്ദി ടീച്ചര്‍ ആയിരുന്നു. അദ്ദേഹത്തിനു കിട്ടുന്ന 40 രൂപ ശമ്പളത്തില്‍ 20 രൂപ വീട്ടിലേക്ക് അയക്കും. ആ തുക കൊണ്ടാണ് ഞാന്‍ പഠിച്ചത്. അദ്ദേഹം ഇന്നില്ല. അച്ഛന്‍റെ പേരിലുള്ള ഒരേക്കറില്‍ നിന്നും 10 സെന്‍റ് നൂറു രൂപയ്ക്കു വിറ്റാണ് ഹൈസ്കൂളില്‍ മൂന്നു വര്‍ഷം പഠിച്ചത്. പ്രീയൂണിവേഴ്സിറ്റി  പാസ്സായപ്പോള്‍ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചരിനു പന്തളം എന്‍ എസ് എസ് കോളേജില്‍ ചേര്‍ന്നു. അന്ന് ഒറ്റ യൂണിവേഴ്സിറ്റിയേ ഉള്ളൂ. കാസര്‍ഗോഡ്‌ മുതല്‍ പാറശാല വരെയുള്ള കോളേജുകളില്‍ നിന്നും ആകെ 24 സെക്കന്‍റ് ക്ലാസ്സുകളില്‍ ഒന്ന് എനിക്കായിരുന്നു. (ആര്‍ക്കും ഫസ്റ്റ് ക്ലാസ്സ്‌) ലഭിച്ചില്ല) ഇതേ കോളേജില്‍ പഠിച്ച എന്‍റെ അനിയനെ രാഷ്ട്രീയ എതിരാളികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതും ഇന്നും വേദനയോടെ മനസ്സിലുണ്ട്.

        എം എ യ്ക്ക് ഞാന്‍  പന്തളത്തും, കൊല്ലം എസ് എന്‍ കോളേജിലും  അപേക്ഷിച്ചു. പന്തളത്ത് നിന്നും  അഡ്മിഷന്‍ കാര്‍ഡ്‌ വന്നു. അന്ന് കൊല്ലം എസ് എന്‍ കോളേജിന്‍റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും അതിപ്രശസ്തരായ അധ്യാപകരാണുണ്ടായിരുന്നത്. കെ പി അപ്പന്‍ , കാര്‍ട്ടൂണിസ്റ്റ് സോമനാഥന്‍ , കിളിമാനൂര്‍ രമാകാന്തന്‍ , ആര്യനാട് ഗോപി , ഷേക്സ്പിയര്‍ വേലായുധന്‍ നായര്‍ , പിന്നീട് മനുഷ്യാവകാശ കമ്മീഷനിലെത്തിയ ഡോ.ബലരാമന്‍ , വാസുദേവയ്യര്‍ , മാത്യു തരകന്‍ , പ്രൊഫ: ചന്ദ്രശേഖരന്‍ , പിന്നീട് പി വി സി ആയ എസ് കെ രാജശേഖരന്‍ തുടങ്ങിയവര്‍ . കൊല്ലത്ത് നിന്ന് എനിക്ക് അഡ്മിഷന്‍ കാര്‍ഡ്‌ വന്നില്ല. ഞാന്‍ കൊല്ലം എസ് എന്‍ കോളേജിലേക്ക് നേരിട്ട് ചെന്നു. അന്ന് ഞാനൊരു ചെറിയ കുട്ടിയാണ്. പത്തുമണിക്ക് പ്രിന്‍സിപ്പലിന്‍റെ മുറിയുടെ മുന്‍പിലെത്തി. ഭക്ഷണം കഴിക്കാതെ കാത്തു നിന്നു. വൈകിട്ട് അഞ്ചരയായപ്പോള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീനിവാസന്‍ മുറിയില്‍ നിന്നും പുറത്തേക്കു വന്നു. എന്നെ കണ്ട് എന്തെടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. ഞാന്‍ തൊഴുതു കൊണ്ടു കാര്യം പറഞ്ഞു. ക്ലാസ്സ് കിട്ടിയിട്ടും കാര്‍ഡ്‌ കിട്ടിയില്ലേ, ഇവിടെ ക്ലാസ്സ്‌ ഉള്ള ഒരാളേ ചേര്‍ന്നിട്ടുള്ളല്ലോ എന്നു സാര്‍ പറഞ്ഞു. എന്നിട്ടു ചോദിച്ചു. നീയെന്തിനാ ഇവിടെ ചേരുന്നത്? നിനക്ക് പന്തളത്ത് അഡ്മിഷന്‍ കിട്ടുമല്ലൊ. ഞാന്‍ പറഞ്ഞു. സാറും വേലായുധന്‍ നായര്‍ സാറും വാസുദേവയ്യര്‍ സാറുമൊക്കെ ഇവിടെയാണല്ലോ. നാളെ അഡ്മിഷനു വേണ്ടി ഫീസുമായി വരാന്‍ പറഞ്ഞു.

        ചേര്‍ന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ അധ്യാപക സമരം തുടങ്ങി. മാനേജ്മെന്‍റ് അമ്പതു അധ്യാപകരെ പിരിച്ചുവിട്ടതാണ് കാരണം. എ കെ പി സി ടി എ ആരംഭിച്ച കാലമാണ്. അധ്യാപകരെന്നു പറഞ്ഞാല്‍ എനിക്കു വളരെ ബഹുമാനമാണ്. ആദരവു നിറഞ്ഞ ഭക്തിയെന്നു പറയാം. എസ് എന്‍ കോളേജ് ജeഗ്ഷനില്‍ അന്നൊരു പ്രതിഷേധ യോഗം നടന്നു. അവിടെ ഞാന്‍ പ്രസംഗിച്ചു. അതോടെ വിദ്യാര്‍ഥി സംഘടനക്കാര്‍ എന്നെ വളഞ്ഞു പിടിക്കാന്‍ തുടങ്ങി. വിതുരബേബി , കാര്‍ട്ടൂണിസ്റ്റ് സോമനാഥന്‍ , അന്നത്തെ സി പി ഐ ജില്ലാ സെക്രട്ടറി പി ഭാസ്കരന്‍ ഇവര്‍ മൂവരും എന്നെ ജനയുഗത്തിന്‍റെ ഓഫീസില്‍ വിളിച്ച് സംഘടനയില്‍ ചേരുന്ന കാര്യം സംസാരിച്ചു. എന്നാല്‍ ഊര്‍ജസ്വലമായ കേരള വിദ്യാര്‍ഥി ഫെഡറേഷ(കെ എസ് എഫ്)നിലാണ് ഞാന്‍ അംഗമായത്. അക്കാലത്ത് ഞാന്‍ പ്രസംഗിച്ചാല്‍  കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും കൂടുമായിരുന്നു. കാലക്രമേണ, കോളേജ് യൂണിറ്റ് എക്സിക്യൂട്ടിവ് ആയി , പിന്നെ ജില്ലാ കമ്മിറ്റിയിലും സ്റ്റേറ്റ് കമ്മിറ്റിയിലും എടുത്തു. തലശ്ശേരി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു. അവിടെ വച്ചാണ് പിണറായി വിജയനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം ഒഴിയുകയാണ്. വൈക്കം വിശ്വന്‍ ഒരു ടേം കൂടി സെക്രട്ടറി ആയി തുടരാന്‍ ആ സമ്മേളനത്തില്‍ തീരുമാനിച്ചു. ആദ്യം കണ്ടത് മുതല്‍ പിണറായിയോട് എനിക്ക് ആരാധനയാണ്. അതിപ്പോഴും നിലനില്‍ക്കുന്നു. കാരണം അന്നു മുതല്‍ ഇന്നു വരെ പിണറായിയുടെ സ്വഭാവത്തില്‍ ഒരു മാറ്റവും കണ്ടിട്ടില്ല. ഒരു പൊങ്ങച്ചവും ഇല്ല. കെ എസ് എഫ് പിന്നീട് എസ് എഫ് ഐ ആയപ്പോള്‍ എന്നെ അതിന്‍റെ ആദ്യ പ്രസിഡന്‍റ് ആക്കി.  

        ഷേക്സ്പിയര്‍ വേലായുധന്‍ നായര്‍ സാര്‍ പഠിപ്പിക്കുമ്പോള്‍ അദ്ദേഹം പുസ്തകം തുറന്നു നോക്കില്ല. മനപാഠമായി നാടകം അവതരിപ്പിക്കും. ഒരു ദിവസം ക്ലാസെടുക്കുമ്പോള്‍ ഞാന്‍ അറിയാതെ പുസ്തകം മറിച്ചു നോക്കി. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം 'ഫാദര്‍ലെസ്സ്നെസ്സ്' എന്നൊരു വാക്കു പറഞ്ഞു. എന്നെ അതു വേദനിപ്പിച്ചു. ആദ്യമായാണ്‌ സാര്‍ എന്നെ വഴക്ക് പറഞ്ഞത്. അടുത്ത ദിവസം ഞാന്‍ അച്ഛനെ വിളിച്ചുകൊണ്ടു ഡിപ്പാര്‍ട്ട്മെന്റില്‍ ചെന്നു. അച്ഛന്‍ അന്ന് പണിയെടുത്ത് മെലിഞ്ഞുണങ്ങിയ രൂപമാണ്. ഞാന്‍ സാറിനോട് പറഞ്ഞു. സാര്‍ ഇതാണെന്‍റെ അച്ഛന്‍ . സാറിനത് മനസ്സില്‍ കൊണ്ടു. അടുത്ത ദിവസം അദ്ദേഹം എന്നെ വീട്ടില്‍ വിളിപ്പിച്ച് ഇങ്ങനെയൊരു വാക്ക് ഇംഗ്ലിഷിലില്ലെന്നും ഞാനോര്‍ക്കാതെ പറഞ്ഞു പോയതാണെന്നും വേദനയോടെ പറഞ്ഞു. ഒരു തനി നാട്ടിന്‍ പുറത്തു ജനിച്ച എനിക്ക് കോളേജില്‍ പഠിക്കാന്‍ കഴിഞ്ഞതാണ് എന്‍റെ ജീവിതത്തിലെ വഴിത്തിരിവ്.

ശബ്ദം ഉണ്ടായത്

(ആദിയില്‍ വചനമുണ്ടായിരുന്നു) 
[ശ്രീ.കെ.എ.ഫ്രാന്‍സിസ് എഴുതി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസാധനം ചെയ്ത 'ഓം' എന്ന പുസ്തകത്തിനെഴുതിയ ആമുഖം]

ബ്ദത്തിന്‍റെ ഉല്‍പ്പത്തി, അതിന്‍റെ രൂപാന്തരീകരണം എന്നീ വിഷയങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന കൃതിയാണ് ശ്രീ.കെ.എ.ഫ്രാന്‍സിസിന്‍റെ 'ഓം' എന്ന ഗ്രന്ഥം. ഓം എന്ന ശബ്ദത്തിന്‍റെ  വ്യത്യസ്ത രീതിയിലുള്ള പഠനമാണ് ഇതില്‍ അദ്ദേഹം നിര്‍വ്വഹിച്ചിരിക്കുന്നത്. "എല്ലാ ശബ്ദങ്ങളുടെയും പ്രതിധ്വനികളുടെയും ആദ്യ സ്വരം ഓം ആണ്" എന്ന് സ്ഥാപിക്കാന്‍ അനവധി

ദൃഷ്ടാന്തങ്ങള്‍, രേഖാ ചിത്രങ്ങള്‍, അനുമാനങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ അദ്ദേഹം ഫലപ്രദമായി ഉപയോഗിക്കുന്നു. ശബ്ദത്തിന്‍റെ ശക്തിയെ 'സ്ഫോടന സിദ്ധാന്തത്തിലൂടെ ഇതില്‍ വ്യക്തമാക്കുന്നു. മദ്ധ്യസ്ഥായിയിലുള്ളത്, കീഴ്സ്ഥായിയിലുള്ളത് എന്നിങ്ങനെ രണ്ടു സ്വരങ്ങള്‍ മാത്രമായിരുന്നു ആദ്യകാലത്ത്‌ സംഗീതത്തിനുണ്ടായിരുന്നത്. ഒരു സെക്കന്‍ഡില്‍ മുപ്പതു പ്രകമ്പനങ്ങളെങ്കിലും ഉണ്ടായാലെ ശബ്ദം കേള്‍ക്കാനാവൂ. അത് ഇരുപതിനായിരത്തില്‍ കൂടുതല്‍ ആയാല്‍ ശബ്ദം കേള്‍ക്കുകയേയില്ല. കേള്‍ക്കാവുന്ന ശബ്ദത്തിന് 'ആഹത'യെന്നും കേള്‍ക്കാന്‍  പാടില്ലാത്ത ശബ്ദത്തിന് 'അനാഹത'യെന്നും പറയുന്നു. ആഹതയെത്തന്നെ സ്ഫോടം, നാദം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. നാദത്തില്‍ 'ന' പ്രാണവായുവും 'ദം' അഗ്നിയുമാണ്. നാദത്തിന് അഞ്ചു ഘട്ടമുണ്ട്. നാഭിയില്‍ നിന്നും പുറപ്പെടുന്നത് 'അതിസൂക്ഷ്മം'. ഉരപഞ്ജരത്തില്‍നിന്നും വരുന്നത് 'സൂക്ഷ്മം', കണ്oത്തില്‍ നിന്നും പുറപ്പെടുന്നത് 'പൂര്‍ണനാദം'. ശിരസ്സില്‍ നിന്നും നിര്‍ഗ്ഗളിക്കുന്നത് 'അപൂര്‍ണനാദം', വികൃതമാക്കപ്പെട്ട ശബ്ദത്തിന് 'കൃത്രിമം' എന്നിങ്ങനെ വിഭജിക്കാം. ഇതിനെ മന്ത്ര, മധ്യാതാരനാദങ്ങള്‍ എന്നും വിശേഷിപ്പിക്കാം. പാശ്ചാത്യര്‍ക്കും ശബ്ദം സ്ഫോടം തന്നെയാണ്. ഫൊണെറ്റിക്സ് എന്ന ആശയത്തിന് ശാസ്ത്രീയ പിന്‍ബലം നല്‍കിയാണ്‌ അവര്‍ അവതരിപ്പിക്കുന്നത്.

ആധ്യാത്മികജ്ഞാനം എന്നത് ആശയമണ്ഡലത്തില്‍നിന്നു വികസിച്ചുവന്ന അറിവിന്‍റെകേന്ദ്രമാണ്. വസ്തുജ്ഞാനത്തിലൂടെ ലഭിക്കുന്ന അറിവിനപ്പുറം അതീന്ദ്രിയതയുടെ വിശാലഭൂമികയില്‍നിന്നുമാണ് അത് ജനിക്കുന്നത്. ആശയത്തിന് സ്വതന്ത്രമായ നിലനില്‍പ്പില്ലെന്നും അതിന് പ്രപഞ്ചവുമായി ചില കാര്യകാരണബന്ധങ്ങള്‍  ഉണ്ടെന്നുമുള്ള പ്രത്യയശാസ്ത്ര നിര്‍മ്മിതിയില്‍നിന്നു തികച്ചും ഭിന്നമാണ്‌ 'ഓം' എന്ന കൃതിയില്‍ പ്രതിപാദിക്കുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തുന്ന പ്രത്യയ ശാസ്ത്രം. കാല്പനികതയുടെ നനവുകളില്‍ കിളിര്‍ത്തു വന്ന ആശയങ്ങള്‍ക്ക് പ്രത്യക്ഷ രൂപം നല്‍കി ശാസ്ത്രീയതയുടെ ബലത്തില്‍ പരിശോധിക്കുകയാണ് മിക്ക ആത്മീയ നവീകരണ പ്രസ്ഥാനങ്ങളും ചെയ്യുന്നത്.സര്‍വ്വ പ്രപഞ്ചത്തിത്തിനും മൂലാധാരം ഈശ്വരനാണ് എന്ന ആത്മവാദികളുനിഗമനം ഇതിനു തെളിവാണ്. "പ്രപഞ്ചത്തിനു കാരണനായും അശരീരനായും കഴിവില്ലാത്തവനായും
വേദാന്ത വേദ്യനാകയാല്‍ സത്തെന്നും ബാഹ്യേന്ദ്രിയങ്ങളാല്‍ അവേദ്യനാകകൊണ്ട് അസത്തെന്നും പറയുന്ന സ്വഭാവത്തോട് കൂടിയിരിക്കുന്ന ആ പരമാത്മാവ്‌ ആദ്യം സൃഷ്ടിച്ച ജീവനെ ബ്രഹ്മാവെന്നു പറയുന്നു." മനു സ്മൃതിയില്‍ (ഭൃഗ സംഹിത) പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി വികാസ പരിണാമങ്ങള്‍ ഇങ്ങനെ വിശദമായി വര്‍ണിക്കുന്നു. ഉപനിഷത്തുക്കളില്‍ കണികകള്‍ വരെയുള്ള പദാര്‍ഥങ്ങളെ ആത്മജ്ഞാനപരമായി വിവരിക്കുന്നു.ഇതെല്ലാം ആധാരമാക്കുന്നത് വിശ്വാസം എന്ന ശക്തമായ അടിത്തറയെയാണ്.

മാര്‍ക്സിസം-മതത്തെ-നിരാകരിക്കുന്നില്ല-
(ഭാഷാപോഷിണി മാര്‍ച്ച്‌ 2010 ല്‍ പ്രസിദ്ധീകരിച്ചത്)
  
തം ഒരു സാമൂഹ്യ സ്ഥാപനമാണ്‌. ഭൗതിക ജീവിതത്തിലെ പ്രയാസങ്ങളെയും ദുരിതങ്ങളേയും മറക്കുന്നതിനുള്ള സിദ്ധൗഷധമായിട്ടാണ് പ്രായോഗികമായി മതത്തെ കണ്ടിരുന്നത്.മതത്തിന്‍റെ കഴിവിനെ മാര്‍ക്സ് ശ്ലാഘിക്കുകയാണുണ്ടായത്.മനുഷ്യന്‍റെ പ്രയാസങ്ങളെ വിസ്മരിക്കുന്നതിനുള്ള ദിവ്യൗഷധം എന്ന തരത്തില്‍ വേദനിക്കുന്ന ലോകത്തിന്  ഒരു ആശ്വാസം എന്നാ നിലയിലാണ് മതത്തെ കാണുന്നത്. ആത്മാവ് നഷ്ടപ്പെട്ട ജീവിതത്തിന്‍റെ ആത്മാവാണ് മതം. വിശ്വാസത്തിന്‍റെ കാഠിന്യവും ആഴവും ഗഹനതയും സൂചിപ്പിക്കാനാണ് "മനുഷ്യനെ മയക്കുന്ന കറുപ്പ്" എന്ന് മാര്‍ക്സ് മതത്തെ വിശേഷിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയുടെ കരട് തയ്യാറാക്കുമ്പോള്‍ ഏoഗല്‍സ് അതില്‍ ആദിമ ക്രിസ്റ്റ്യാനിറ്റി സോഷ്യലിസത്തിന്‍റെ ആദിരൂപമാണെന്നാണ് പറഞ്ഞിരിക്കുന്നത്. ആദിമ ക്രിസ്ത്യാനി യഥാര്‍ഥത്തില്‍ വര്‍ഗരഹിതവും ചൂഷണരഹിതവുമായ ഒരവസ്ഥയെപ്പറ്റിയാണ്പറയുന്നത്. ശാസ്ത്രീയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിന്‍റെ ആദിമരൂപമാണ് ആദികാല ക്രിസ്റ്റ്യാനിറ്റി. മതം അന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഭരണകൂടത്തെ വെല്ലുവിളിച്ചു എന്നാരോപിച്ചുകൊണ്ടാണ് ക്രിസ്തുവിനെ രക്തസാക്ഷിയാക്കുന്നത്. ഭരണകൂടമാണ്‌ അദ്ദേഹത്തെ കുരിശില്‍ തറച്ചത്. മതത്തെ അന്ധമായി മാര്‍ക്സിസം നിരാകരിക്കുന്നില്ല. മുഹമ്മദ്‌നബിപോലും ആദ്യം പോരാടുന്നത് ഭരണകൂടത്തിന്‍റെ കലാപത്തിനും കൊള്ളയ്ക്കും എതിരായിട്ടാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് നിരന്തരമായി മക്കയില്‍നിന്നും മദീനയിലേക്ക്‌  യാത്ര ചെയ്യേണ്ടി വന്നതും.

രാജസിംഹാസനം ഉപേക്ഷിച്ച് ബുദ്ധന്‍ ഇറങ്ങിവരുന്നു. കാലം കഴിഞ്ഞ് മതങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. അവ ഭരണകൂടങ്ങളുടെ വക്താക്കളായി മാറി. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതം മുതലാളിത്തസാമ്രാജ്യത്വ ഭരണകൂടങ്ങളുടെ വക്താക്കളായി മാറി. അതിനു മുന്‍പ് രാജവാഴ്ചയുടെയും 
ഫ്യൂഡല്‍ പ്രഭുക്കളുടേയും വക്താക്കളായിരുന്നു. ഇതിനെ ഞങ്ങള്‍ താത്ത്വികമായി എതിര്‍ക്കുന്നു. അതിന്‍റെ നിലനില്‍പിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. മതത്തിന്‍റെ നല്ല കാര്യങ്ങളെ ഞങ്ങള്‍ എതിര്‍ക്കാറില്ല. ഭരണകൂടത്തെ അട്ടിമറിച്ച് തൊഴിലാളി കര്‍ഷകവര്‍ഗ്ഗങ്ങളുടെ ഒരു ഭരണകൂടം കൊണ്ടുവരുന്നതിനു ലോകത്തെ ഒരു മതനേതൃത്വവും അനുകൂലിക്കുന്നില്ല.

മതത്തോടുള്ള മാര്‍ക്സിസ്റ്റ്‌ സമീപനം ദ്വന്ദ്വാത്മകമാണ്. മതം ഉണ്ടായത് മനുഷ്യനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ്. ധാര്‍മികതയും നന്മയും സന്നിവേശിപ്പിക്കാന്‍ ഉണ്ടായതാണ്. പിന്നീട് അത് ചൂഷക ഭരണകൂടങ്ങളെ സംരക്ഷിക്കുന്ന തരത്തിലേക്ക് വന്നപ്പോഴാണ് മതവും മാര്‍ക്സിസവും തമ്മില്‍ ആദര്‍ശപരമായ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ നിലനില്‍ക്കുമ്പോഴും മതത്തിന്‍റെ നല്ല ചെയ്തികളെ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇരുപതു വര്‍ഷം മുന്‍പ് ലാറ്റിനമേരിക്കയിലെ നിക്കരഗ്വയിലും എല്‍സാല്‍വദോറിലും സായുധ കലാപം നടക്കുമ്പോള്‍ അവിടുത്തെ പാര്‍ട്ടിയില്‍ പുരോഹിതന്മാര്‍ക്ക് മെംമ്പ ര്ഷിപ്‌ കൊടുക്കുമായിരുന്നു. പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ വരെ പുരോഹിതന്മാരുണ്ടായിരുന്നു. അവിടെ പള്ളിയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഒരേ ആശയത്തിനുവേണ്ടിയാണ് പോരാടിയത്.