[മലയാള മനോരമയില്‍ വഴിത്തിരിവ് എന്നാ പംക്തിയില്‍ 2008 ഒക്ടോബര്‍ 18 നു പ്രസിദ്ധീകരിച്ചത്]
സ്വന്തം ഭൂമിയില്‍ കൃഷി ചെയ്താണ് അച്ഛന്‍ ഞങ്ങളുടെ കുടുംബം പോറ്റിയിരുന്നത്. അതുതന്നെ നിത്യവൃത്തിക്ക് തികയുമായിരുന്നില്ല. സ്കൂളില്‍ പോകും മുമ്പും പോയി വന്ന ശേഷവും ഞങ്ങളും അച്ഛനെ സഹായിക്കാനിറങ്ങും. ആ ചുറ്റുപാടില്‍ നിന്നും കോളേജില്‍ പോയി പഠിക്കുക എളുപ്പമായിരുന്നില്ല. ആ വാര്‍ഡില്‍ നിന്നും എം.എ. പാസ്സായ രണ്ടാമത്തെ ആളും എല്‍ എല്‍ ബി പാസ്സായ ആദ്യത്തെയാളും ഞാനാണ്.
എന്‍റെ ജ്യേഷ്ഠന്‍ അന്ന് പയ്യന്നൂരില്‍ ഒരു പാര്‍ട്ട് ടൈം ഹിന്ദി ടീച്ചര്‍ ആയിരുന്നു. അദ്ദേഹത്തിനു കിട്ടുന്ന 40 രൂപ ശമ്പളത്തില്‍ 20 രൂപ വീട്ടിലേക്ക് അയക്കും. ആ തുക കൊണ്ടാണ് ഞാന്‍ പഠിച്ചത്. അദ്ദേഹം ഇന്നില്ല. അച്ഛന്‍റെ പേരിലുള്ള ഒരേക്കറില്‍ നിന്നും 10 സെന്‍റ് നൂറു രൂപയ്ക്കു വിറ്റാണ് ഹൈസ്കൂളില്‍ മൂന്നു വര്‍ഷം പഠിച്ചത്. പ്രീയൂണിവേഴ്സിറ്റി പാസ്സായപ്പോള്‍ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചരിനു പന്തളം എന്‍ എസ് എസ് കോളേജില്‍ ചേര്‍ന്നു. അന്ന് ഒറ്റ യൂണിവേഴ്സിറ്റിയേ ഉള്ളൂ. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള കോളേജുകളില്‍ നിന്നും ആകെ 24 സെക്കന്‍റ് ക്ലാസ്സുകളില്‍ ഒന്ന് എനിക്കായിരുന്നു. (ആര്‍ക്കും ഫസ്റ്റ് ക്ലാസ്സ്) ലഭിച്ചില്ല) ഇതേ കോളേജില്‍ പഠിച്ച എന്‍റെ അനിയനെ രാഷ്ട്രീയ എതിരാളികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതും ഇന്നും വേദനയോടെ മനസ്സിലുണ്ട്.
എം എ യ്ക്ക് ഞാന്‍ പന്തളത്തും, കൊല്ലം എസ് എന്‍ കോളേജിലും അപേക്ഷിച്ചു. പന്തളത്ത് നിന്നും അഡ്മിഷന്‍ കാര്‍ഡ് വന്നു. അന്ന് കൊല്ലം എസ് എന്‍ കോളേജിന്‍റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും അതിപ്രശസ്തരായ അധ്യാപകരാണുണ്ടായിരുന്നത്. കെ പി അപ്പന്‍ , കാര്‍ട്ടൂണിസ്റ്റ് സോമനാഥന്‍ , കിളിമാനൂര്‍ രമാകാന്തന്‍ , ആര്യനാട് ഗോപി , ഷേക്സ്പിയര്‍ വേലായുധന്‍ നായര്‍ , പിന്നീട് മനുഷ്യാവകാശ കമ്മീഷനിലെത്തിയ ഡോ.ബലരാമന്‍ , വാസുദേവയ്യര്‍ , മാത്യു തരകന്‍ , പ്രൊഫ: ചന്ദ്രശേഖരന്‍ , പിന്നീട് പി വി സി ആയ എസ് കെ രാജശേഖരന്‍ തുടങ്ങിയവര്‍ . കൊല്ലത്ത് നിന്ന് എനിക്ക് അഡ്മിഷന്‍ കാര്‍ഡ് വന്നില്ല. ഞാന്‍ കൊല്ലം എസ് എന്‍ കോളേജിലേക്ക് നേരിട്ട് ചെന്നു. അന്ന് ഞാനൊരു ചെറിയ കുട്ടിയാണ്. പത്തുമണിക്ക് പ്രിന്‍സിപ്പലിന്‍റെ മുറിയുടെ മുന്‍പിലെത്തി. ഭക്ഷണം കഴിക്കാതെ കാത്തു നിന്നു. വൈകിട്ട് അഞ്ചരയായപ്പോള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീനിവാസന്‍ മുറിയില്‍ നിന്നും പുറത്തേക്കു വന്നു. എന്നെ കണ്ട് എന്തെടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. ഞാന്‍ തൊഴുതു കൊണ്ടു കാര്യം പറഞ്ഞു. ക്ലാസ്സ് കിട്ടിയിട്ടും കാര്‍ഡ് കിട്ടിയില്ലേ, ഇവിടെ ക്ലാസ്സ് ഉള്ള ഒരാളേ ചേര്‍ന്നിട്ടുള്ളല്ലോ എന്നു സാര്‍ പറഞ്ഞു. എന്നിട്ടു ചോദിച്ചു. നീയെന്തിനാ ഇവിടെ ചേരുന്നത്? നിനക്ക് പന്തളത്ത് അഡ്മിഷന്‍ കിട്ടുമല്ലൊ. ഞാന്‍ പറഞ്ഞു. സാറും വേലായുധന്‍ നായര്‍ സാറും വാസുദേവയ്യര്‍ സാറുമൊക്കെ ഇവിടെയാണല്ലോ. നാളെ അഡ്മിഷനു വേണ്ടി ഫീസുമായി വരാന്‍ പറഞ്ഞു.
ചേര്‍ന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ അധ്യാപക സമരം തുടങ്ങി. മാനേജ്മെന്‍റ് അമ്പതു അധ്യാപകരെ പിരിച്ചുവിട്ടതാണ് കാരണം. എ കെ പി സി ടി എ ആരംഭിച്ച കാലമാണ്. അധ്യാപകരെന്നു പറഞ്ഞാല്‍ എനിക്കു വളരെ ബഹുമാനമാണ്. ആദരവു നിറഞ്ഞ ഭക്തിയെന്നു പറയാം. എസ് എന്‍ കോളേജ് ജeഗ്ഷനില്‍ അന്നൊരു പ്രതിഷേധ യോഗം നടന്നു. അവിടെ ഞാന്‍ പ്രസംഗിച്ചു. അതോടെ വിദ്യാര്‍ഥി സംഘടനക്കാര്‍ എന്നെ വളഞ്ഞു പിടിക്കാന്‍ തുടങ്ങി. വിതുരബേബി , കാര്‍ട്ടൂണിസ്റ്റ് സോമനാഥന്‍ , അന്നത്തെ സി പി ഐ ജില്ലാ സെക്രട്ടറി പി ഭാസ്കരന്‍ ഇവര്‍ മൂവരും എന്നെ ജനയുഗത്തിന്‍റെ ഓഫീസില്‍ വിളിച്ച് സംഘടനയില്‍ ചേരുന്ന കാര്യം സംസാരിച്ചു. എന്നാല്‍ ഊര്‍ജസ്വലമായ കേരള വിദ്യാര്‍ഥി ഫെഡറേഷ(കെ എസ് എഫ്)നിലാണ് ഞാന്‍ അംഗമായത്. അക്കാലത്ത് ഞാന്‍ പ്രസംഗിച്ചാല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും കൂടുമായിരുന്നു. കാലക്രമേണ, കോളേജ് യൂണിറ്റ് എക്സിക്യൂട്ടിവ് ആയി , പിന്നെ ജില്ലാ കമ്മിറ്റിയിലും സ്റ്റേറ്റ് കമ്മിറ്റിയിലും എടുത്തു. തലശ്ശേരി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു. അവിടെ വച്ചാണ് പിണറായി വിജയനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം ഒഴിയുകയാണ്. വൈക്കം വിശ്വന്‍ ഒരു ടേം കൂടി സെക്രട്ടറി ആയി തുടരാന്‍ ആ സമ്മേളനത്തില്‍ തീരുമാനിച്ചു. ആദ്യം കണ്ടത് മുതല്‍ പിണറായിയോട് എനിക്ക് ആരാധനയാണ്. അതിപ്പോഴും നിലനില്‍ക്കുന്നു. കാരണം അന്നു മുതല്‍ ഇന്നു വരെ പിണറായിയുടെ സ്വഭാവത്തില്‍ ഒരു മാറ്റവും കണ്ടിട്ടില്ല. ഒരു പൊങ്ങച്ചവും ഇല്ല. കെ എസ് എഫ് പിന്നീട് എസ് എഫ് ഐ ആയപ്പോള്‍ എന്നെ അതിന്‍റെ ആദ്യ പ്രസിഡന്‍റ് ആക്കി.
ഷേക്സ്പിയര്‍ വേലായുധന്‍ നായര്‍ സാര്‍ പഠിപ്പിക്കുമ്പോള്‍ അദ്ദേഹം പുസ്തകം തുറന്നു നോക്കില്ല. മനപാഠമായി നാടകം അവതരിപ്പിക്കും. ഒരു ദിവസം ക്ലാസെടുക്കുമ്പോള്‍ ഞാന്‍ അറിയാതെ പുസ്തകം മറിച്ചു നോക്കി. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം 'ഫാദര്‍ലെസ്സ്നെസ്സ്' എന്നൊരു വാക്കു പറഞ്ഞു. എന്നെ അതു വേദനിപ്പിച്ചു. ആദ്യമായാണ് സാര്‍ എന്നെ വഴക്ക് പറഞ്ഞത്. അടുത്ത ദിവസം ഞാന്‍ അച്ഛനെ വിളിച്ചുകൊണ്ടു ഡിപ്പാര്‍ട്ട്മെന്റില്‍ ചെന്നു. അച്ഛന്‍ അന്ന് പണിയെടുത്ത് മെലിഞ്ഞുണങ്ങിയ രൂപമാണ്. ഞാന്‍ സാറിനോട് പറഞ്ഞു. സാര്‍ ഇതാണെന്‍റെ അച്ഛന്‍ . സാറിനത് മനസ്സില്‍ കൊണ്ടു. അടുത്ത ദിവസം അദ്ദേഹം എന്നെ വീട്ടില്‍ വിളിപ്പിച്ച് ഇങ്ങനെയൊരു വാക്ക് ഇംഗ്ലിഷിലില്ലെന്നും ഞാനോര്‍ക്കാതെ പറഞ്ഞു പോയതാണെന്നും വേദനയോടെ പറഞ്ഞു. ഒരു തനി നാട്ടിന്‍ പുറത്തു ജനിച്ച എനിക്ക് കോളേജില്‍ പഠിക്കാന്‍ കഴിഞ്ഞതാണ് എന്‍റെ ജീവിതത്തിലെ വഴിത്തിരിവ്.
നല്ല അനുഭവ കുറിപ്പ് . അങ്ങനെ ഒരു പ്രസംഗം നടത്താന് കഴിഞ്ഞത് മലയാളികളുടെ ഭാഗ്യം . കര്മ്മ ധീരനും ഊര്ജ്ജസ്വലനും അഴിമതി രഹിതനുമായ ഒരു ജനകീയ നേതാവിനെ സൃഷ്ടിക്കാന് ആ പ്രസംഗം കാരണമായതിലു സന്തോഷിക്കുന്നു . നൂറു ചുവപ്പിനു അഭിവാദ്യങ്ങള് സഖാവെ . അങ്ങയുടെ കൂടുതലു അനുഭവക്കുറിപ്പുകള് പുതു തലമുറയ്ക്ക് ആവേശം ആകും . കൂടുതല് എഴുതുക
മറുപടിഇല്ലാതാക്കൂആശംസകളോടെ
R N Kurup.
rnkurup.unni@gmail.com
ഭുവനേശ്വരനുസഖാവിന്റെ ഓർമ്മയ്ക്ക് മുന്നില് ഒരായിരം രക്ത പുഷ്പങ്ങള് അർപ്പിക്കുന്നു RED SALUTE
മറുപടിഇല്ലാതാക്കൂ