വഴിമാറുക വയ്യ

(കലാകൗമുദി 2012 ആഗസ്തില്‍ പ്രസിദ്ധീകരിച്ചത്)
കാലിലെ നീരും തണ്ടും
                മാറ്റുവാന്‍ ആയുര്‍വേദ-
ശാലയില്‍ ചികിത്സയ്ക്കായ്
                ഞാന്‍ കിടന്നൊരാനാള്‍കള്‍
ചാരത്തൂടൊഴുകുന്ന
                രാജവീഥിയില്‍ ഘന-
വാഹന ശതവ്യൂഹം
                ആരവം മുഴക്കവേ
ഹൃദയം നടുങ്ങുമാ-
                റുള്ളോരാരവം   എന്‍റെ
തലതന്‍ പെരുവഴി-
                യ്ക്കുള്ളിലായ് മുഴങ്ങവേ
ഹൃദയം നടുക്കുന്ന
                ശബ്ദമോ അതോ ചാരെ
നഗരത്തിരക്കിലെ
                ഘോഷമോ എനിക്കിന്നു
കഠിനം! ചൊല്ലാനാവാ-
                തുഴറുന്നു ഞാന്‍ രോഗ
ശയ്യയില്‍ കിടന്നോളാം!

തടവും തിരുമ്മലും
                കിഴിയും പിഴിച്ചിലും
ഇടവിട്ടിടവിട്ടു
                വസ്തിയും കഷായവും
പരമവിദ്വാന്‍  വൈദ്യര്‍
                തന്നുടെ ശുശ്രൂഷയും
ഇടയില്‍ കലര്‍ന്നങ്ങു
                നീങ്ങവേ ശരീരത്തിന്‍
തടിയും തണ്ടും തേഞ്ഞു
                തേഞ്ഞു തേഞ്ഞിരിക്കലും
മനസ്സേ വിറയാര്‍ന്നു
                നീ ചലിക്കുവതെന്തേ
ഇരുളും വിഷാദത്തിന്‍
                കാളിമ പരക്കുന്നോ?
ഉടയാ വിശ്വാസങ്ങള്‍
                പൂത്തുകായ്ച്ചൊരു മരം
ഉയരത്തിലായ് നിന്നു
                കാക്കുന്നു എന്നെ അതിന്‍
തണലിന്‍ കുടക്കീഴില്‍


പാട്ടുപാടി ഞാന്‍ ജന-
                പ്രിയനായ് ഭവിച്ചതു
ഹൃത്തിനെ ആവേശിക്കെ
                ഉടയാവിശ്വാസങ്ങള്‍
ഉടയ്ക്കാന്‍ എല്ലാമൊരു-
                കളിയായ്‌ തമാശയായ്
ആക്രോശഘോഷങ്ങളായ്‌
                ബദല്‍രൂപങ്ങള്‍ നീളെ
നീളെ വന്നുയരുമ്പോള്‍
                ഉടയാ വിശ്വാസത്തില്‍
മുറുകെപ്പിടിക്കട്ടെ
                മനസ്സേ കരങ്ങള്‍ക്കു
ശക്തി നല്‍കണേ ശക്തി!

എവിടെ ഭുവനത്തില്‍
                മാനുഷന്‍ പിറക്കുന്നു-
ണ്ടവിടങ്ങളില്‍ വീഴും
                അടിമക്കുരുക്കുകള്‍
അഴിക്കാന്‍ പൊട്ടിച്ചെറി-
                ഞ്ഞുണരാന്‍ സ്വാതന്ത്ര്യത്തിന്‍
പുതുപുത്തനാം വിഭാ-
                തത്തിനെ കണികാണാന്‍
ഉദയം ചെയ്തുള്ളോരാ
                ഉടയാവിശ്വാസങ്ങള്‍
ബദല്‍രൂപങ്ങള്‍ക്കായി
                വഴിമാറുക വയ്യാ!
മുറുകെപ്പിടിക്കുകീ
                പൂമരക്കൊമ്പില്‍ പൂത്ത
ഉടയാവിശ്വാസത്തിന്‍
                പൂമരക്കൊമ്പില്‍ ചെമ്മേ!
അടിവച്ചടിവച്ചുകേറുക
                നെറുകയില്‍ അതിരി-
ല്ലല്ലോ നമുക്കാ
                കാശമല്ലാതൊന്നും!
അതിരില്ലല്ലോ മര്‍ത്ത്യ
                സമത്വമല്ലാതൊന്നും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ