ഇന്ത്യയെ കണ്ടെത്തല്‍

നെഹ്‌റു കണ്ടെത്തി ഇന്ത്യയെ
വൈവിധ്യമൊടുവില്‍ ഏകമായ് ഒന്നായ്
ലയിച്ചൊരു മഹിതസംസ്കൃതി
രാഷ്ട്രമീമാംസ തന്‍
കവിതയായിട്ടൊഴുകുന്നൊരിന്ത്യയായ്!

സമതലങ്ങളില്‍ വിളയുന്ന കാര്‍ഷിക
ഹരിതസംസ്കാര ഫലമൂലസംസ്കൃതി

കടലിനുള്ളില്‍ വിളയുന്ന പൊന്‍പവന്‍
വിലമതിക്കുന്ന മത്സ്യസമ്പത്തുകള്‍!

കടല്‍ കരകള്‍തന്‍ വീഥിയില്‍വിളയുന്ന
കരിമണല്‍ സമം ലോകോര്‍ജശേഖരം.

മലനിരകളില്‍ തിങ്ങിവിങ്ങുന്നൊരാ
കറുകറാ കറും കമനീയ കനകവും

ഇലകള്‍ തന്‍ തണല്‍ വിളയുന്ന ഏലവും
കറുകയും ഹരമേകുന്നൊരിഞ്ചിയും

വയനാടന്‍ മഞ്ഞള്‍ കശ്മീരിയാപ്പിളും
വനരാജ്യങ്ങളില്‍ വിളയും തേക്കും
അങ്ങതുപോലായിരം തടിയും പാറയും

ഹരിസുഗന്ധ മനോഹരചന്ദനം
ഹിമതടങ്ങളില്‍ ദേവതാരുക്കളും
കൊലിയസുന്ദരി ചീനാര്‍മരങ്ങളും
പലവിധം ഫലവര്‍ഗ്ഗ സസ്യങ്ങളും

തലയുയര്‍ത്തിയീ ഭൂവിനെ വന്ദിക്കും
ഹിമശിഖരങ്ങള്‍ പര്‍വ്വതാഗ്രേസരര്‍
കൊടുമുടികള്‍ തന്‍ കൊടുമുടിയായിടും
ഹിമവല്‍ ശ്രേഷ്oന്‍റെ മകുടം എവറസ്റ്റും

ഒഴുകിയൊഴുകി യുഗങ്ങളെപ്പിന്നിട്ട
നദികള്‍ ഗംഗയും യമുനയും സിന്ധുവും

ഒരുവശത്തു തണുപ്പും മഴകളും
മറുവശത്ത് തീപ്പാറുന്ന ഉഷ്ണവും
അതിനിടയില്‍ സമത്വ ശീതോഷ്ണവും
ഭുവനമാകെ ഇവിടെ ബിംബിച്ചുവോ?

മഴകള്‍ വന്നതും സൂര്യനുദിച്ചതും
ഇവിടെ മാത്രമാണെന്നു തോന്നും വിധം!

ഖനികളും മരുഭൂക്കളും
പച്ചപ്പുതുരുതുരാ മിന്നും
ഓമല്‍ ഗ്രാമങ്ങളും

കഠിനയുദ്ധങ്ങള്‍ സംഘര്‍ഷഭൂവുകള്‍
മഹിതശാന്തിതന്‍ തീര്‍ഥസ്ഥലങ്ങളും!

ഭുവനമാകെ നിറയും
മതങ്ങള്‍ തന്‍ സഹനകേന്ദ്രങ്ങള്‍
രാഷ്ട്രമീമാംസതന്‍
ഉരുളുപൊട്ടിയൊഴുകുന്ന ഭൂവിത്!

സമരസജ്ജരാം ജനത
സായിപ്പിന്‍റെ കഠിനദണ്ഡനം
പുല്ലായ് നിനച്ചവര്‍
കുടിലില്‍ വിശ്വവിളക്കു കത്തിച്ചവര്‍
കുടിലശക്തിയെ തള്ളിപ്പറഞ്ഞവര്‍!

ഇവിടെ ജാലിയന്‍വാലിയില്‍ ചൌരിയില്‍
മഹിതമാം വയലാറില്‍ പുന്നപ്രയില്‍
കഴുവിലേറിയമരര്‍ തന്‍ കയ്യൂരില്‍
കഠിനയുദ്ധം കിസാന്മാര്‍ നടത്തിയ
വിപുലവിസ്തൃതം ആതെലിങ്കാനയില്‍

രുധിര ഭാരത ശോണചക്രങ്ങളില്‍
കരളുറപ്പോടരഞ്ഞുചതഞ്ഞവര്‍
ഇവിടെ എത്ര ഭഗത്സിങ്ങു ത്ധാന്‍സിമാര്‍
പുകളെഴുന്നവര്‍ താന്തിയാതോപ്പിമാര്‍
കടലിരമ്പിച്ച സായിപ്പു ലാത്തിയാല്‍
തലതകര്‍ത്തു വധിച്ച ലാലാജിമാര്‍
എവിടെ വര്‍ണന തീരും മനുഷ്യന്‍റെ
പരമമോചനം ഭാരതദര്‍ശനം!

സബര്‍മതിയില്‍ നൂല്‍നൂത്ത പിതാവിന്‍റെ
പരമപാദ പഥങ്ങളില്‍ നാടിന്‍റെ
മനസ്സുരുക്കിയ ലവണ സത്യഗ്രഹം!
ഇവിടെയെത്രയോ പറയുവാനായിരം
നനവു നാക്കുള്ളനന്ദനും തോറ്റുപോം!

നെഹ്‌റു കണ്ടെത്തി ഇന്ത്യയെ
ലോകതിന്നറുവു തേടിയന്നാദ്യം നടന്നവര്‍
നെഹ്‌റു കണ്ടൊരാ ഇന്ത്യയിന്നെവിടെയാ-
ണറിയണം നാം അതൊക്കെ ഒരേ വിധം!

ഇവിടെ നമ്മെ നയിക്കുന്നവര്‍ക്കില്ല
തനതു കാലുകള്‍ കൈയ്യുകള്‍ മസ്തകം
വികൃതമാക്കിയ വൈദേശികത്തിന്‍റെ
തനതുസൃഷ്ടികള്‍ ഈ ഭരണോത്തമര്‍!

പഴയ ഭാരതം ഇന്നത്തെ ഭാരതം
നറുനിലാവുപോല്‍ കാണാന്‍ കഴിഞ്ഞെ-
ങ്കിലിതുകള്‍ ഇങ്ങനെ ഡോളര്‍ മണപ്പിച്ചു
തെരുവുനായ്ക്കള്‍ എല്ലെന്നപോലോടുന്ന
പരമ കഷ്ടമാം കാഴ്ച നാം കാണുമോ?

അസ്ഥിയില്ലാത്ത കാല്‍കളില്‍
സായിപ്പു വച്ചുകെട്ടിയ പാന്‍റും
അവറ്റകള്‍ വച്ചുനീട്ടിയ കോട്ടും
കഴുത്തിലെ വൃത്തികെട്ട വിദേശ കൌപീനവും
മാതൃഭാഷ മറന്നും
മാതാവിന്‍റെ പാല്‍ കുടിച്ചതോര്‍മ്മിച്ചിടാതെയും
വലിയ സായിപ്പു വായില്‍ കയറ്റിയ
വലിയ ഭാഷ വായില്‍ വച്ചുചപ്പിയും
പരമശുദ്ധമാം നാട്ടുഭോജ്യങ്ങളെ
പരമപുച്ഛമായ്തള്ളിപെരുങ്കാള-
തലയറുത്തങ്ങു ചീറ്റിയ ചോരയില്‍
മുളകു ചേര്‍ത്തുള്ള സൂപ്പുകുടിക്കയും
ചെറിയ നാലു റൊട്ടി കഷണങ്ങളില്‍
മധുരമെന്തോ കലര്‍ത്തി
ഭുജിക്കുവാന്‍
ഒരു മണിക്കൂര്‍ ഗമയില്‍ ഇരിക്കയും
അതിനിടെ നാലു തവണ സായിപ്പുപോല്‍
വെറുമൊരു നേര്‍ത്ത
പേപ്പറില്‍
വായ്‌തുടച്ചൊരുവിധം വൃത്തി
ഉണ്ടെന്നുഭാവിച്ചു
പരമസായൂജ്യമടയും ഭരണമേ!

പൊതുഖജനാവുധൂര്‍ത്തടിച്ചിന്നു നീ
പെരിയഘോഷങ്ങള്‍ കാട്ടുന്ന വേളയില്‍
ഇവിടെ കുട്ടനാടന്‍ വയല്‍ വീഥിയില്‍
പെരുമലവെള്ളപ്പാച്ചിലില്‍ ചെളിയെറി-
ഞ്ഞതിരു കെട്ടുന്ന 'രാമനെ' കണ്ടുവോ?

അവിടെ ജമ്മുവില്‍ കാശ്മീര്‍തടങ്ങളില്‍
വയലില്‍ കൊയ്യുന്ന തന്വിയെ കണ്ടുവോ?

തമിഴുമക്കള്‍ മരത്തടി ചാളയില്‍
കടലില്‍ സൗഭാഗ്യം
തിരയുന്ന കണ്ടുവോ?
അറുപതായിരം നാടന്‍ കൃഷീവലര്‍
ഉയിരുനല്‍കി കടഭാരത്തിനാല്‍
അവര്‍തന്‍ ശാശ്വത ശയനശയ്യക്കായ്‌
വിറകടുക്കും റിസര്‍വ് ബാങ്കിന്‍മടി
സുഖസുഷുപ്തിയൊരുക്കുന്ന നാടിന്‍റെ
ഗതിയിതിങ്ങനെ കണ്ണീരുണങ്ങിയോ?

പെരിയ കൊല്‍ക്കത്ത വീഥികള്‍ തോറുമേ
പുഴുസമം പുരുഷാരത്തെ കണ്ടുവോ?
അവിടെയുണ്ടോ മാതാതെറീസ്സമാര്‍ അ-
വിടെയിന്നുള്ളതറുകൊലയല്ലയോ?

പുകളെഴുന്നോരാ ദില്ലിയില്‍ താവക
ഭരണകൂടം തിളങ്ങി നിന്നീടവേ
പഴയ ദല്‍ഹിയില്‍
മാംസം തുടപ്പിച്ചു
പഴയ നോട്ടിനാല്‍ പ്രേമവ്യാപാരത്തില്‍
അഭിരമിക്കുന്ന സീതയെ കണ്ടുവോ?
എവിടെ നെഹ്രുവിന്നിന്ത്യകണ്ടെത്തിയ
ഒരു ഒരേ ഇന്ത്യ! കര്‍ഷകസംസ്കൃതി!

എവിടെ എന്‍റെ നളന്ദ! തക്ഷശില
ഗുരുകുലങ്ങള്‍ ധനുര്‍വിദ്യശാലകള്‍!
ഇവിടെ ബാക്കി മുറിച്ചൊരാകൈവിരല്‍
ഇവിടെയലയുന്നു ഏകലവ്യന്‍ വൃഥാ!

എവിടെ ഹാരപ്പ! മോഹന്‍ജൊദാരയും!
എവിടെ സിന്ധു നദീതടം! ഗംഗതന്‍
പുളിന സൗഭാഗ്യം ചൊല്ലുമോ കാലമേ?
"ഇവിടിതെന്തു മഹാവീഴ്ച സഹജരേ"
കവി മഹാന്‍ ചൊന്നതിവിടെ
അനര്‍ഥമോ?

എവിടൊരു ജാതി ഒരു മതം ഒരു
                                                                 ദൈവം
അരുളിയ മഹാഗുരുവിന്‍റെ കേരളം!
എവിടെ ബുദ്ധന്‍, അശോകന്‍!
പതഞ്‌ജലി!
എവിടെ ഹര്‍ഷനും അക്ബറും
ചൊല്ലുക!

എവിടെ മാവേലി മന്നന്‍!
വിവേകാനന്ദനെവിടെ! നമ്മുടെ ടാഗോര്‍ !                                                            
                                                                  പറയുക!
പരമരാജ്യം മഹാരാമരാജ്യമെ-
ന്നരുളിയ മഹാഗാന്ധിയെ കണ്ടുവോ?

എവിടെ നെഹ്രുവിന്നിന്ത്യ? ആര്യഭടന്‍?
വരരുചിയും വരാഹമിഹിരനും! എവിടെ
                                                             ചാര്‍വാകന്‍ !
എവിടെ വനസ്പതി!
എവിടെ ചാണക്യതന്ത്രങ്ങള്‍ നാടിനെ-
യഴിമതിയില്‍ വീഴാതെ കാത്തീടുവാന്‍?

എവിടെ വാല്മീകി നീതിശാസ്ത്രങ്ങളെ
വിശദമായി വിവരിച്ചു നല്‍കുവാന്‍!

എവിടെ ശ്രീകൃഷ്ണലീലകള്‍ പാഞ്ചാലി
ഉടുതുണിയഴിഞ്ഞലറിവിളിക്കവേ!

എവിടെ ധര്‍മങ്ങള്‍വാണിടം?
ഒടുവിലി ആമരമേറും അധര്‍മത്തെ
വീഴ്ത്തുവാനെവിടെ ഗാണ്ഡീവം!
എവിടെയാ ഞാണൊലി!
എവിടെ കൊള്ളിമീന്‍
എവിടെയാക്കാറ്റു വീശുന്നതിന്ത്യയില്‍?

എവിടെ രാജമോഹന്‍ റായുകള്‍ !
                                          വിധവകള്‍
ഗതികിട്ടാതലയുന്നൊരിന്ത്യയില്‍?

നബിയും നാനാക്കും കൃസ്തുവിന്‍
                                                                 മക്കളും
ഇവിടെ വാരിവിതറിയ സ്നേഹമോ?

ഒരു മഹാബുദ്ധന്‍
ബോധിവൃക്ഷത്തിന്‍റെ തണലില്‍
വിരിയിച്ച വിശ്വ പ്രകാശമേ!

അറബികള്‍ ചൊരിഞ്ഞമലസുഗന്ധമേ!
പെരിയ ചീനതന്‍വാണിഭം യാത്രൈക
ചരിതവീഥിയില്‍ വന്ന
ഹുവാന്‍സാങു
പുളകമായ് കണ്ട
സമ്പല്‍സമൃധികള്‍
എവിടെ മാഞ്ഞു മറഞ്ഞു പറയുക!

മഹിത വിശ്വാസദാര്‍ഢ്യമേ!
മാനവകുല മഹോന്നതിക്കായ്
സേവ ചെയ്യുവാന്‍
ഇവര്‍കള്‍ ചൊല്ലിയ ശീലുകള്‍
ഇന്ത്യയില്‍ എവിടെയാണിന്നു
                                           ചൊല്ലുക!
യാങ്കി തന്നടിമ രാജകുലങ്ങളേ!
                                             പടകളേ!
ഇവിടെ ബോംബു കരവാളും
                                        കൈപ്പിടി-
യമരും കത്തിയും
പുതുനിറത്തോക്കും!
മനുഷവിദ്വേഷ മലിനഭാരതം
അതിനുമീതെയായ് രുധിരഗന്ധം
പതഞ്ഞൊഴുകും ഡോളറിന്‍
പരവതാനിയും!

അതിനും മീതെയായ്‌ ശിരസ്സു
താഴ്ത്തിയും
കരങ്ങള്‍ കൂപ്പിയും കറുത്ത
പാന്‍റിട്ടുവിറക്കും കാലുകള്‍
പരസ്പരം പിണച്ചുയര്‍ത്തി
                                   നിര്‍ത്തിയും
കിതച്ചും യാചിച്ചും കിടക്കും
നിങ്ങളെജനങ്ങള്‍ കണ്ടെത്തും
ഒരു ദിനം തീര്‍ച്ച!

അതിന്‍റെ വേളയില്‍
നെഹ്രുവിന്നിന്ത്യ
മരിച്ചുവേന്നോര്‍ത്തുകരയുവാനല്ല;
സമസ്തലോകത്തും നിറയും
മാറ്റത്തിന്‍ ചലനശക്തിയെ
തപസ്സിന്‍ ശക്തിയില്‍ -
മനുഷ്യാധ്വാനത്തിന്‍
തപസ്സിന്‍ ശക്തിയാല്‍
ഉണര്‍ത്തുവാന്‍
വിളിച്ചുണര്‍ത്തുവാന്‍
തമസെരിച്ചു തീര്‍ക്കുവാന്‍
പിരിഞ്ഞ കാലത്തിന്‍
ജ്വലിക്കും പന്തങ്ങള്‍
ഉയര്‍ത്തിനീങ്ങുവാന്‍
അവിടെ നമ്മുടെ
പുതിയ ഇന്ത്യയെ
നമുക്ക് കണ്ടെത്താന്‍
കരുത്ത് തേടുമോ?
കരുത്ത് കാട്ടുമോ?
കരുത്തോടായുമോ?
അതിനായ് നമ്മുടെ ചുമലില്‍
                                         താങ്ങുന്ന
വിഴുപ്പുഭാണ്ഡങ്ങള്‍
വലിച്ചെറിയുമോ?
കഥിക്കു മര്‍ത്യരെ!
പുതുജനങ്ങളെ!
നവീനഭാരത യുവവിധാക്കളെ!

1 അഭിപ്രായം: