മാര്‍ക്സിസം-മതത്തെ-നിരാകരിക്കുന്നില്ല-
(ഭാഷാപോഷിണി മാര്‍ച്ച്‌ 2010 ല്‍ പ്രസിദ്ധീകരിച്ചത്)
  
തം ഒരു സാമൂഹ്യ സ്ഥാപനമാണ്‌. ഭൗതിക ജീവിതത്തിലെ പ്രയാസങ്ങളെയും ദുരിതങ്ങളേയും മറക്കുന്നതിനുള്ള സിദ്ധൗഷധമായിട്ടാണ് പ്രായോഗികമായി മതത്തെ കണ്ടിരുന്നത്.മതത്തിന്‍റെ കഴിവിനെ മാര്‍ക്സ് ശ്ലാഘിക്കുകയാണുണ്ടായത്.മനുഷ്യന്‍റെ പ്രയാസങ്ങളെ വിസ്മരിക്കുന്നതിനുള്ള ദിവ്യൗഷധം എന്ന തരത്തില്‍ വേദനിക്കുന്ന ലോകത്തിന്  ഒരു ആശ്വാസം എന്നാ നിലയിലാണ് മതത്തെ കാണുന്നത്. ആത്മാവ് നഷ്ടപ്പെട്ട ജീവിതത്തിന്‍റെ ആത്മാവാണ് മതം. വിശ്വാസത്തിന്‍റെ കാഠിന്യവും ആഴവും ഗഹനതയും സൂചിപ്പിക്കാനാണ് "മനുഷ്യനെ മയക്കുന്ന കറുപ്പ്" എന്ന് മാര്‍ക്സ് മതത്തെ വിശേഷിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയുടെ കരട് തയ്യാറാക്കുമ്പോള്‍ ഏoഗല്‍സ് അതില്‍ ആദിമ ക്രിസ്റ്റ്യാനിറ്റി സോഷ്യലിസത്തിന്‍റെ ആദിരൂപമാണെന്നാണ് പറഞ്ഞിരിക്കുന്നത്. ആദിമ ക്രിസ്ത്യാനി യഥാര്‍ഥത്തില്‍ വര്‍ഗരഹിതവും ചൂഷണരഹിതവുമായ ഒരവസ്ഥയെപ്പറ്റിയാണ്പറയുന്നത്. ശാസ്ത്രീയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിന്‍റെ ആദിമരൂപമാണ് ആദികാല ക്രിസ്റ്റ്യാനിറ്റി. മതം അന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഭരണകൂടത്തെ വെല്ലുവിളിച്ചു എന്നാരോപിച്ചുകൊണ്ടാണ് ക്രിസ്തുവിനെ രക്തസാക്ഷിയാക്കുന്നത്. ഭരണകൂടമാണ്‌ അദ്ദേഹത്തെ കുരിശില്‍ തറച്ചത്. മതത്തെ അന്ധമായി മാര്‍ക്സിസം നിരാകരിക്കുന്നില്ല. മുഹമ്മദ്‌നബിപോലും ആദ്യം പോരാടുന്നത് ഭരണകൂടത്തിന്‍റെ കലാപത്തിനും കൊള്ളയ്ക്കും എതിരായിട്ടാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് നിരന്തരമായി മക്കയില്‍നിന്നും മദീനയിലേക്ക്‌  യാത്ര ചെയ്യേണ്ടി വന്നതും.

രാജസിംഹാസനം ഉപേക്ഷിച്ച് ബുദ്ധന്‍ ഇറങ്ങിവരുന്നു. കാലം കഴിഞ്ഞ് മതങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. അവ ഭരണകൂടങ്ങളുടെ വക്താക്കളായി മാറി. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതം മുതലാളിത്തസാമ്രാജ്യത്വ ഭരണകൂടങ്ങളുടെ വക്താക്കളായി മാറി. അതിനു മുന്‍പ് രാജവാഴ്ചയുടെയും 
ഫ്യൂഡല്‍ പ്രഭുക്കളുടേയും വക്താക്കളായിരുന്നു. ഇതിനെ ഞങ്ങള്‍ താത്ത്വികമായി എതിര്‍ക്കുന്നു. അതിന്‍റെ നിലനില്‍പിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. മതത്തിന്‍റെ നല്ല കാര്യങ്ങളെ ഞങ്ങള്‍ എതിര്‍ക്കാറില്ല. ഭരണകൂടത്തെ അട്ടിമറിച്ച് തൊഴിലാളി കര്‍ഷകവര്‍ഗ്ഗങ്ങളുടെ ഒരു ഭരണകൂടം കൊണ്ടുവരുന്നതിനു ലോകത്തെ ഒരു മതനേതൃത്വവും അനുകൂലിക്കുന്നില്ല.

മതത്തോടുള്ള മാര്‍ക്സിസ്റ്റ്‌ സമീപനം ദ്വന്ദ്വാത്മകമാണ്. മതം ഉണ്ടായത് മനുഷ്യനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ്. ധാര്‍മികതയും നന്മയും സന്നിവേശിപ്പിക്കാന്‍ ഉണ്ടായതാണ്. പിന്നീട് അത് ചൂഷക ഭരണകൂടങ്ങളെ സംരക്ഷിക്കുന്ന തരത്തിലേക്ക് വന്നപ്പോഴാണ് മതവും മാര്‍ക്സിസവും തമ്മില്‍ ആദര്‍ശപരമായ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ നിലനില്‍ക്കുമ്പോഴും മതത്തിന്‍റെ നല്ല ചെയ്തികളെ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇരുപതു വര്‍ഷം മുന്‍പ് ലാറ്റിനമേരിക്കയിലെ നിക്കരഗ്വയിലും എല്‍സാല്‍വദോറിലും സായുധ കലാപം നടക്കുമ്പോള്‍ അവിടുത്തെ പാര്‍ട്ടിയില്‍ പുരോഹിതന്മാര്‍ക്ക് മെംമ്പ ര്ഷിപ്‌ കൊടുക്കുമായിരുന്നു. പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ വരെ പുരോഹിതന്മാരുണ്ടായിരുന്നു. അവിടെ പള്ളിയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഒരേ ആശയത്തിനുവേണ്ടിയാണ് പോരാടിയത്.



ഒളിപ്പോരില്‍ കമ്മ്യൂണിസ്റ്റ്‌ ഗറില്ലകള്‍ക്ക് സഹായം ചെയ്യുകയും പല പള്ളികളിലും അവര്‍ക്ക് അഭയം കൊടുക്കുകയും ചെയ്തു.

ടി.എസ്.എലിയറ്റിന്‍റെ Murder in the Cathedral എന്ന കാവ്യനാടകത്തില്‍ പ്രൊട്ടസ്റ്റനിസം കത്തോലിക്കാ പള്ളിയെ സമ്പൂര്‍ണമായി നിരാകരിച്ചു കത്തോലിക്കാ പുരോഹിതരെ കൊന്നൊടുക്കുന്ന പശ്ചാത്തലമുണ്ട്. കത്തോലിക്കരും പുരോഹിതന്മാരും ജീവനും കൊണ്ടോടി. അങ്ങനെയാണല്ലോ ഒരു കൂട്ടര്‍ രക്ഷപെടാന്‍ വേണ്ടി പായക്കപ്പലില്‍ പോയി അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്. അവിടെ കാന്‍റര്‍ബറിയിലെ  ആര്‍ച്ച് ബിഷപ്പ് ഭരണകൂടത്തിനു കീഴടങ്ങാന്‍ തയ്യാറായില്ല. അവരെയാണ് ചരിത്രത്തില്‍ തീര്‍ഥാടക പിതാക്കന്മാര്‍ (Pilgrim Fathers) എന്ന് വിളിക്കുന്നത്‌. ഇംഗ്ലണ്ടില്‍ കത്തോലിക്കരെ നിരോധിച്ചുകൊണ്ട് രാജാവ് ഇംഗ്ലണ്ടിന്‍റെ  സ്വതന്ത്രമതമായി "ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്" സ്ഥാപിച്ചു.

പലതവണ രാജകിങ്കരന്മാര്‍ അദ്ദേത്തിന്‍റെ അരമനയില്‍പ്പോയി മുന്നറിയിപ്പ് നല്‍കി. ബിഷപ്‌ വഴങ്ങിയില്ല. രാജകീയ ഭടന്മാര്‍ ബിഷപ്പിനെ വധിച്ചു. വിസ്വാസത്തിന്‍റെ പേരില്‍ അദ്ദേഹം രക്തസാക്ഷിയായി. മതത്തിന്‍റെ ഇന്നും പ്രസക്തമായ സാമൂഹിക ധര്‍മത്തെ അംഗീകരിക്കുകയും അതേ സമയം അതിന്‍റെ സ്ഥാപനവല്‍ക്കരണം ചോദ്യം ചെയ്യുകയും ചെയ്യുക എന്ന ദ്വന്ദാത്മക സമീപനമാണ് മാര്‍ക്സിസം അനുവര്‍ത്തിക്കുന്നത്. 

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഉണ്ടായകാലം മുതല്‍ ആശയപരമായും സംഘടനാപരമായും ചില നിബന്ധനകള്‍ മുന്നോട്ടു വച്ചിരുന്നു. നിലനില്‍ക്കുന്ന ചൂഷണഭരണകൂടത്തെ ഇല്ലാതാക്കി സോഷ്യലിസം സ്ഥാപിക്കുക എന്നതാണ് കംമിനിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. ആത്യന്തികമായി സോഷ്യലിസം കമ്മ്യൂണിസ്റ്റ്‌ സമൂഹമായി മാറുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മെമ്പര്‍ ആയിക്കഴിഞ്ഞാല്‍ ഒരു മതത്തോടും ജാതിയോടും പ്രത്യേക താല്‍പര്യം ഉണ്ടാകാന്‍ പാടില്ല. എന്‍റെ മതം എന്‍റെ ജാതി എന്ന് പറയാന്‍ പാടില്ല. വിപ്ലവ പാര്‍ട്ടി വിപ്ലവത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇത്‌ സുപ്രധാനമായ പാര്‍ട്ടി സംഘടനാതത്ത്വവും 

ആശയദര്‍ശനവുമാണ്. അതിനെ ചോദ്യം ചെയ്യാന്‍ പാടില്ല. ജാതി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍തന്നെ ജാതീയത കമ്മ്യൂണിസ്റ്റ്‌കാരനെ സ്പര്‍ശിക്കാന്‍ പാടില്ല.

സാമ്പത്തികമായും സാമൂഹികമായും വിദ്യാഭാസപരമായും വിഷമo അനുഭവിക്കുന്നവരുടെയൊപ്പം അത് പരിഹരിക്കുവാന്‍ നില്‍ക്കണം. നവോഥാനത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാണ്. ഫ്യൂഡല്‍ വിശ്വാസത്തിനും ബ്രാഹ്മണമേധാവിത്തത്തിനുമെതിരെ കേരളത്തിനേക്കാള്‍ വലിയ പോരാട്ടം നടന്നത് തമിഴ്നാട്ടിലാണ്. ആ പോരാട്ടം നടത്തിയ മുഖ്യശക്തി കമ്മ്യൂണിസ്റ്റുകാര്‍  ആയിരുന്നില്ല. 'പെരിയവരായിരുന്നു' അതിന്‍റെ നേതൃത്വം. അദ്ദേഹം സ്ഥാപിച്ച ദ്രാവിഡ കഴകമാണ് പിന്നീട് ദ്രാവിഡ മുന്നേറ്റകഴകമായി മാറിയത്. അത് പിന്നീട് രണ്ടായിപിരിഞ്ഞു (ഡി.എം,കെ. യും എ.ഐ.ഡി.എം.കെ. യും) അധികാരം ഇടയ്ക്കിടെ പങ്കു വയ്ക്കുകയാണ് ചെയ്തുവന്നത്. ആ രണ്ടു പാര്‍ട്ടികളും വ്യവസ്ഥയുടെ ഭാഗമായി. ബീഹാറിലും ബുദ്ധമതവുമായി ബന്ധപ്പെട്ട് വലിയ നവോഥാനം ഉണ്ടായിട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും അങ്ങനെതന്നെ. കേരളവും ബംഗാളും കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഏറ്റവും ശക്തം ബീഹാറിലും ആന്ധ്രയിലും പഞ്ചാബിലും ആയിരുന്നു. There is no revolution without a revolutionary party എന്ന് മഹാനായ വി.ഐ.ലെനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘടന ഇല്ലാതെ ഒരു വിപ്ലവ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. 

കേരളവും ബംഗാളും ത്രിപുരയും ഒഴിച്ചുള്ള സ്റ്റേറ്റുകളില്‍ ഉണ്ടായ നവോഥാന കേന്ദ്രങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അവിടങ്ങളിലൊക്കെ പാര്‍ട്ടി വിപുലമായി കെട്ടിപ്പടുക്കാന്‍ കഴിയാതെ വന്നു. അത് പാര്‍ട്ടിയുടെ ഒരു പരിമിതിയാണ്.

സമൂഹത്തെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഏതു പരിതസ്ഥിതിയിലും കമ്മ്യൂണിസ്റ്റുകാരന് പ്രവര്‍ത്തിക്കുവാന്‍ കഴിയും. സെക്ടേറിയനാകാന്‍ പാടില്ല. വൈരുദ്ധ്യങ്ങള്‍  തമ്മില്‍ ഏറ്റുമുട്ടി ഉണ്ടാവുന്ന സ്ഥിരമായ ഒരു സന്തുലനാവസ്ഥയില്‍ ആണ്  പ്രകൃതി നിലനില്‍ക്കുന്നത്. ഞാന്‍ അമ്പലത്തില്‍ പോയിതൊഴേണ്ട ആവശ്യമില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ ചെയ്തു. ദേവസ്വം മന്ത്രി എന്ന നിലയിലും ജനങ്ങള്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. 

ആദ്യത്തെ ദേവസ്വം മന്ത്രി ഇ.എം.എസ്. ആയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്‌കാരനായിരിക്കെ വിശ്വാസികളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞത് സൈദ്ധാന്തികമായ ഈ നിലപാട്കൊണ്ടാണ്.

ഒരു പാര്‍ട്ടി മെമ്പര്‍ക്ക്‌ എന്തും ആയിക്കളയാം എന്നൊരു ധാരണ ചിലരില്‍ പരന്നിരിക്കുന്നു. അത് പാര്‍ട്ടിയുടെ ഇമ്അഗ് ഇമേജിനെ ബാധിക്കുന്നു. ബൂര്‍ഷ്വാപാര്‍ട്ടിയെപോലെ കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടിയും ആകുന്ന ഒരു പ്രവണത കാണുമ്പോഴാണ് കേന്ദ്രകമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ചര്‍ച്ചചെയ്ത് തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കിയത്.

'തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കള്‍ ജാതീയവും മതപരവുമായ സ്വാധീനങ്ങളില്‍ വിധേയരാകരുത്.' ഇതാണ് രേഖയില്‍ പറയുന്ന കാര്യം. ചരിത്രപരവും വൈരുധ്യാത്മകവുമായ ഭൗതികവാദം ഒക്കെ പറഞ്ഞിട്ട് കല്യാണം വരുമ്പോള്‍ അമ്പലത്തില്‍ പോയി തൊഴുത്‌ നില്‍ക്കും. 

ഇതു കാണുമ്പോള്‍ ജനം എന്താണ് കരുതുക? പാര്‍ട്ടി മെമ്പര്‍ഷിപ്‌ സീരിയസ് ആയി സ്ക്രൂട്ടനി ചെയ്യണം. അര്‍ഹതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. 

കമ്മ്യൂണിസ്റ്റുകാരെല്ലാം  യുക്തിവാതികളാണ്. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, ബൂര്‍ഷ്വാ ലിബറലുകളും യുക്തിവാദികളാണ്. നെഹ്രുവും എ.കെ.ആന്റണിയും ഒക്കെ യുക്തിവാദികളാണ്. യാന്ത്രിക യുക്തിവാദത്തെ കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നില്ല. കെ.ദാമോദരനെപ്പോലുള്ളവരുടെ യുക്തിവാദത്തെ അംഗീകരിക്കുന്നു. ചൂഷക സമൂഹത്തിന്‍റെ യാഥാര്‍ഥ്യങ്ങളെ കാണാതെ അമ്പലങ്ങളിലും പള്ളികളിലും പോയി പ്രാര്‍ഥിക്കുന്നതാണ് കുഴപ്പം എന്നു പറയുന്ന യാന്ത്രിക യുക്തിവാദവും വിജയിക്കുകയില്ല.

കമ്മ്യൂണിസ്റ്റ്‌ നേതാവിന്‍റെ ഭാര്യ അമ്പലത്തിലോ പള്ളിയിലോ പോയാല്‍ അത് തടയാന്‍ പാടില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ വോട്ടര്‍മാരില്‍ 95% വിശ്വാസികളാണ്. എന്‍റെ അമ്മ ഈശ്വരവിശ്വാസിയാണ്. അച്ഛന്‍ നാട്ടിലെ ഏറ്റവും നല്ല രാമായണ വായനക്കാരനായിരുന്നു. അതിമനോഹരമായിട്ടാണ് അച്ഛന്‍ രാമായണവും ഭാഗവതവും വായിച്ചിരുന്നത്. അതിനു പ്രതിഫലവും വാങ്ങിയിരുന്നില്ല. ഞാനും സ്കൂളില്‍ പഠിക്കുമ്പോള്‍ രാമായണം വായിക്കുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും മികച്ച ഗ്രന്ഥം ബൈബിള്‍ ആണെന്നാണ്‌ ഞങ്ങള്‍ പഠിച്ചത്. ഇംഗ്ലീഷ് ഭാഷ സമ്പന്നമാക്കുന്നതില്‍ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട് ബൈബിള്‍.

കെ.എസ്.മനോജ്‌ പാര്‍ട്ടിയില്‍ വന്നപ്പോഴും പള്ളിയില്‍ പോകുമായിരുന്നു. മനോജിനെ ആരും വിലക്കിയിട്ടില്ല. മനോജ്‌ പാര്‍ട്ടിയില്‍ നിന്നും മാറുന്നതിന് കണ്ടുപിടിച്ച ഒരു മേക്ക് ബിലീഫ് തിയറിയാണ് വിശ്വാസ പ്രശ്നം. മനോജിനെ സ്ഥാനാര്‍ഥിയാക്കിയത് തന്നെ ഞങ്ങള്‍ക്ക് മതവിശ്വാസത്തോട്‌ അന്ധമായ എതിര്‍പ്പില്ലാതത്തിന്‍റെ തെളിവാണ്.

6 അഭിപ്രായങ്ങൾ:

  1. Comrade,
    I live in Cambridge, on my next visit can i see to discuss on this article. I was trying to comment on it,but i am too sure, it will be too long.

    മറുപടിഇല്ലാതാക്കൂ
  2. സഖാവെ നമ്മുടെ പാര്‍ട്ടിയുടെ ഈ കാഴ്ച്ചപാടുകളെ അതെ പടി നടപ്പാക്കാന്‍ പലപ്പോഴും പല സഖാക്കള്‍ക്കും കഴിയുന്നില്ല എന്നത് സ്വയം വിമര്‍ശനപരമായി പാര്‍ട്ടി ഉള്‍കൊള്ളണ്ട സത്യം ആണ് . ഇന്ത്യയെ പോലെ ഉള്ള സാമൂഹിക ചുറ്റുപാട് ഉള്ള ഒരു രാജ്യത്തു മതത്തെ തള്ളി പറഞ്ഞു മുന്നോട്ടു പോകാന്‍ കഴിയില്ല . ഇന്ത്യയിലെ ഇപ്പോളത്തെ സ്ഥിതി വെച്ച് മതം എന്നത് അധികാരത്തിലേക്ക് ഉള്ള ഒരു ചവിട്ടു പടി ആയി മാറുന്നു . മതേതര സമൂഹം എന്നാ ആശയത്തില്‍ നിന്നും ജാതി അധിഷ്ടിത മത അധിഷ്ടിത സമൂഹത്തിലേക്കു വീണ്ടും കേരളം പോലെ നവോഥാന പ്രസ്തനഗളിലൂടെ സാംസ്കാരിക ഉന്നതിയിലെത്തിയ സംസ്ഥനങ്ങള്‍ പോകുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത് . എന്തിനെയും വര്‍ഗ്ഗീയ വല്ക്കരിച്ചു നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രെമിക്കുന്ന ഈ സമൂഹത്തില്‍ വര്‍ഗ്ഗീയതയെ തടഞ്ഞു നിര്‍ത്താന്‍ മത വിദ്വേഷത്തെ തടഞ്ഞു നിര്‍ത്താന്‍ ഒരു പരുധിവരെ സി പി ഐ എം നു കഴിയുന്നുണ്ട് . എങ്കില്‍ പോലും തിരഞ്ഞെടുപ്പുകളില്‍ ചിലപ്പോള്‍ എങ്കിലും മതം നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ശ്രെമിക്കുന്നത് നല്ല ഒരു രീതിയായി തോനുന്നില്ല . മനോജിനെ പോലെ ഒരാളിനെ ആലപ്പുഴ പോലെ ഉള്ള ഒരു വിപ്ലവ മണ്ണില്‍ നിര്‍ത്തി ജയിപ്പിച്ചത് തെറ്റായി പോയി എന്ന് കാലം തെളിയിച്ചു . തിരഞ്ഞെടുപ്പില്‍ വിജയം ആണ് ലെക്ഷിയം അത് ശെരിതന്നെ , പക്ഷെ ഒരു വിപ്ളവ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ ആണോ എന്ന് പലപ്പോഴും തോനിയട്ടുണ്ട് . മനോജിനു വേണ്ടി എന്റെ ബ്രാഞ്ച് ഏരിയയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്തിയപ്പോഴും ഈ ചോദ്യം മനസ്സില്‍ ഉണ്ടായിരുന്നു . വിദ്വേഷം ഇല്ലാതെ എല്ലാ മതത്തിലെയും നല്ലതിനെ ഉള്‍ക്കൊണ്ട്‌ മുന്നോട്ടു പോകുന്ന നല്ല ഒരു സമൂഹം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു . ഈ ലേഖനത്തിലൂടെ അറിയാത്ത പലതും മനസ്സിലാക്കാന്‍ കഴിഞ്ഞു . നന്ദി ..അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സഖാവെ, പ്രതികരണത്തിന് നന്ദി.

      കത്തോലിക്കാ മത വിശ്വാസിയായിരുന്ന മനോജ്‌ സി.പി.എം എം.പി. ആയി. മനോജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമ്പോള്‍ അദ്ദേഹം മതവിശ്വാസമുള്ള ഒരു മതനിരപേക്ഷ വാദിയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ശാസ്ത്രീയ സോഷ്യലിസത്തിന്റെയും ഭൌതികവാദത്തിന്റെയും സാരാംശം ബോധ്യപ്പെടുത്തുന്നതില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല എന്നുള്ളത് ശരിയാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനെ ശുദ്ധീകരിച്ച് വൈരുദ്ധ്യാത്മക ഭൌതികവാദത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഒരു പോരായ്മ. എന്നാല്‍ വിശ്വാസിയായ ഒരാളെ സ്ഥാനാര്‍ഥി ആക്കി നിര്‍ത്തി എന്നുള്ളത് തെറ്റായ കാര്യമല്ല.

      ഇല്ലാതാക്കൂ
    2. സഖാവേ ,

      വിശ്വാസിയെ സ്ഥാനാര്‍ഥി ആക്കുന്നതില്‍ തെറ്റ് ഇല്ല , പക്ഷെ ഒരു സഭയുടെ മേല്‍വിലാസം മാത്രം ഉള്ള ഒരാളെ അങ്ങനെ മത്സരിപ്പിച്ചപോള്‍ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ സഖാക്കള്‍ക്ക് ആശയപരമായി അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്നെ ഞാന്‍ ഉദേശിച്ചു ഉള്ളൂ . മറുപടിക്ക് നന്ദി ..

      ഇല്ലാതാക്കൂ
  3. മതത്തെ കുറിച്ചുള്ള പാര്ടിയുടെ കാഴ്ചപാട് വളരെ ലളിതമായി വിവരിച്ചു തന്നതിൽ നന്ദി..... ഇതു പോലെ വൈരുദ്ധ്യാത്മക ഭൌതികവാദത്തെ കുറിച്ചും ഒരു ലേഖനം പ്രതീക്ഷിക്കുന്നു...............

    മറുപടിഇല്ലാതാക്കൂ