ഇന്ത്യയെ കണ്ടെത്തിയ പനിനീർപ്പൂ [കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചത്

        "Woods are lovely dark and deep" എന്നു തുടങ്ങുന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വിശ്വപ്രസിദ്ധ വരികൾ ഉദ്ധരിച്ചുകൊണ്ട്  miles to go before i sleep and miles to go before i sleep  എന്ന് ആഹ്വാനം ചെയ്യുന്നിടത്ത് നിറുത്തിയ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ 125-ാം ജന്മദിനം ഭാരതം ആഘോഷിക്കുന്ന ദിവസമാണ് നാളെ. പ്രപഞ്ചത്തിന്റെ,​ പ്രകൃതിഭംഗിയുടെ തമോമയവും അഗാധവുമായ ജ്ഞാനഭംഗികളിൽ ആകൃഷ്ടനാകുമ്പോഴും ഉറങ്ങുന്നതിന്  മുമ്പ് ലക്ഷ്യസ്ഥാനത്തെത്താനുള്ള പ്രയാണ യാഥാർത്ഥ്യത്തെ നെഹ്‌റു ഓർമ്മിപ്പിക്കുന്നു. ഇവിടെ ഉറക്കം പതിവുനിദ്രയല്ല. ഈ ജീവപ്രയാണത്തിലെ അന്തിമമായ നിദ്രയാണ്. ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏറെ മുന്നോട്ടു പോകണമിനിയുമെന്നാണ് നെഹ്രു റോബർട്ട് ഫ്രോസ്റ്റിന്റെ വരികളിലൂടെ ഓർമ്മിപ്പിക്കുന്നത്. ജാഗ്രത-അതാണ് നെഹ്രുവിന്റെ ജീവിതവേദാന്തം.

        ഇന്ത്യയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്താനും ലോകത്തെ ഇന്ത്യൻ യുവതയുടെ ഹൃദയത്തിൽ അടയാളപ്പെടുത്താനും നെഹ്‌റു സ്വാതന്ത്ര്യ സമരത്തേയും രാഷ്ട്രമീമാംസയേയും തത്വചിന്തയേയും സാഹിത്യ- കലാസാങ്കേതിക ശ്രേണികളേയും ഉപയോഗിച്ചു. മാനവികതയുടെ തേരിലേറി അദ്ദേഹം ഇന്ത്യയുടെ ചിന്തിക്കുന്ന തലമുറകളെ ഉത്തേജിപ്പിച്ചു.  പ്രശസ്തനും പ്രഗത്ഭനുമായ അഭിഭാഷകൻ, നിയമ‌ജ്ഞൻ, ജനപ്രതിനിധി, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രവർത്തിച്ചു പേരെടുത്ത മോട്ടിലാൽ നെഹ്‌റുവിന്റെ മകൻ രാഷ്ട്രീയം വീട്ടിൽ നിന്നും നാട്ടിൽ നിന്നും യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചു. തത്വവും പ്രയോഗവും സംബന്ധിച്ച് ധാരണകളിലെത്തിയിരുന്നു. വരേണ്യ സംസ്കാരത്തിന്റെ ഉന്നതപീഠങ്ങളിൽ നിന്ന് ഇറങ്ങിവന്ന് സാധാരണ ഇന്ത്യാക്കാരന്റെ വികാരവിചാരങ്ങളെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരു സാധാരണ സ്വാതന്ത്ര്യസമരഭടനെ പോലെ ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം ഔന്നത്യമുള്ള ഒരു നേതാവായി ബ്രിട്ടീഷ് അധികാരികളുടെ മുന്നിൽ അജയ്യനായി നിൽക്കുകയും ചെയ്തു. നൈനിറ്റാളിലേയും അലഹബാദിലേയും ജയിലുകളിൽ കിടന്ന നീണ്ട നാളുകൾ-മാസങ്ങളും വർഷങ്ങളും, അച്ഛനും ഭാര്യയും സഹോദരിമാരുമടക്കം കുടുംബം ആകെ ജയിലിൽ കഴിയുമ്പോഴും 'സ്വാതന്ത്യം നമ്മുടെ ജൻമാവകാശം" എന്ന മന്ത്രം ഹൃദയത്തോടു ചേർത്തുപിടിച്ചു.

        സുസ്ഥിര ചിന്താഗതിയുടെ രാഷ്ട്രീയ പുരുഷനായിരുന്നു നെഹ്രു. ജയിലിൽ കിടന്നു മകൾ ഇന്ദിരക്കെഴുതിയ( ഇന്ദിരാപ്രിയദർശിനി)​കത്തുകൾ​​ 'ഒരു അച്ഛൻ മകൾക്കെഴുതിയ കത്തുകൾ" എന്ന പേരിൽ ലോക വിഖ്യാതമായി. ഇന്ത്യയിലെമ്പാടുമുള്ള കുട്ടികൾ അത് പഠിച്ചു. ചരിത്രം, ഭൂമിശാസ്ത്രം, മാനവശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, എന്നു തുടങ്ങി മാനവചരിത്രത്തിന്റെ ആദിമദ്ധ്യാന്ത ഏടുകൾ  മറിച്ചുനോക്കിപ്പോയ ചരിത്ര പ്രധാന സാഹിത്യമായി മാറി അത്.  Truth Comes out only through debates and discussions- എന്ന് മകളെ ഓർമ്മിപ്പിച്ച കത്ത് ഇന്ദിരയുടെ ജീവിതത്തിൽ അന്നു സ്വാധീനം ചെലുത്തിയിരുന്നുവെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഉപജാപക സംഘത്തിന്റെ പ്രേരണയെ ആ മഹതിക്ക് മറികടക്കാമായിരുന്നു.   അതിനാൽ തന്നെ കൊച്ചിന്ദിരയെ നെഹ്രു ജയിലിൽ കിടന്നു പഠിപ്പിക്കാൻ ശ്രമിച്ച ജനാധിപത്യമന്ത്രം വലിയ ഇന്ദിര തന്നെ തൽക്കാലം മറന്നു. നെഹ്രൂവിയൻ ജനാധിപത്യത്തിന്റെ അവസാനമായിരുന്നു അത്. ഫലം എത്ര ഭീകരം. പതനം എത്രക്രൂരവും. ഒരു വലിയ മഹതിയുടെ പതനത്തിന്റെ ചരിത്രം ക്രൂരവും പിടികിട്ടാത്തതുമായ പ്രഹേളികയായി  ഇവിടെ തെന്നിമാറുന്നു. പക്ഷെ വിശകലനം നടത്തിയേ തീരൂ.

        രോഗിയായ ഭാര്യ കമലയുടെ കാര്യമോർത്ത് നീറുന്ന കരളുമായി ജയിലഴിക്കുള്ളിൽ കിടന്നിരുന്ന കാലത്തും അവർക്കാവശ്യമായ പരിഗണനയും പരിചരണവും നൽകാൻ കഴിഞ്ഞോ എന്ന ദുഖത്തിലായിരുന്നു നെഹ്രു.

        ഗാന്ധിജി നെഹ്രുവിന്റെ വികാരവും ചിന്തയുമായിരുന്നു. തന്റെ പ്രസംഗ രീതികളും വായനാ രീതികളും ജീവിതരീതികളും ഗാന്ധിയിൽ നിന്നും തികച്ചും ഭിന്നമായിരുന്നെങ്കിലും നെഹ്രുവിൽ ഗാന്ധിജി ഇന്ത്യയുടെ പുത്രനെ കണ്ടെത്തി, നേതാവിനെ കണ്ടെത്തി, ഭാരതരത്നത്തെ കണ്ടെത്തി. ഗാന്ധിജിയുമായി നെഹ്രു, ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. ഗാന്ധിജിയെ എതിർത്ത നേതാജി സുഭാഷ് ചന്ദ്രബോസുമായി സഹകരിച്ചു. ഗാന്ധിജിയുടെ മത-ജാതി സങ്കൽപ്പങ്ങളോടും ഫ്യൂഡൽകാല മമതകളോടും  കടുംപിടുത്തങ്ങളോടും നെഹ്രുവിന് താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ചെറിയ ഗാന്ധിയിലെ വലിയ മനുഷ്യനെ കണ്ടെത്താനും ഗ്രാമങ്ങളിൽ വിങ്ങുന്ന ഇന്ത്യൻ ആത്മാവിനെ-കർഷകനെ​​- കണ്ടെത്തി ആരാധിച്ച ഗാന്ധിയുടെ മൂല്യം കണ്ടെത്താനും നെഹ്രുവിനെ പോലെ മറ്റാർക്കും സാധിച്ചില്ല. എപ്പോഴൊക്കെ ഗാന്ധിജിയുടെ ജീവൻ പ്രതിസന്ധിയിലായോ അപ്പോഴൊക്കെ ആ പ്രതിസന്ധി മറികടക്കാൻ നെഹ്രു ആവുന്നത് ചെയ്തു.  പട്ടേലിനെക്കാൾ, നേതാജിയേക്കാൾ, മൊറാർജിയെക്കാൾ ഗാന്ധിജി നെഹ്രുവിനെ ഹൃദയത്തോടടുപ്പിച്ചു.

        ആധുനിക ഭാരതത്തിൽ കോൺഗ്രസിന് നൽകാവുന്ന ഏറ്റവും വിശിഷ്ടമായ സംഭാവന നെഹ്രുവാണെന്ന് അദ്ദേഹമാണ് കണ്ടെത്തിയത്.  അതാണ് ഭാരതരത്നം എന്ന നാമം ഗാന്ധിജി നെഹ്രുവിന് നൽകിയത്. യൂറോപ്യൻവിദ്യാഭ്യാസത്തിലൂടെ നേടിയതും ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും സ്പെയിനിലെയും  അനുഭവ സമ്പത്തിൽ നിന്നും നേടിയ നെഹ്രുവിന്റെ നവീന അനുഭവങ്ങൾ, നവോത്ഥാന ചിന്തകൾ, മതനിരപേക്ഷ രാഷ്ട്രീയ വീക്ഷണങ്ങൾ, ഫ്യൂഡൽ വിരുദ്ധ സാമ്രാജിത്വ വിരുദ്ധ സങ്കൽപ്പനങ്ങൾ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻ പറ്റിയതാണെന്ന് തെളിയിക്കപ്പെട്ടു. ഗാന്ധിജി, രാജാറാം മോഹൻറോയ്, മുഹമ്മദലി ജിന്ന, ശ്രീരാമകൃഷ്ണ പരമഹംസർ, ആനിബസന്റ്, ലാലാലജ്പത് റായി, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകൻ, ഭഗത്‌സിംഗ്, അംബേദ്കർ, തുടങ്ങി നാനാത്വമാർന്ന ഇന്ത്യൻ നേതൃനിരയിലെ എല്ലാവരിൽ നിന്നും നെഹ്രു പഠിച്ചു. എല്ലാവരെയും ഉൾക്കൊള്ളാനും എന്നാൽ സ്വതന്ത്രമായി വളരാനും നെഹ്രു പഠിച്ചു. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ ചരിത്രമാനവികതയും കണ്ടെത്തി പ്രചരിപ്പിച്ചു. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കെടുക്കാനും, എന്നാൽ അതിന് നിൽക്കാതെ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാനുമാണ് നെഹ്രു താൽപ്പര്യപ്പെട്ടത്.  ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആത്മത്യാഗത്തിലും ധൈര്യത്തിലും വിപ്ലവ വീര്യത്തിലും രക്തസാക്ഷിത്വത്തിലും  നെഹ്രു ആവേശം കൊണ്ടിരുന്നു. മാർക്സിസം എന്തെന്നും  മാർക്സിസ്റ്റ്-ലെനിനിസം എന്തെന്നും റഷ്യൻ വിപ്ലവത്തിന്റെ മഹത്വമെന്തെന്നും  ലെനിൻ എങ്ങനെ തെളിഞ്ഞ ബുദ്ധിയുള്ള അതുല്യനായ നേതാവാണെന്നും നെഹ്രു തന്റെ ലോകചരിത്രാവലോകനത്തിൽ വിശദീകരിക്കുന്നു. സോഷ്യലിസത്തിന്റെ മഹാത്മ്യം ആവേശപൂർവം വിവരിക്കുന്നു.

        എല്ലാ വിപ്ലവങ്ങളെയും അദ്ദേഹം അഭിവാദ്യം ചെയ്യുന്നു. വർഗസമരങ്ങളെ അദ്ദേഹം വിശകലനം ചെയ്യുന്നു. യൂറോപ്പിന്റെ- വിദ്വേഷത്തിന്റെ- മാർക്സിസ്റ്റ് വിരോധത്തിന്റെ കണികയില്ലാതെയാണ് അദ്ദേഹം ലോകചരിത്രം അപഗ്രഥനം ചെയ്യുന്നത്. ഒരു അച്ഛൻ മകൾക്കയച്ച കത്തുകൾ, ഇന്ത്യയെ കണ്ടെത്തൽ തുടങ്ങിയ പ്രശസ്തമായ കൃതികളിലൂടെ നെഹ്രു മഹാനായ ഒരു മാനവിക രാഷ്ട്ര മീമാംസകനായി ഉയരുന്ന അതിശയകരമായ കാഴ്ചയാണ് വായനക്കാരൻ കാണുന്നത്. അലഹബാദിലെ ജയിലിൽ കിടക്കുമ്പോൾ വെളിയിലെ റോഡിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന വിളികേൾക്കുവാൻ ഭിത്തിയോടു ചേർന്ന് ഹൃദയം അമർത്തിനിന്നതും വിപ്ലവം ജയിക്കട്ടെയെന്ന് ഏറ്റുവിളിച്ചതും തന്റെ പുസ്തകത്തിൽ ചേർക്കുന്നു. ആ അദ്ധ്യായത്തിന്റെ പേര് തന്നെ ഇൻക്വിലാബ് സിന്ദാബാദ് എന്നാണ്. ലോകത്തെ മാറ്റിമറിച്ച വിപ്ലവമാണ് റഷ്യൻവിപ്ലവം എന്ന് നെഹ്രു വിലയിരുത്തി. എല്ലാ ഏകാധിപത്യത്തിനും നെഹ്രു എതിരായിരുന്നു.

        അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായിരുന്നു പലപ്പോഴും. പ്രതിരോധമന്ത്രിയായും വിദേശകാര്യമന്ത്രിയായും  മലയാളിയും അമേരിക്കൻ വിരുദ്ധനുമായ  വി.കെ കൃഷ്ണമേനോനെ  മന്ത്രിസഭയിൽ രണ്ടുതവണ ഉൾപ്പെടുത്തുക വഴി ഇന്ത്യയിലെ ആംഗ്ലോ-അമേരിക്കൻ ചേരിയുടെയും  ലോകസാമ്രാജ്യത്വ ശക്തികളുടെയും എതിർപ്പ് നേടിയെടുത്തു.  പക്ഷെ നെഹ്രു കുലുങ്ങിയില്ല.  കൃഷ്ണമേനോൻ വഴിയും നേരിട്ടും നെഹ്രു  ഐക്യരാഷ്ട്രസഭയിൽ ചെയ്തിട്ടുള്ള പ്രസംഗങ്ങൾ ലോകത്ത് അക്കാലത്ത്  സജീവ ചർച്ചാ വിഷയങ്ങളായിരുന്നു.  വിദ്യാലയങ്ങളിലെ ആവേശമായിരുന്ന സോഷ്യലിസ്റ്റ് ചേരിക്കായും പൊതുവിലും  സോവിയറ്റ് യൂണിയനുമായും നെഹ്രു സവിശേഷമായ  ബന്ധങ്ങൾ സ്ഥാപിച്ചു.  റഷ്യ അദ്ദേഹം സന്ദർശിക്കുകയും സ്റ്റാലിൻ യു.എസ്.എസ്.ആറിൽ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതികൾ ഇന്ത്യയിൽ ആവിഷ്കരിക്കുകയും ചെയ്തു. ഹൃദയത്തിൽ എന്നും നെഹ്റു വിപ്ലവകാരിയും സാമ്രാജ്യത്വവിരുദ്ധനും കൊളോണിയൽ വിരുദ്ധനുമായിരുന്നു.

        ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ഈജിപ്ത്, യൂഗോസ്ലാവിയ എന്നീ അഞ്ചു രാജ്യങ്ങളും ചേർന്ന് ചേരി-ചേരാ പ്രസ്ഥാനം രൂപീകരിച്ചു. നെഹ്രു, ടിറ്റോ, നാസർ, സുക്കാർണോ, ചൗ എൻ ലായ് എന്നീ അഞ്ചുപേരാണ് ചേരി- ചേരാ പ്രസ്ഥാനത്തിന് അടിത്തറയിട്ട സ്ഥാപക നേതാക്കൾ. അതിൽ നെഹ്റുവിന്റെ സ്ഥാനം മുൻനിരയിലാണ്. ചേരി- ചേരാ പ്രസ്ഥാനം ലോകത്തെ ഏറ്റവും അധികം രാജ്യങ്ങളുള്ള ലോക പ്രസ്ഥാനമായി. യു.എൻ.ഒയിൽ വോട്ടെടുപ്പിൽ അമേരിക്കയെ പലപ്പോഴും ഒറ്റപ്പെടുത്തുകയും ചെയ്തു. ക്യൂബ, ചൈന, വിയറ്റ്നാം, പാലസ്തീൻ, അംഗോള തുടങ്ങിയ നിരവധി ലോക പ്രശ്നങ്ങളിൽ ഇന്ത്യയും ചേരി-ചേരാ പ്രസ്ഥാനവും സോഷ്യലിസ്റ്റ് ചേരിക്കൊപ്പം അണിനിരന്നു. ഇതിൽ നെഹ്റുവിന്റെ പങ്ക് വളരെ വലുതായിരുന്നു.

        നെഹ്റു ചിലപ്പോഴൊക്കെ ചരിത്രത്തിന്റെ കൈയിലെ കളിപ്പാട്ടമായും പ്രവർത്തിച്ചു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ 1959ൽ പിരിച്ചുവിട്ടു. മഹത്തായ തെലുങ്കാന സമരത്തെ സൈനിക നടപടിയിലൂടെ അടിച്ചമ‌ർത്തുകയും ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകളെ കശാപ്പ് ചെയ്തുകൊണ്ട് പ്രായോഗിക വലതുപക്ഷ രാഷ്ട്രീയത്തിൽ താൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനാകുമെന്നും നെഹ്റു തെളിയിച്ചു.
നെഹ്റുവും പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. രാഷ്ട്രീയത്തിൽ പൊരുതുമ്പോഴും സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നതിൽ നെഹ്റു ബദ്ധശ്രദ്ധനായിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ രക്ഷകനായിരുന്നു അദ്ദേഹം. വർഗീയതയുടെ എതിരാളിയായിരുന്നു, മതേതരത്വത്തിന്റെ ആരാധകനായിരുന്നു. ഹിന്ദു വർഗീയതയെ അദ്ദേഹം തീർത്തും നിരുത്സാഹപ്പെടുത്തി. ഹിന്ദു വർഗീയവാദികൾ ഇന്ത്യയുടെ ശത്രുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന ഹിന്ദുവർഗീയവാദി ഗോഡ്സെ ഇന്ത്യയുടെ ആത്മാവിലാണ് വെടിവച്ചതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ