[കവിതാ സമാഹാരം: ജി.സുധാകരന്‍ എഴുതിയ കവിതകളില്‍ നിന്നും തെരഞ്ഞെടുത്ത 15 കവിതകളാണ് ഈ സമാഹാരത്തിലുള്ളത് . പ്രഭാത് ബുക്ക് ഹൗസ് ഡിസംബര്‍ 2010-ല്‍ പ്രസിദ്ധീകരിച്ചത്]
------------------------------------------------------------------------------------------------------------
"....... ജി.സുധാകരന്‍ രാഷ്ട്രീയരംഗത്തെ മണിവിളക്കാണ്. തെറ്റായ പ്രവണതകള്‍ എവിടെ കണ്ടാലും അദ്ദേഹം രൂക്ഷമായി പ്രതികരിക്കും. ഇരുട്ടിന്‍റെ ശക്തികള്‍ക്കെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്നതിനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധതയാണ് കേരളത്തിലെ സാധാരണക്കാരുടെ പ്രിയങ്കരനായി അദ്ദേഹത്തെ മാറ്റിയത്. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത തുറന്ന സമീപനം സ്വീകരിക്കുന്ന സുധാകരന്‍ സാര്‍, എനിക്ക് വളരെ പ്രിയപ്പെട്ട നേതാവാണ് . അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ പ്രത്യേകതയാണ് സ്വതസിദ്ധമായ പരുക്കന്‍ ഭാവത്തോട് കൂടിയ, പുറംതോടിനുള്ളിലെ തുമ്പപ്പൂവിന്‍റെ വിശുദ്ധിയും മഞ്ഞുതുള്ളിയുടെ നൈര്‍മല്യവുമുള്ള മനസ്സ്. ആ മനസ്സാണ് ഈ കവിതാസമാഹാരത്തിന്‍റെ പിന്നിലുള്ള സര്‍ഗ്ഗശക്തിയുടെ ഉറവിടം."
- പത്മശ്രീ ജയറാം
------------------------------------------------------------------------------------------------------------
ഉണ്ണീ മകനേ മനോഹരാ
നീ എങ്ങുപോയെങ്ങുപോയുണ്ണീ ?

നിന്നെ തിരയുന്നു താതന്‍
ഭൂമിയിലെല്ലാ സുഗമ്യ സുഷിര
അഗമ്യ തലത്തിലും
കണ്ടു കിട്ടാതലയുന്നു താതന്‍ !
നിന്നെ വിളിക്കുന്നു മാതാവു
കേള്‍ക്കുവാനാകാതെയുണ്ണീ
മകനേ എവിടെയാണെങ്ങു നീ ?
അമ്മതന്നുമ്മ പറക്കുന്നു
നിന്‍ കവിള്‍ ലക്ഷ്യമായ് !
ആകാശഗംഗയിലില്ലാ
ആഴത്തടങ്ങളിലില്ല
അത്യുത്തരസ്യാം ദിശി
ദേവതാത്മാ
വര്‍ത്തിച്ചിടും
ഹിമനാമാങ്കിതാദ്രിയിലില്ലാ
സ്വര്‍ഗത്തിലാണോ മകനേ ?
നിന്നമ്മ തന്നുമ്മ തിരയുന്നു നിന്നെ
നിന്‍ കവിളില്‍ വന്നു ചേരാന്‍
ചക്കരയുമ്മ പകരാന്‍
അമ്മതന്‍ ദുഃഖം
ചരിത്രത്തിലെന്നും
സ്വര്‍ണാക്ഷരങ്ങളില്‍ മിന്നുന്ന
കത്തും കദനമതല്ലോ !
പെണ്ണായ് പിറന്നവള്‍ സൃഷ്ടിതന്‍
ജന്മാവകാശം പതിച്ചു ലഭിച്ചവള്‍
വേദന ആനന്ദ മൂര്‍ച്ഛയായ്
ആസ്വദിച്ചാനന്ദ ഭൈരവി
ശബ്ദരഹിതയായാലപിക്കുന്നവള്‍
അമ്മ !
വേദന എന്നും സഹിക്കണോ ?
സ്നേഹധാരക്കവള്‍ക്കര്‍ഹതയില്ലയോ ?
അമ്മതന്നുമ്മ പറക്കുന്നു
ആകാശവീഥികള്‍ താണ്ടിയും
സാഗരവീഥികള്‍ മീതയും
കാനനവ്യൂഹങ്ങള്‍ പിന്നിട്ടു
തീമഴപെയ്യും മരുഭൂമികള്‍ തോറും
വേദനയോടു തിരയുന്നു നിന്നെ
എന്നുണ്ണീ ! നിന്നമ്മ തന്നുമ്മയും പൊള്ളുന്നു
നീവരൂ നീ വരു നിന്നൊളി
സങ്കേത വേദിയില്‍ നിന്നും
സ്വീകരിച്ചാലുമീയുമ്മ ,
നിന്നമ്മതന്നുമ്മ !
സ്നേഹ വിശ്വാസ സമാശ്ലേഷ
ലോകത്തിലേക്ക് നീ എത്തുക ,
എത്തുക കണ്മണീ !
നീ തിരഞ്ഞീടുക
നിന്‍ വാമഭാഗത്തെ
ഏറെയലയാതെ
നീയണഞ്ഞീടുക
നിന്നെ സ്തുതിക്കുന്ന
നിന്നെ സ്നേഹിക്കുന്ന
നിന്നെ വളര്‍ത്താന്‍
കൊതിക്കുന്ന
പുണ്യവതിയായ
പെണ്‍കൊടിയല്ലയോ ?
ആയവള്‍ക്കെന്തിനു
ദുഃഖം പകരുന്നു
നീ വരൂ നീ വരു
കണ്മണി നീ വരൂ !
അമ്മയേയോര്‍ക്കുക !
എല്ലാം മറന്നാലും ;
നിന്‍റെ പകുതിയെ
നീ പുണര്‍ന്നീടുക
സ്നേഹമാണോമലേ !
ഭൂമിശാസ്ത്രത്തിന്‍റെ കാതല്‍
ചരിത്രമതല്ലോ
മനുഷ്യകുലങ്ങള്‍
തന്‍ ഭാവിയതല്ലോ !
നീ വെറുക്കല്ലേ
ചരിത്രഗതികളെ
കോരിയൊഴിക്കുക
സ്നേഹലേപം
മുറിവേല്‍ക്കും
ഹൃദയതലങ്ങളില്‍ !
അമ്മയെ ഓര്‍ക്കുക
ഉണ്ണിതന്നുണ്ണിയെ പേറേണ്ട
നിന്‍റെ സഖിയെയോര്‍ത്തീടുക
എന്‍റെ ദുഃഖത്തില്‍
ചികുരഭരങ്ങള്‍ തന്‍
തണ്ടഴിച്ചീടുക ,
കാവ്യാമൃതംകൊണ്ടു
എന്‍റെ ദുഃഖങ്ങളെ
സ്വപ്നമായ്തീര്‍ക്കുക
സ്നേഹാമൃതം തന്നെ കാവ്യാമൃതം !
പുനര്‍ജീവനി നല്‍കും അമരാമൃതം !
കാലില്‍ ചിലങ്ക കിലുങ്ങിയ
നിന്‍ ശബ്ദവീചികളിന്നും
മുഴങ്ങി നിന്നീടവേ
കാടന്‍ ധനാഭിമാനത്തിന്‍റെ
ഭീകരമേളങ്ങള്‍ തീര്‍ക്കും
കടലിന്നുമക്കരെ
ആകാശചുംബികള്‍
തീര്‍ക്കുന്ന
മാനവസ്നേഹ നിരാസ നഗരാന്തരങ്ങളില്‍
വീണുരമിക്കുന്ന മക്കളേയോര്‍ക്കുന്ന
മാതാമഹികള്‍ നിന്നമ്മയും പെട്ടുവോ ?
കൂട്ടില്‍ നിന്നും കൂടുവിട്ടുചേക്കേറുന്ന
മാമരക്കൊമ്പുകള്‍ എല്ലാം നിറയുന്ന
ക്രൂരനിണഗന്ധമേറുന്ന
ഭ്രാന്തന്‍ കഴുകന്‍റെ ആ ദുരന്തത്തിന്‍ നിഴലില്‍
നീ വീണുവോ ?
വീണുവെങ്കില്‍ എന്‍റെയുണ്ണീ
നിന്‍റെ വീണ്ടെടുപ്പിനു നിന്നമ്മവരും
ആയവള്‍ക്കുണ്ടതിന്‍ ശക്തി ;
അമ്മയ്ക്കുമാത്രമേ ശക്തിയുള്ളോമലെ !
അതു ജന്മാന്തരങ്ങള്‍ ജപിച്ചങ്ങു നല്‍കിയ
ജന്മകൃത്യത്തിന്‍റെ ശക്തി
അമൃതുപോല്‍ പുണ്യം, സപൂര്‍ണം
പകല്‍പോല്‍ സുരക്ഷിതം
ധന്യം സസൂക്ഷ്മം, നിരാമയം, നിര്‍മ്മമം
നിഷ്ക്കളങ്കം, ശാന്തസുന്ദരം ! മോഹനം !
എന്നും നിനക്ക് ശരണസ്പദം നിജം
അമ്മ ജയിക്കും നരകത്തിലും
അതാണമ്മതന്‍ സന്ദേശമുണ്ണീയറിയുക !
ഉണ്ണീ ! നീ ഏകനല്ലായിരമായിരം ഉണ്ണികള്‍
വീണുകിടക്കുന്നു നീചക്കുഴികളില്‍
അക്കരെയിക്കരെ മിന്നുന്ന
ആര്‍ഭാടവേദികള്‍ തോറുമേ
കത്തിജ്വലിക്കേണ്ട ജീവപ്രതിഭകള്‍
കെട്ടുപോകുന്നു നരകക്കുഴികളില്‍ !
പുത്തന്‍ നഗരവിശേഷങ്ങളില്‍
രക്തരക്ഷസ്സുപോല്‍ കഴുകന്മാര്‍
കഴിയുന്ന പുത്തന്‍ പണത്തിന്‍റെ
ആവാസഭൂമിയില്‍ !
ഉണ്ണീ മകനെ മനോഹരാ
നീയെങ്ങുപോയെങ്ങുപോയ് ?
നിന്നെ തിരയുന്നു താതന്‍
നിന്നമ്മതന്നുമ്മ പറക്കുന്നു
നിന്‍ കവിള്‍ ലക്ഷ്യമായ്...
ചക്കരയുമ്മ പകരാന്‍
ഉമ്പോറ്റിയുമ്മ പകരാന്‍
തേനൂറുന്ന ചുംബനമുത്തു വിതറാന്‍
വീണ്ടും കഥിക്കട്ടെ തീവ്രദുഃഖത്താല്‍ ...
ഉണ്ണീ മകനെ മനോഹരാ
നീയെങ്ങുപോയെങ്ങുപോയ് ?
താതന്‍ തിരയുന്നു ദുഃഖാര്‍ത്തനായ് !
മാതാവയച്ച നിശ്വാസം കടലിന്‍റെ
തീരങ്ങളെ തട്ടി മീതേ പറന്നുവന്‍ -
മരുഭൂമിതോറും ഉഴറുന്നു
തേടുന്നു നിന്നെ ;
ഹൃദയത്തിനാഴങ്ങളില്‍ വന്‍തകര്‍ച്ച
മരണമോ ആശ്രയം ?
നിന്നെപിരിഞ്ഞലതല്ലതെയെന്തു സുഖം ?
മൃതിയല്ലോ സുഖം സുഖദായകം
ആയതു വന്നുചേര്‍ന്നിടും തനിയെ
ദുഃഖത്തിന്‍ ശ്രേണിയില്‍
ശബ്ദവിഹീനമായ് ശാന്തമായ് !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ